പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കാലത്തെ രഹസ്യ ചാറ്റുകള്‍ പുറത്തുവിടുമെന്ന് യുവതിയുടെ ഭീഷണി ; ദമ്പതികള്‍ ചേര്‍ന്ന് ഹണിട്രാപ്പില്‍ വ്യവസായിയില്‍ നിന്നും തട്ടിയത് 20 കോടി

കൊച്ചി: പ്രമുഖ ഐടി വ്യവസായിയ്ക്കൊപ്പം ജോലി ചെയ്ത പരിചയം മുതലെടുത്ത് അയാളെ ഹണിട്രാപ്പില്‍ കുടുക്കി കോടികള്‍ തട്ടിയ യുവതിയും ഭര്‍ത്താവും അറസറ്റില്‍. ഐടി വ്യവസായി തന്നെ നല്കിയ പരാതിയില്‍ സെന്‍ട്രല്‍ പോലീസാണ് കേസെടുത്തതും ദമ്പതികളെ കയ്യോടെ പൊക്കിയതും. 20 കോടി രൂപയുടെ ട്രാപ്പിലായിരുന്നു ദമ്പതികള്‍ വ്യവസായിയെ പെടുത്തിയത്.
തൃശ്ശൂര്‍ സ്വദേശി ശ്വേതയും ഭര്‍ത്താവ് കൃഷ്ണദാസുമാണ് പിടിയിലായത്. ഐടി വ്യവസായിയുടെ പ്രൈവറ്റ് സെക്രട്ടറിയായി മുമ്പ് ജോലി ചെയ്ത പരിചയം മുതലെടുത്തായിരുന്നു ശ്വേത തട്ടിപ്പ് നടത്തിയത്. ജോലി ചെയ്തിരുന്ന സമയത്ത് ഇരുവരും തമ്മില്‍ നടത്തിയതെന്ന് കരുതുന്ന രഹസ്യ ചാറ്റുകള്‍ പുറത്തുവിടുമെന്ന് ഭീഷണി മുഴക്കിയായിരുന്നു യുവതി വ്യവസായിയോട് പണം ആവശ്യപ്പെട്ടത്.
ഐടി വ്യവസായിയോട് 30 കോടി രൂപയാണ് ദമ്പതികള്‍ ആവശ്യപ്പെട്ടത്. വ്യവസായി പലതവണയായി 20 കോടി രൂപ കൈമാറുകയും ചെയ്തു. ഗത്യന്തരമില്ലാതായി മാറിയതോടെയാണ് വ്യവസായി പോലീസില്‍ പരാതിയുമായി എത്തിയത്. ശ്വേതയുടെയും ഭര്‍ത്താവിനെയും കയ്യോടെ പൊക്കിയ കൊച്ചി സെന്‍ട്രല്‍ പൊലീസ് ഇരുവരുടേയും അറസ്റ്റും രേഖപ്പെടുത്തിയിരിക്കുകയാണ്.






