Breaking NewsLead NewsNEWSWorld

പോയി പണി നോക്ക് ആശാനെ! ഡൊണെറ്റ്‌സ്‌ക് വിട്ടുകൊടുക്കണമെന്ന പുട്ടിന്റെ ആവശ്യം അറിയിച്ച് ട്രംപ്; നിരസിച്ച് സെലെന്‍സ്‌കി

വാഷിങ്ടന്‍: ഡൊണെറ്റ്‌സ്‌ക് വിട്ടുകൊടുക്കണമെന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്റെ ആവശ്യം യുക്രെയ്നെ അറിയിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്നാല്‍ പുട്ടിന്റെ ആവശ്യം യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി നിരസിച്ചെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ യുക്രെയ്ന്‍ കരാറിന് തയാറാകണമെന്നും റഷ്യ ഒരു വലിയ ശക്തിയാണ്, യുക്രെയ്ന്‍ അങ്ങനെയല്ലെന്നും ട്രംപ് ആവശ്യപ്പെട്ടു.

യുക്രെയ്ന്റെ കൂടുതല്‍ പ്രദേശം വിട്ടുനല്‍കണമെന്ന് അലാസ്‌ക ഉച്ചകോടിയില്‍ ട്രംപിനോട് പുട്ടിന്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഡൊണെറ്റ്‌സ്‌ക് പ്രവിശ്യയുടെ ഭൂരിഭാഗം പ്രദേശം ഉള്‍പ്പെടെ യുക്രെയ്ന്റെ അഞ്ചില്‍ ഒന്ന് പ്രദേശവും ഇപ്പോള്‍ റഷ്യയുടെ നിയന്ത്രണത്തിലാണ്. ഡൊണെറ്റ്‌സ്‌കില്‍ 2014 ലാണ് റഷ്യ പ്രവേശിച്ചത്. മോസ്‌കോയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായ വ്യാവസായിക മേഖലയായ ഡൊണെറ്റ്‌സ്‌ക് റഷ്യയ്ക്ക് വിട്ടുനല്‍കാന്‍ തയാറായാല്‍ മറ്റു പ്രദേശങ്ങളിലെ മുന്നേറ്റം മരവിപ്പിക്കാന്‍ തയാറാണെന്ന് പുട്ടിന്‍ നിലപാട് സ്വീകരിച്ചതായാണ് സൂചന.

Back to top button
error: