ബന്ധുവായ കാമുകിക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയം; ചോദ്യംചെയ്തതിനു പിന്നാലെ അര്‍ധരാത്രി വീട്ടിലേക്ക് വിളിച്ചുവരുത്തി; വിഷം ഉള്ളില്‍ ചെന്നെന്ന് തിരിച്ചറിഞ്ഞത് പുലര്‍ച്ചെ; ‘അവളെന്നെ ചതിച്ചു’ എന്ന മരണമൊഴിക്കു പിന്നാലെ പോലീസ്

എറണാകുളം: കോതമംഗലത്ത് യുവാവ് വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച സംഭവത്തില്‍ ബന്ധുവായ കാമുകി കുറ്റം സമ്മതിച്ചതായി സൂചന. മാതിരപ്പള്ളി മേലേത്തുമാലില്‍ അലിയാരുടെ മകന്‍ അന്‍സില്‍ (38) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴായിരുന്നു മരണം. കാമുകി വിഷം നല്‍കിയെന്ന് അന്‍സില്‍ ബന്ധുക്കളോട് പറഞ്ഞിരുന്നു.
അന്‍സിലിന്റെ ബന്ധുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മുപ്പതുകാരിയായ യുവതി ഇപ്പോള്‍ കോതമംഗലം പോലീസിന്റെ കസ്റ്റഡിയിലാണ്. അന്‍സിലിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് കാമുകിയെ പോലീസ് വിളിച്ചുവരുത്തി ചോദ്യംചെയ്തത്. യുവതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു.
‘അവളെന്നെ ചതിച്ചു’ മരിക്കുന്നതിനു മുന്‍പ് യുവാവ് ബന്ധുവിനോട് പറഞ്ഞ വാക്കുകള്‍ സത്യമാണോ എന്ന് തിരിച്ചറിയാനുള്ള അന്വേഷണത്തിലാണ് കോതമംഗലം പൊലീസ്. മലിപ്പാറയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന പെണ്‍സുഹൃത്തിന്റെ വീടിനു സമീപം വ്യാഴാഴ്ച പുലര്‍ച്ചെയാണ് അന്‍സലിനെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയത്. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
ചേലാട് സ്വദേശിയായ യുവതിക്ക് മറ്റൊരു ബന്ധമുണ്ടെന്ന് അന്‍സല്‍ സംശയിച്ചു. 29ന് യുവതിയുടെ വീട്ടിലെത്തി അന്‍സല്‍ ബഹളമുണ്ടാക്കി. 30ന് പുലര്‍ച്ചെയാണ് തനിക്ക് ശാരീരിക ബുദ്ധിമുട്ടുണ്ടെന്ന് ബന്ധുവിനെ വിളിച്ചു പറഞ്ഞത്. ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് യുവതി ചതിച്ചെന്ന് അന്‍സല്‍ വെളിപ്പെടുത്തിയത്.
ചേലാട്ടെ ഒരു കടയില്‍നിന്നാണ് കീടനാശിനി വാങ്ങിയത്. ഇതിന്റെ കുപ്പിയും കണ്ടെടുത്തിട്ടുണ്ടെന്നാണ് വിവരം. 29-ാം തീയതിയാണ് അന്‍സില്‍ കാമുകിയുടെ വീട്ടിലെത്തുന്നത്. 30-ാം തീയതി പുലര്‍ച്ചെ നാലരയോടെയാണ് തന്റെയുള്ളില്‍ വിഷം ചെന്നെന്ന കാര്യം അന്‍സില്‍ തിരിച്ചറിയുന്നതും തുടര്‍ന്ന് ബന്ധുക്കളെ വിളിച്ചുവരുത്തി ആശുപത്രിയിലേക്ക് പോയതും.
ആശുപത്രിയിലേക്ക് പോകുന്നവഴിയാണ്, കാമുകി തനിക്ക് വിഷം തന്നതെന്ന് ഇയാള്‍ സുഹൃത്തുക്കളോടും ബന്ധുക്കളോടും പറഞ്ഞത്. കീടനാശിനി പോലുള്ളതെന്തോ ആണ് അന്‍സിലിന്റെ ഉള്ളില്‍ചെന്നിരിക്കുന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
ക്രിമിനല്‍ പശ്ചാത്തലമുള്ള അന്‍സില്‍ വിവാഹിതനാണ്. മക്കളുമുണ്ട്. ബന്ധുവായ പെണ്‍സുഹൃത്തുമായി ഏറെക്കാലമായി അന്‍സിലിന് അടുപ്പമുണ്ടായിരുന്നു. ഇടയ്ക്കിടെ പിണക്കങ്ങളുണ്ടാകുമെങ്കിലും അവ പരിഹരിക്കപ്പെട്ടിരുന്നുവെന്നുമാണ് വിവരം. അതിനിടെ, അന്‍സിലിന്റെ ഭാഗത്തുനിന്ന് യുവതിക്ക് ചില ദുരനുഭവങ്ങളുണ്ടായെന്നും സൂചനയുണ്ട്. അന്‍സിലിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.
ആദ്യം കോതമംഗലം താലൂക്ക് ആശുപത്രിയിലാണ് യുവാവിനെ കൊണ്ടുപോയത്. പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ രാത്രി എട്ടരയോടെയാണ് അന്‍സില്‍ മരിച്ചത്. യുവാവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക.






