Breaking NewsKeralaLead NewsNEWS

അയല്‍വാസിയൊരു ദരിദ്രവാസി! സുഹൃത്തിനു കൊടുത്തുവിട്ട അച്ചാറില്‍ എംഡിഎംഎ; വിമാനം കയറുംമുമ്പ് കണ്ടുപിടിച്ചു; തലപോകാതെ രക്ഷപെട്ടതിന്റെ ആശ്വാസത്തില്‍ മിഥിലാജ്

കണ്ണൂര്‍: ഗള്‍ഫിലെ സുഹൃത്തിനു കൊടുക്കാനായി അയല്‍വാസി ഏല്‍പിച്ച അച്ചാര്‍കുപ്പിയില്‍ ലഹരിമരുന്ന്; വിമാനം കയറും മുന്‍പ് കണ്ടെത്തിയതിനാല്‍ യുവാവ് രക്ഷപെട്ടു. സംഭവവുമായി ബന്ധപ്പെട്ട് 3 പേര്‍ അറസ്റ്റില്‍. ചക്കരക്കല്‍ കുളംബസാറില്‍ കെ.പി.അര്‍ഷാദ് (31), കെ.കെ.ശ്രീലാല്‍ (24), പി.ജിസിന്‍ (26) എന്നിവരാണ് അറസ്റ്റിലായത്. ചക്കരക്കല്‍ ഇരിവേരി കണയന്നൂരിലെ മിഥിലാജിനൊപ്പം സൗദിയില്‍ ജോലി ചെയ്യുന്ന വഹീന്‍ എന്നയാള്‍ക്ക് കൊടുക്കാനെന്ന പേരിലാണ് ചിപ്‌സ്, മസാലക്കടല, അച്ചാര്‍ എന്നിവ പാക്കറ്റിലാക്കി ബുധനാഴ്ച രാത്രി ജിസിന്‍ ഏല്‍പിച്ചത്.

സുഹൃത്ത് ശ്രീലാല്‍ ജിസിന്റെ കയ്യില്‍ ഏല്‍പിച്ച പാക്കറ്റ് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് വഹീം നിരന്തരം ഫോണ്‍ വിളിച്ചതും അച്ചാര്‍ കുപ്പിക്ക് സീല്‍ ഇല്ലാത്തതുമാണ് സംശയം തോന്നാന്‍ കാരണമായത്. തുടര്‍ന്ന് അച്ചാര്‍ മറ്റൊരു പാത്രത്തിലേക്ക് മാറ്റിയപ്പോഴാണ് ചെറിയ പ്ലാസ്റ്റിക് കവറിലാക്കിയ വസ്തുക്കള്‍ കണ്ടെത്തിയത്. സംശയം തോന്നിയ വീട്ടുകാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയില്‍ 3.40 ഗ്രാം ഹാഷിഷ് ഓയില്‍, 0.260 ഗ്രാം എംഡിഎംഎ എന്നിവ കണ്ടെത്തി. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു.

Signature-ad

മിഥിലാജിന്റെ പിതാവ് ടി.അഹമ്മദിന് തോന്നിയ സംശയമാണ് ലഹരിമരുന്ന് കണ്ടെത്താന്‍ സഹായമായത്. നിരന്തരമുള്ള ഫോണ്‍വിളിയില്‍ സംശയംതോന്നിയ അഹമ്മദാണ് അച്ചാര്‍കുപ്പി തുറന്നുപരിശോധിക്കാന്‍ നിര്‍ദേശിച്ചത്. പാക്കറ്റില്‍ കണ്ടെത്തിയ ലഹരിമരുന്ന് സൗദിയില്‍നിന്നാണ് പിടികൂടിയതെങ്കില്‍ തന്റെ മകന്‍ ഒരുപക്ഷേ പുറംലോകം തന്നെ കാണില്ലായിരുന്നുവെന്നാണ് അഹമ്മദ് പറയുന്നത്. സിഐ എം.പി ഷാജിയുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

 

 

Back to top button
error: