‘യുവനടി അടുത്ത സുഹൃത്ത്, എന്നെപ്പറ്റിയാണ് പറഞ്ഞതെന്ന് കരുതുന്നില്ല; ചാറ്റിന്റെ ബാക്കി ഭാഗം എന്തുകൊണ്ട് പുറത്തുവിടുന്നില്ല’

പത്തനംതിട്ട: രാജ്യത്തെ നിയമസംവിധാനത്തിനു വിരുദ്ധമായി ഒരു പ്രവര്‍ത്തിയും ചെയ്തിട്ടില്ലെന്നു രാഹുല്‍ മാങ്കൂട്ടത്തില്‍. പ്രതിപക്ഷ നേതാവുമായി എഐസിസി നേതാക്കളുമായി സംസാരിച്ചിരുന്നു. ആരും രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടില്ല. യുവനടി അടുത്ത സുഹൃത്താണ്. അവര്‍ തന്നെപ്പറ്റിയാണ് പറഞ്ഞതെന്ന് കരുതുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദം രാജിവയ്ക്കുന്നുവെന്ന് അറയിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താന്‍ ഈ രാജ്യത്തെ നിയമസംവിധാനത്തിനു വിരുദ്ധമായി ഒരു പ്രവര്‍ത്തിയും ചെയ്തിട്ടില്ല. നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് നിങ്ങള്‍ക്ക് പറയാന്‍ പറ്റുമോ. തനിക്കെതിരെ ഒരു പരാതിയുമില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. തന്റെ പേരില്‍ പുറത്തുവന്ന ഓഡിയോ സംഭാഷണവും രാഹുല്‍ തള്ളി. ഗര്‍ഭഛിദ്രം നടത്താന്‍ നിര്‍ബന്ധിച്ചുവെന്ന് ആരെങ്കിലും പരാതി നല്‍കിയാല്‍ താന്‍ അതിനു മറുപടി പറയാമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
”ഈ സമയത്ത് സര്‍ക്കാരിനെതിരെ ജനവികാരം ശക്തമാണ്. സിപിഎമ്മിനകത്ത് വലിയ അന്തഛിദ്രങ്ങളുണ്ട്. ചര്‍ച്ചകളെ വ്യതിചലിപ്പിക്കുകയാണ്. ഞാന്‍ രാജ്യം വിട്ടു പോയിട്ടില്ല. ഞാന്‍ എന്റെ വീട്ടില്‍ ഇരിക്കുകയാണ്. സിപിഎം വിചരിച്ചാല്‍ എളുപ്പത്തില്‍ പരാതി ചമയ്ക്കാം. ഹണി ഭാസ്‌ക്കര്‍ ഉന്നയിച്ച ആരോപണം തെളിയിക്കാന്‍ അവര്‍ക്ക് സാധിക്കുമോ. ചാറ്റിന്റെ ഒരു ഭാഗം മാത്രമാണ് ഹണി ഭാസ്‌ക്കര്‍ പുറത്തുവിട്ടത്. അതിനു താഴെയുള്ള ഭാഗം അവര്‍ എന്തുക്കൊണ്ടാണ് പുറത്തുവിടാത്തത്. ഹണി ഭാസ്‌ക്കരനെപ്പറ്റി താന്‍ മോശമായി ആരോട് സംസാരിച്ചു എന്നത് അവര്‍ തെളിയിക്കട്ടെ” രാഹുല്‍ പറഞ്ഞു.
”ചാറ്റുകളുടെ ബാക്കി ഭാഗം കൂടി കാണിക്കണം. മറ്റ് സ്ത്രീകളോട് മോശമായി പെരുമാറി എന്നു പറയുന്നതിന്റെ തെളിവ് ഹണി ഭാസ്‌ക്കരന്‍ പുറത്തുവിടട്ടെ. ആരോഗ്യകരമായ സംവാദമാണ് ഹണിയുമായി നടന്നത്. അത് പുറത്തുവിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. സൈബര്‍ ഇടത്തില്‍ ആയിരക്കണക്കിന് ഫെയ്‌സ്ബുക്ക് പോസ്റ്റുകളാണ് ആളുകളില്‍ നിന്നും വരുന്നത്. അതില്‍ പരാതി കൊടുക്കാന്‍ നിന്നാല്‍ എന്റെ പരാതി മാത്രം വാങ്ങാന്‍ ഒരു പൊലീസ് സ്റ്റേഷന്‍ തുടങ്ങേണ്ടി വരും. എന്റെ മുന്നില്‍ പരാതികളൊന്നും വന്നിട്ടില്ലെന്നാണ് വി.ഡി. സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. എനിക്കെതിരെ അദ്ദേഹത്തിന് പരാതി കിട്ടിയിട്ടുണ്ടെന്ന് എന്നോടും പറഞ്ഞിട്ടില്ല” രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.






