Breaking NewsLead NewsNEWSWorld

യുഎസില്‍ നിന്നും കാണാതായ യുവതി ആഫ്രിക്കന്‍ ഗോത്രത്തോടൊപ്പം ‘സ്‌കോട്ടിഷ്’ വനാന്തരത്തില്‍

എഡിന്‍ബര്‍ഗ്: യുഎസില്‍ നിന്നും കാണാതായ ടെക്‌സസ് യുവതിയെ സ്‌കോട്ട്‌ലാന്‍ഡിലെ വനാന്തരത്തില്‍ ആഫ്രിക്കന്‍ ഗോത്രത്തോടൊപ്പം കണ്ടെത്തി. ‘കുബാല കിംഗ്ഡം’ എന്നറിയപ്പെടുന്ന ഈ സംഘം എഡിന്‍ബര്‍ഗില്‍ നിന്ന് ഏകദേശം 65 കിലോമീറ്റര്‍ തെക്ക് ജെഡ്ബര്‍ഗിനടുത്തുള്ള വനപ്രദേശങ്ങളില്‍ ഒരു ക്യാമ്പ് നിര്‍മിച്ചിട്ടുണ്ട്. 400 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹൈലാന്‍ഡ്‌സിലെ തങ്ങളുടെ പൂര്‍വികരില്‍ നിന്ന് മോഷ്ടിച്ച ഭൂമി തിരിച്ചുപിടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ജെഡ്ബര്‍ഗിലെ വനത്തില്‍ തങ്ങള്‍ താമസമാക്കിയതെന്ന് സ്വയംപ്രഖ്യാപിത ഗോത്രം പറയുന്നതായി യുകെ ആസ്ഥാനമായുള്ള വാര്‍ത്താ ഏജന്‍സിയായ എസ്ഡബ്ല്യുഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ടെക്‌സസില്‍ നിന്നുള്ള കൗറ ടെയ്ലറിനെയാണ് കാണാതായത്. ആഫ്രിക്കന്‍ ഗോത്രത്തിനുള്ളില്‍ ഇവരെ ദാസി എന്നര്‍ഥം വരുന്ന ‘അസ്‌നത്ത്’, അല്ലെങ്കില്‍ ‘ലേഡി സഫി’ എന്നാണ് വിളിക്കുന്നത്. ക്യാമ്പില്‍ നിന്നുള്ള ഒരു വീഡിയോ സന്ദേശത്തില്‍, തന്നെ കാണാതായിട്ടില്ലെന്ന് അവര്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. ‘എന്നെ വെറുതെ വിടൂ. ഞാന്‍ ഒരു മുതിര്‍ന്ന ആളാണ്, നിസ്സഹായായ കുട്ടിയല്ല.’ അവര്‍ യുകെ അധികൃതരോട് വ്യക്തമാക്കി. എപ്പോഴാണ് എവിടെ വച്ചാണ് ടെയ്‌ലറിനെ കാണാതായതെന്നോ കുടുംബത്തിന് ഇതേക്കുറിച്ചോ അറിവുണ്ടായിരുന്നുവെന്നോ വ്യക്തമല്ല.

Signature-ad

കോഫി ഓഫെ എന്നറിയപ്പെട്ടിരുന്ന മുന്‍ ഓപ്പറ ഗായകനായ 36 കാരനായ അതെഹെന്‍ ആണ് സംഘത്തിന്റെ നേതാവ്. ഇദ്ദേഹത്തിന്റെ ഭാര്യ നന്ദിയാണ് രാജ്ഞി. പ്രാദേശിക നിയമങ്ങള്‍ അംഗീകരിക്കുന്നില്ലെന്നും പകരം അവരുടെ ദൈവമായ യാഹോവയുടെ നിയമങ്ങള്‍ പാലിക്കുന്നുവെന്നും സംഘം പറയുന്നു. ദാവീദ് രാജാവിന്റെ പിന്‍ഗാമികളായ ഹെബ്രായരുടെ ഗോത്രമാണെന്ന് അവര്‍ അവകാശപ്പെടുകയും എലിസബത്ത് രാജ്ഞിയുടെ ഭരണകാലത്ത് അവരുടെ പൂര്‍വികരെ പുറത്താക്കിയതായും ഇവര്‍ വ്യക്തമാക്കുന്നു. ഗോത്രത്തിലെ അംഗങ്ങള്‍ അവരുടെ ജീവിതശൈലിയെ ലാളിത്യത്തിന്റെയും ആത്മീയ ബന്ധത്തിന്റെയും ജീവിതശൈലിയായി വിശേഷിപ്പിക്കുന്നു. ടെന്റുകളിലാണ് ഇവര്‍ താമസിക്കുന്നത്. അരുവിയില്‍ കുളിക്കുന്നു. പൂര്‍ണമായും പ്രകൃതിയെ ആശ്രയിച്ചുകൊണ്ട് ഇവരുടെ ജീവിതം.

‘ഞങ്ങള്‍ പ്രകൃതിയുമായി ബന്ധപ്പെടുന്നു. ചുറ്റുമുള്ള മരങ്ങളുമായി ബന്ധപ്പെടുന്നു. എല്ലാ ദിവസവും രാവിലെ നമ്മള്‍ ഉണരുന്നു. നീരുറവയില്‍ കുളിക്കുന്നു. ഭക്ഷണത്തിനും പാര്‍പ്പിടത്തിനും വസ്ത്രത്തിനും വേണ്ടി സ്രഷ്ടാവിനെ ദിവസവും ആശ്രയിച്ചുകൊണ്ട് ലളിതമായ ജീവിതം നയിക്കുന്നു. മതിലുകളില്ലാത്ത ഒരു കൂടാരത്തിലാണ് ഞങ്ങള്‍ താമസിക്കുന്നത്, പക്ഷേ ആരെയും ഞങ്ങള്‍ ഭയപ്പെടുന്നില്ല, കാരണം സ്രഷ്ടാവായ യാഹോവയുടെ സംരക്ഷണം നമുക്കുണ്ട്.’ രാജാവായ അതെഹെന്‍ പറയുന്നു.

തങ്ങള്‍ക്ക് അധികാരികള്‍ കുടിയൊഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയിരുന്നുവെന്നും അവരുടെ ഒരു കൂടാരത്തിന് തീയിട്ട സംഭവം ഉള്‍പ്പെടെയുള്ള ശത്രുതകള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും സംഘം പറയുന്നു. എന്നാല്‍ തങ്ങള്‍ പിന്നോട്ടില്ലെന്നാണ് ഇവരുടെ നിലപാട്.

 

Back to top button
error: