ഗര്‍ഭനിരോധന ഗുളിക വാങ്ങിയതിന്റെ ഓണ്‍ലൈന്‍ പേമെന്റ് മുടങ്ങി; എനിക്കല്ലെങ്കില്‍ പിന്നെയാര്‍ക്കെന്ന് ഭാര്യ, അവിഹിതവും ഭര്‍ത്താവും പുറത്ത്!

ബെയ്ജിങ്: മൊബൈല്‍ പേയ്മെന്റ് മുടങ്ങിയതോടെ രഹസ്യമായി ഗര്‍ഭനിരോധന ഗുളിക വാങ്ങിയ യുവാവിന്റെ അവിഹിത ബന്ധം പിടികൂടി ഭാര്യ. ഇതേതുടര്‍ന്ന് യുവാവിന്റെ കുടുംബ ജീവിതം തകര്‍ന്നു. ചൈനയിലാണ് സംഭവം. ഗ്വാങ്ഡോങ് പ്രവശ്യയിലെ ഒരു ഫാര്‍മയില്‍ നിന്നാണ് യുവാവ് ഗര്‍ഭനിരോധന ഗുളികകള്‍ വാങ്ങിയത്. സാങ്കേതിക തകരാര്‍ മൂലം അക്കൗണ്ടില്‍ പണമെത്താത്തിനെത്തുടര്‍ന്ന് കടയുടമ തിരികെ നമ്പറില്‍ വിളിച്ചപ്പോള്‍ എടുത്തത് ഗുളിക വാങ്ങിയ യുവാവിന്റെ ഭാര്യയായിരുന്നു.
ഭാര്യ അറിയാതെ ഗര്‍ഭനിരോധന ഗുളികകള്‍ വാങ്ങാന്‍ കടയിലെത്തിയതായിരുന്നു യുവാവ്. ഗുളികകള്‍ വാങ്ങി ഓണ്‍ലൈന്‍വഴി പണമടച്ച് യുവാവ് തിരിച്ചുപോയെങ്കിലും പണം കടയുടമയുടെ അക്കൗണ്ടില്‍ എത്തിയില്ല. 15.8 യുവാന്‍ (ഏകദേശം 200 രൂപ) ആയിരുന്നു അടക്കാനുണ്ടായിരുന്നത്. സാങ്കേതിക തകരാര്‍ കാരണം ഇത് കടക്കാരന്റെ അക്കൗണ്ടില്‍ എത്തിയില്ല. തുടര്‍ന്ന് ഫോണ്‍ നമ്പറിലേക്ക് വിളിക്കുകയായിരുന്നു.
ഗര്‍ഭനിരോധന ഗുളികകള്‍ വാങ്ങിയതിന്റെ പണം അക്കൗണ്ടിലെത്തിയില്ലെന്ന് അറിയിച്ചു. എന്നാല്‍ യുവാവ് വാങ്ങിയ ഗുളിക ഭാര്യക്കുള്ളതായിരുന്നില്ല. ഇതോടെയാണ് ഭര്‍ത്താവിന്റെ അവിഹിതബന്ധം യുവതി അറിഞ്ഞത്. ഈ സംഭവത്തോടെ തന്റെ കുടുംബ ബന്ധം തകര്‍ന്നതായി യുവാവ് പറയുന്നു. ഫാര്‍മസിക്കെതിരെ യുവാവ് രംഗത്തെത്തുകയും ചെയ്തു.






