കല്യാണം ആലോചിച്ചപ്പോള്‍ മതംമാറാന്‍ സമ്മതിച്ചു; അനാശാസ്യത്തിന് ലോഡ്ജില്‍നിന്ന് പിടിച്ചതോടെ മതംമാറില്ലെന്ന് പറഞ്ഞു; പൊന്നാനിക്ക് പോകാനല്ലാതെ മുറിയില്‍നിന്ന് പുറത്തിറക്കില്ലെന്ന് ഭീഷണി, മര്‍ദനം

എറണാകുളം: ടിടിഐ വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ ആണ്‍സുഹൃത്തിനെതിരേ ഗുരുതര ആരോപണങ്ങളുമായി വിദ്യാര്‍ഥിനിയുടെ സഹോദരന്‍. കോതമംഗലം കറുകടം ഞാഞ്ഞൂള്‍മല നഗറില്‍ കടിഞ്ഞുമ്മേല്‍ പരേതനായ എല്‍ദോസിന്റെ മകള്‍ സോനാ എല്‍ദോസിന്റെ (21) മരണത്തിലാണ് ആണ്‍സുഹൃത്തായ റമീസിനെതിരേ പരാതിയുയര്‍ന്നിരിക്കുന്നത്. സോനയെ വിവാഹംകഴിക്കണമെങ്കില്‍ അവള്‍ മതംമാറണമെന്ന് റമീസും കുടുംബവും നിര്‍ബന്ധിച്ചിരുന്നതായും ഇക്കാര്യം സോനയുടെ കുറിപ്പിലുണ്ടെന്നും സഹോദരന്‍ ബേസില്‍ പറഞ്ഞു.
”അവര്‍ വീട്ടില്‍വന്ന് കല്യാണം ആലോചിച്ചപ്പോള്‍ മതംമാറാന്‍ സമ്മതിച്ചിരുന്നു. പിന്നീട് റമീസിനെ ലോഡ്ജില്‍നിന്ന് അനാശാസ്യത്തിന് പിടിച്ചു. അത് അവര്‍ മറച്ചുവെച്ചു. എന്നാല്‍, ഇക്കാര്യം സോന പിന്നീട് അറിഞ്ഞു. ഇതോടെ മതംമാറില്ലെന്ന് സോന നിലപാടെടുത്തു. അത് അവരെ പ്രകോപിപ്പിച്ചിരിക്കാം. പക്ഷേ, അവര്‍ക്ക് മതംമാറിയേ പറ്റൂ. പൊന്നാനിയില്‍പോയി രണ്ടുമാസം നില്‍ക്കണമെന്നെല്ലാം പറഞ്ഞു. മതംമാറിയില്ലെങ്കില്‍ അവനെ പള്ളിയില്‍നിന്ന് പുറത്താക്കുമെന്നെല്ലാമാണ് അവളോട് പറഞ്ഞത്. പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാമെന്ന് പറഞ്ഞു. കൂട്ടുകാരിയുടെ വീട്ടില്‍പോകുന്നെന്ന് പറഞ്ഞാണ് സോന വീട്ടില്‍നിന്ന് പോയത്. അവിടെനിന്ന് റമീസ് കൂട്ടിക്കൊണ്ടുപോയി. എന്നാല്‍, ആലുവയിലെ വീട്ടില്‍കൊണ്ടുപോയി പൂട്ടിയിടുകയായിരുന്നു. റമീസും ബന്ധുക്കളും അവന്റെ കൂട്ടുകാരും അവളെ ഉപദ്രവിച്ചു, മര്‍ദിച്ചു. അവളുടെ ശരീരത്തിലെ മര്‍ദനമേറ്റ പാട് കൂട്ടുകാരി പിറ്റേദിവസം കണ്ടിരുന്നു. സോനയുടെ സംസ്‌കാരചടങ്ങ് കഴിഞ്ഞശേഷം ആ കൂട്ടുകാരി എന്നെ മാറ്റിനിര്‍ത്തി പറഞ്ഞപ്പോഴാണ് ഈ സംഭവങ്ങളെല്ലാം ഞാനറിയുന്നത്”, ബേസില്‍ പറഞ്ഞു.
ആലുവയിലെ രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം നടത്തിയെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് റമീസ് സോനയെ കൂട്ടിക്കൊണ്ടുപോയതെന്നാണ് സഹോദരന്‍ പറഞ്ഞു. ലോഡ്ജില്‍നിന്ന് റമീസിനെ പിടിച്ചപ്പോളാണ് മതംമാറില്ലെന്ന് സോന ഉറച്ചനിലപാട് സ്വീകരിച്ചതെന്നും സഹോദരന്‍ പ്രതികരിച്ചു.
”പൊന്നാനിയില്‍നിന്ന് വണ്ടി കാത്തുനില്‍ക്കുന്നു. അതില്‍കയറാനല്ലാതെ മുറിയില്‍നിന്ന് പുറത്തിറക്കില്ലെന്നാണ് അവളോട് പറഞ്ഞത്. പൂട്ടിയിട്ടപ്പോള്‍ അവള്‍ കൂട്ടുകാരിയെ വിളിച്ചിരുന്നു. അത് അവര്‍ കേട്ടു. അങ്ങനെയാണ് വീട്ടില്‍ തിരികെ കൊണ്ടാക്കിയത്. ഞാന്‍ കരുതിയത് കൂട്ടുകാരിയുടെ വീട്ടില്‍നിന്ന് വന്നതാണെന്നാണ്. രജിസ്റ്റര്‍ചെയ്യാന്‍ പോകുന്നത് അമ്മയോട് പറഞ്ഞിരുന്നു. അമ്മ എന്റെ അടുത്ത് പറഞ്ഞില്ല. നീ പോയി മരിക്കൂ എന്നാണ് അവസാനം അവന്‍ സന്ദേശം അയച്ചത്”, ബേസില്‍ പറഞ്ഞു.






