Breaking NewsKeralaLead NewsNEWS

ഹൂ കെയേഴ്‌സ്? ആദ്യം വീണത് ചാക്കോ; മന്ത്രിമാര്‍ മുതല്‍… കേരള രാഷ്ട്രീയത്തെ ഇളക്കിമറിച്ച പീഡന വിവാദങ്ങള്‍

കേരള രാഷ്ട്രീയത്തില്‍ സ്ത്രീകളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സദാചാര, പീഡന ആരോപണങ്ങളില്‍ വിധേയരായ രാഷ്ട്രീയ നേതാക്കളുടെ എണ്ണം കുറവല്ല. കഴിഞ്ഞ 70 വര്‍ഷത്തിനുള്ളില്‍ നിരവധി ആരോപണങ്ങള്‍ വിവിധ നേതാക്കള്‍ക്കെതിരെ ഉയര്‍ന്നിരുന്നു. കുറച്ചു നാളുകളായി കേരളത്തിലെ ഒരു യുവ എം എല്‍ എയുമായി ബന്ധപ്പെട്ട് ചില ആരോപണങ്ങള്‍ വ്യക്തതയില്ലാതെ ഉയര്‍ന്നിരുന്നു. ആരും ഇക്കാര്യത്തില്‍ പരസ്യമായി ഒന്നും പറഞ്ഞില്ലെങ്കിലും സൂചനകളുടെ അടിസ്ഥാനത്തില്‍ ഹൂ കെയേഴ്‌സ് എന്ന മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഇതിനോട് പ്രതികരിച്ചു.

ഇത് കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞു, മാധ്യമ പ്രവര്‍ത്തകയായിരുന്ന നടി ഹൂ കെയേഴ്‌സ് എന്ന പ്രയോഗവുമായി ബന്ധപ്പെട്ട് തന്നോട് യുവനേതാവ് സ്വീകരിച്ച മോശം സമീപനത്തെ കുറിച്ച് ആദ്യം സോഷ്യല്‍ മീഡിയയിലൂടെയും പിന്നീട് മാധ്യമങ്ങള്‍ക്ക് മുന്നിലും വെളിപ്പെടുത്തി. അതിന് ശേഷം പ്രവാസി മലയാളിയും സോഷ്യല്‍ മീഡിയയിലൂടെ രാഹുല്‍മാങ്കൂട്ടത്തിന്റെ പേര് വെളിപ്പെടുത്തി മോശം പെരുമാറ്റത്തെ കുറിച്ച് ആരോപണം ഉന്നയിച്ചു.

Signature-ad

കേരള രാഷ്ട്രീയത്തില്‍ സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട് ആദ്യത്തെ ആരോപണം ഉയര്‍ന്നത്, കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്ന പി ടി ചാക്കോയ്‌ക്കെതിരെ ആയിരുന്നു. 1963 ലാണ് ആ സംഭവം ഉണ്ടായത്. 1963 ഡിസംബര്‍ എട്ടിന് പീച്ചിക്ക് പോവുകയായിരുന്ന ചാക്കോയുടെ ഔദ്യോഗിക കാര്‍ തൃശൂര്‍-വാണിയമ്പാറ റോഡില്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്നുണ്ടായ വിവാദമാണ് നിയമസഭയിലും ചര്‍ച്ചയായത്. മന്ത്രിയോടിച്ച കാര്‍ ഒരു ഉന്തുവണ്ടിയില്‍ തട്ടി മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ചാക്കോ കാര്‍ നിര്‍ത്താതെ ഓടിച്ച് പോയി. വാഹനത്തില്‍ ചാക്കോയുടെ കൂടെയുണ്ടായിരുന്നത് നെറ്റിയില്‍ പൊട്ടു തൊട്ടൊരു സ്ത്രീയായിരുന്നുവെന്നും, അത് അദ്ദേഹത്തിന്റെ ഭാര്യയല്ലെന്നുമുള്ള വാര്‍ത്ത സംസ്ഥാന രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ചു.

കൊച്ചിയിലുള്ളൊരു കോണ്‍ഗ്രസ് പ്രവര്‍ത്തക പദ്മം എസ്. മേനോനാണ് തന്റെ കാറില്‍ ഉണ്ടായിരുന്നതെന്നാണ് ചാക്കോ അവകാശപ്പെട്ടത്. പദ്മവും പത്രക്കാരോട് അങ്ങനെ തന്നെയാണ് അന്ന് പറഞ്ഞത്. പില്‍കാലത്ത് താനല്ല ആ വണ്ടിയില്‍ ഉണ്ടായിരുന്നതെന്നും മറ്റൊരു സ്ത്രീയായിരുന്നുവെന്നും പദ്മം വെളിപ്പെടുത്തി.എന്തായാലും സംഭവം കാരണം ചാക്കോയ്ക്ക് ആഭ്യന്തര മന്ത്രി സ്ഥാനം നഷ്ടമായി. മുഖ്യമന്ത്രി ആര്‍ ശങ്കറിന്റെ നിര്‍ദേശ പ്രകാരം 1964 ഫെബ്രുവരി 20 ന് ചാക്കോ രാജി വച്ചു. ശേഷം അഭിഭാഷക വൃത്തിയിലേക്ക് മടങ്ങിയ ചാക്കോ കോഴിക്കോട് വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് 1964 ജൂലൈ 31 ന് 49ാം വയസില്‍ അന്തരിച്ചു. പിന്നീട് അദ്ദേഹത്തിന്റെ ഓര്‍മ്മകളില്‍ നിന്ന് കേരളാ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി രൂപീകരിക്കപ്പെട്ടു.

ഇതിന് ശേഷം കേരള രാഷ്ട്രീയത്തില്‍ 1990 കളുടെ ആദ്യപകുതി വരെ ഇത്തരം സംഭവവികാസങ്ങളൊന്നുമു ണ്ടാകാതെ കടന്നുപോയി. എന്നാല്‍, കേരളത്തെ ഞെട്ടിച്ച സൂര്യനെല്ലി കേസ് പുറത്തുവന്നതോടെ വീണ്ടുമൊരു ശക്തനായ കോണ്‍ഗ്രസ് നേതാവ് പ്രതിസ്ഥാനത്ത് വന്നു. ക്രൂരമായി പീഡിപ്പിക്കപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥിനി തന്നെ പീഡിപ്പിച്ച കൂട്ടത്തില്‍ ബാജി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ആളിനെ ഒരു പ്രസിദ്ധീകരണത്തിലെ പടം കണ്ട് തിരിച്ചറിഞ്ഞു. അന്ന് ആരോപണ വിധേയനായ കോണ്‍ഗ്രസ് നേതാവ് എം പിയും കേന്ദ്രമന്ത്രിയുമൊക്കെയായ പി ജെ കുര്യനായിരുന്നു. പൊലീസ് അന്വേഷണത്തില്‍ കുര്യനെ ഒഴിവാക്കി.

ഇതിന് തൊട്ടുപിന്നാലെ കേരളത്തെ ഇളക്കിമറിച്ച് ഐസ്‌ക്രീം പെണ്‍വാണിഭ കേസ് ഉയര്‍ന്നു വന്നത്. അതില്‍ പ്രതിസ്ഥാനത്ത് മുസ്ലിം ലീഗ് നേതാവായ പി കെ കുഞ്ഞാലിക്കുട്ടിയായിരുന്നു. ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്താണ് അതിന് മുമ്പ് നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട കേസ് ഉയര്‍ന്നുവന്നതെങ്കിലും അത് കെട്ടടങ്ങി. പിന്നെ 2000ലെ ആന്റണി സര്‍ക്കാരിന്റെ കാലത്ത് ഐസ്‌ക്രീം കേസില്‍ ഇരയായ പെണ്‍കുട്ടികളിലൊരാള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംഭവം വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് വിഷയം വീണ്ടും കത്തിപ്പടര്‍ന്നു. ശക്തമായ പ്രക്ഷോഭത്തെ തുടര്‍ന്ന് കുഞ്ഞാലിക്കുട്ടിക്ക് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നു. പിന്നീട് നടന്ന പൊതുതെരഞ്ഞെടുപ്പില്‍ അദ്ദേഹം കെ ടി ജലീലിനോട് തോല്‍വിയടയുകയും ചെയ്തു.

മൂന്നാം ഇ കെ നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് ഇടതുപക്ഷത്തിനെതിരെ സ്ത്രീപീഡനാരോപണം ഉയര്‍ന്നത്. മന്ത്രിയായിരുന്ന് ഡോ. എ നീലലോഹിതദാസന്‍ നാടാര്‍ക്കെതിരെ ഐഎഎസ് ഉദ്യോഗസ്ഥയും ഐ എഫ് എസ് ഉദ്യോഗസ്ഥയുമാണ് പരാതി പറഞ്ഞത്. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ അദ്ദേഹം മന്ത്രി സ്ഥാനം രാജിവെച്ചു. പിന്നീട് കോടതി ഈ കേസുകളില്‍ അദ്ദേഹത്തെ ശിക്ഷിച്ചു.

ഉമ്മന്‍ചാണ്ടിക്കെതിരെ രണ്ട് തവണ സദാചാര ആരോപണങ്ങള്‍ ഉയര്‍ന്നു. ഒരു സ്ത്രീയുമായി അദ്ദേഹം ട്രെയിനില്‍ യാത്ര ചെയ്തു എന്നായിരുന്നു ആദ്യ ആരോപണം. എന്നാല്‍ അത് താനായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഭാര്യ വെളിപ്പെടുത്തിയതോടെ അത് അവസാനിച്ചു. സോളാര്‍ വിവാദകാലത്ത് നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായാണ് ആരോപണം ഉയര്‍ന്നത്. ഉമ്മന്‍ചാണ്ടി, കെസി വേണു?ഗോപാല്‍, ഹൈബി ഈഡന്‍, എപി അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, സിപിഎം വിട്ട് കോണ്‍ഗ്രസിലും പിന്നീട് ബിജെപിയിലും പോയ എപി അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരയാണ് സോളാര്‍ കേസിലെ പ്രതി ആരോപണം ഉന്നയിച്ചത്. ഇതില്‍ നടന്ന അന്വേഷണത്തിനൊടുവില്‍ എല്ലാവരെയും കുറ്റവിമുക്തരാക്കി.

വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ ഭരിക്കുന്ന കാലത്ത് ആരോപണവിധേയനായത് മന്ത്രിയായിരുന്ന പിജെ ജോസഫാണ്. വിമാനത്തില്‍ വച്ച് നടന്ന സംഭവത്തില്‍ അദ്ദേഹത്തിന് മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നു. പിന്നീട് കുറ്റവിമുക്തനായി. മഞ്ചേരിയില്‍ വച്ച് ഒരു സ്ത്രീക്കൊപ്പം വീട്ടിലുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താനെയും അനാശാസ്യം ആരോപിച്ച് കേസെടുത്തു. പിന്നീട് കോടതി കേസ് റദ്ദാക്കി.

പിണറായി വിജയന്‍ ഒന്നാം സര്‍ക്കാരിന്റെ കാലത്ത് ഒരു ചാനല്‍ ഒരുക്കിയ ഫോണ്‍കെണിയില്‍പ്പെട്ട് മന്ത്രി എകെ ശശീന്ദ്രന് മന്ത്രി സ്ഥാനം രാജിവെക്കേണ്ടിവന്നു. പിന്നീട് അദ്ദേഹം കുറ്റവിമുക്തനായി തിരിച്ചെത്തി. ഷൊര്‍ണ്ണൂരില്‍ നിന്നുള്ള സിപിഎം എല്‍ എ എയായിരുുന്ന പി കെ ശശിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ആരോപണം ഉയര്‍ന്നിരുന്നു. പിന്നീട് പാര്‍ട്ടി തലത്തില്‍ ശശിക്കെതിരെ നടപടി വന്നു. എല്ലാ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കി.

ഇതുപോലെ തന്നെ നിലവില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ പി.ശശിക്കെതിരെയും എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന ഗോപി കോട്ടമുറിക്കലിനെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിലും ഇരുവര്‍ക്കുമെതിരെ പാര്‍ട്ടി നടപടികള്‍ ഉണ്ടായി. സ്വര്‍ണ്ണക്കടത്ത് വിവാദത്തില്‍ പ്രതിയായ സ്വപ്ന സുരേഷ് അന്ന് സ്പീക്കറായിരുന്ന പി.ശ്രീരാമകൃഷ്ണനെതിരെ ആരോപണം ഉന്നയിച്ചു. ഇതിനെതിരെ നടപടി സ്വീകരിക്കുമെന്ന് ശ്രീരാമകൃഷ്ണന്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

നിലവില്‍ ‘ഹൂ കെയേഴ്‌സ്’ വിവാദം കത്തിപ്പടരുമ്പോള്‍ കോണ്‍ഗ്രസിലെ രണ്ട് എംഎല്‍എമാര്‍ സ്ത്രീപീഡനകേസില്‍ പ്രതികളാണ് കോവളം എംഎല്‍എ ആയ എം വിന്‍സെന്റ് ആണ് ഒരാള്‍. ഈ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലില്‍ കിടക്കുകയും ചെയ്തു. പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിയാണ് രണ്ടാമത്തെ നേതാവ്. അദ്ദേഹവും ജാമ്യത്തിലാണ്.

ഇതിനൊടുവിലാണ് പേര് പറയാതെ ആരോപണവിധേയനായ ഹൂ കെയേഴ്‌സ് ഉയര്‍ന്നുവന്നത്. വിവാദങ്ങളുടെ ഒടുവില്‍ പാലക്കാട് എം എല്‍ എയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ രാഹുല്‍മാങ്കൂട്ടത്തില്‍ രാജിവച്ചു.

 

Back to top button
error: