ജഡ്ജിമാരെ കാണണം; കോടതിയില്‍ അതിക്രമിച്ചു കയറാന്‍ ശ്രമം: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ഥിനിയുടെ അമ്മ അറസ്റ്റില്‍

കൊച്ചി: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ഥിനിയുടെ മാതാവിനെ ഹൈക്കോടതിയിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ചെന്ന കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയ്ക്കു 12നാണു മകളുടെ കേസുമായി ബന്ധപ്പെട്ടു ജഡ്ജിമാരെ നേരില്‍ കണ്ടു സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ ഹൈക്കോടതി കവാടത്തിലെത്തിയത്.
ബഹളമുണ്ടാക്കിയതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. വനിതാ പൊലീസെത്തി സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടു പോവുകയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തു.
2016 ഏപ്രില്‍ 28 ന് രാത്രി ഏട്ട് മണിയോടെയാണ് പെരുമ്പാവൂരിലെ വീടിനുള്ളില്‍ നിയമവിദ്യാര്‍ഥിനിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. കൂലിപ്പണിക്ക് പോയ അമ്മ തിരികെ എത്തിയപ്പോഴായിരുന്നു കണ്ടെത്തുന്നത്. ദേഹത്ത് ചുരിദാറിന്റെ ടോപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളു. കൊലപാതകിയെ കണ്ടെത്താന്‍ പോലീസിന് ദീര്‍ഘനാളത്തെ അന്വേഷണം നടത്തേണ്ടിവന്നു.
അന്യസംസ്ഥാന തൊഴിലാളിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവില്‍ ജൂണ്‍ 14 ന് അസം സ്വദേശി അമീറുള്‍ ഇസ് ലാമിനെ കേരള – തമിഴ്‌നാട് അതിര്‍ത്തിയില്‍നിന്ന് പോലീസ് പിടികൂടി. രക്തക്കറയുടെയും ഉമിനീരിന്റെയും ഡി.എന്‍.എ. പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി അമീറുള്‍ ഇസ്ലാമാണെന്ന് പോലീസ് കണ്ടെത്തിയത്. കേസില്‍ കോടതി ഇയാള്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു.






