ഭക്ഷണം വലിച്ചെറിഞ്ഞാല്‍ ‘ഒന്നര ലക്ഷം’ പിഴ; നിയമം കര്‍ശനമാക്കാന്‍ ഒരുങ്ങി കുവൈത്ത്

കുവൈത്ത് സിറ്റി: പൊതു സ്ഥലങ്ങളില്‍ ഭക്ഷണം വലിച്ചെറിഞ്ഞാല്‍ പിഴ അടയ്ക്കേണ്ടി വരുമെന്ന് ഓര്‍മ്മപ്പെടുത്തി കുവൈത്ത് പരിസ്ഥിതി മന്ത്രാലയം. 500 കുവൈത്തി ദിനാര്‍ (1,42,616 ഇന്ത്യന്‍ രൂപ) വരെ പിഴയാണ് കുറ്റക്കാര്‍ക്കെതിരെ ചുമത്തുക. പൊതു നിരത്തുകളില്‍ പക്ഷികള്‍ക്കും പൂച്ചകള്‍ക്കും ഭക്ഷണമെറിഞ്ഞു കൊടുക്കുന്നതും കുറ്റകരമാണെന്നും പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.
പരിസ്ഥിതി സംരക്ഷണ നിയമത്തിലെ വിവിധ വകുപ്പുകള്‍ കൂടി ചേര്‍ത്താണ് ഇത്രയും വലിയ തുക പിഴയായി ഈടാക്കുക. സമീപ ദിവസങ്ങളില്‍ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കുമായി ഭക്ഷണം വലിച്ചെറിഞ്ഞു നല്‍കുന്നത് പതിവ് കാഴ്ചയായി മാറിയിട്ടുണ്ട്. ജനങ്ങള്‍ ഇതില്‍ നിന്ന് പിന്മാറണം. ഭക്ഷണം വലിച്ചെറിയുന്നത് വഴി പൊതു നിരത്തുകള്‍ വൃത്തിയില്ലാതെ ആകുകയും അത് വഴി വിവിധ രോഗങ്ങള്‍ പടരുകയും ചെയ്യും.
ഭക്ഷണ അവശിഷ്ടങ്ങള്‍ നിക്ഷേപിക്കാനായി മാലിന്യപെട്ടികളില്‍ എല്ലായിടങ്ങളിലും സജ്ജീകരിച്ചിട്ടുണ്ട്. അവയില്‍ മാത്രമേ നിക്ഷേപിക്കാന്‍ പാടുള്ളു. അല്ലാതെ വലിച്ചെറിയുന്നത് നിയമ ലംഘനമാണ്. രാജ്യത്തെ പൗരന്മാരും പ്രവാസികളും പൊതുശുചിത്വം പാലിക്കാന്‍ തയ്യാറാകണമെന്നും പരിസ്ഥിതി മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.






