ടിടിഐ വിദ്യാര്‍ഥിനിയുടെ മരണം: കാമുകന്‍ റമീസ് അറസ്റ്റില്‍, കുടുംബാംഗങ്ങളെയും പ്രതിചേര്‍ത്തേക്കും

എറണാകുളം: കോതമംഗലത്തെ ടിടിഐ വിദ്യാര്‍ഥിനി സോന എല്‍ദോസിന്റെ ആത്മഹത്യയില്‍ ആണ്‍സുഹൃത്തായ റമീസ് അറസ്റ്റില്‍. തിങ്കളാഴ്ച ഉച്ചയോടെയാണ് റമീസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആത്മഹത്യാ പ്രേരണ, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് റമീസിനെതിരേ ചുമത്തിയിരിക്കുന്നത്. ഇയാളുടെ കുടുംബാംഗങ്ങളെയും കേസില്‍ പ്രതിചേര്‍ത്തേക്കും.
വിദ്യാര്‍ഥിനിയുടെ മരണത്തില്‍ റമീസിനെതിരേ വ്യക്തമായ തെളിവുകള്‍ ലഭിച്ചതോടെയാണ് പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സോനയെ റമീസ് മര്‍ദിച്ചതിന്റെ തെളിവുകളും പോലീസ് കണ്ടെടുത്തു. ഇരുവരും തമ്മിലുള്ള വാട്സാപ്പ് ചാറ്റില്‍നിന്നാണ് ഈ തെളിവുകള്‍ ലഭിച്ചത്. ആത്മഹത്യചെയ്യുമെന്ന് സോന പറഞ്ഞപ്പോള്‍, ആത്മഹത്യചെയ്തോളാന്‍ റമീസ് പറഞ്ഞതിന്റെ തെളിവുകളും വാട്സാപ്പ് ചാറ്റുകളില്‍നിന്ന് ലഭിച്ചിട്ടുണ്ട്.
മൂവാറ്റുപുഴ ഗവ. ടിടിഐയിലെ വിദ്യാര്‍ഥിയായിരുന്നു കോതമംഗലം കറുകടം ഞാഞ്ഞൂള്‍മല കടിഞ്ഞുമ്മല്‍ പരേതനായ എല്‍ദോസിന്റെ മകളുമായ സോന. പുറത്തുപോയിരുന്ന അമ്മ ബിന്ദു ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നിനു വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ സോനയെ കണ്ടത്. ഇതിനുപിന്നാലെയാണ് സോനയുടെ ആത്മഹത്യാക്കുറിപ്പ് വീട്ടില്‍നിന്ന് കണ്ടെടുത്തത്.
ആണ്‍സുഹൃത്തായ റമീസും ഇയാളുടെ കുടുംബവും മതംമാറാന്‍ നിര്‍ബന്ധിച്ചും വീട്ടില്‍ പൂട്ടിയിട്ട് ഉപദ്രവിച്ചെന്നും ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് കുറിപ്പിലുള്ളത്. വിവാഹംകഴിക്കണമെങ്കില്‍ മതംമാറണമെന്നായിരുന്നു റമീസിന്റെയും കുടുംബത്തിന്റെയും നിര്‍ബന്ധം. ഇതിനിടെ രജിസ്റ്റര്‍വിവാഹം നടത്താമെന്ന് പറഞ്ഞ് റമീസ് കൂട്ടിക്കൊണ്ടുപോയി. എന്നാല്‍, വീട്ടില്‍ പൂട്ടിയിട്ട് ഉപദ്രവിക്കുകയാണുണ്ടായതെന്നും ഇങ്ങനെ ചതിക്കപ്പെട്ട് ജീവിക്കാനാകില്ലെന്നും സോനയുടെ കുറിപ്പില്‍ പറയുന്നു. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ചേലാട് ബസാനിയ പള്ളിയില്‍ സംസ്‌കാരം നടത്തി.






