മഴക്കാലത്ത് വീടിനുള്ളില്‍ തുണികള്‍ വിരിച്ചിടാറുണ്ടോ? അറിയില്ലെങ്കില്‍ അറിഞ്ഞോളൂ…

മഴക്കാലത്ത് നാം നേരിടുന്ന പ്രധാന പ്രശ്നമാണ് തുണി ഉണക്കുന്നത്. മിക്കവരും വീടിനുള്ളില്‍ തന്നെ തുണി വിരിച്ചിട്ട് ഉണക്കാറാണ് പതിവ്. എന്നാല്‍ ഇത് അത്ര നല്ലതല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത്തരത്തില്‍ നനഞ്ഞ തുണികള്‍ മുറിക്കുള്ളില്‍ ഉണ്ടെങ്കില്‍ ഈര്‍പ്പം തങ്ങി നില്‍ക്കുകയും അതുമൂലം ഫംഗസിന്റെ സാന്നിദ്ധ്യം ഉണ്ടാവാന്‍ ഇടയാകുകയും ചെയ്യുന്നു. അലര്‍ജി ഉള്ളവര്‍ക്കും ചെറിയ കുട്ടികള്‍ക്കും ഇത് വളരെ ദോഷമാണ്.
കൂടാതെ മുറിക്കുള്ളില്‍ ഈര്‍പ്പം തങ്ങി നിന്നാല്‍ പൂപ്പല്‍ ബാധ ഉണ്ടാകുന്നു. ഇത് ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകാം. മഴക്കാലത്ത് തുണികള്‍ ഉണക്കിയെടുക്കാന്‍ വീടിനുള്ളില്‍ വിരിച്ചിടുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ പ്രശ്നങ്ങള്‍ പരിഹരിക്കാം. മുറിയില്‍ വസ്ത്രം വിരിച്ചിടുമ്പോള്‍ ജനാലകളും വാതിലുകളും തുറന്നിടാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത് വായുസഞ്ചാരം ഉറപ്പാക്കുകയും ഈര്‍പ്പം തങ്ങി നില്‍ക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
അടച്ചിട്ട മുറിയില്‍ ഒരിക്കലും നനഞ്ഞ വസ്ത്രങ്ങള്‍ ഉണക്കാന്‍ വിരിച്ചിടരുത്. ഇത് മുറിയില്‍ ദുര്‍ഗന്ധത്തിന് കാരണമാകും. മുറിയില്‍ വസ്ത്രങ്ങള്‍ വിരിക്കുമ്പോള്‍ പരമാവധി അകലം പാലിക്കുക. ഇത് വസ്ത്രങ്ങള്‍ പൂര്‍ണമായും ഉണങ്ങുന്നതിന് സഹായിക്കുന്നു. കിടപ്പുമുറിയില്‍ നനഞ്ഞ തുണി വിരിച്ചിടരുത്. ഇത് ആരോഗ്യത്തിന് വളരെ ദോഷം ചെയ്യുന്നു. റൂമില്‍ ഈര്‍പ്പം തങ്ങിനിന്ന് ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്കും ജലദോഷത്തിനും കാരണമായേക്കാം. അതിനാല്‍ മുറിയില്‍ നനഞ്ഞ തുണി ഇടുന്നത് ഒഴിവാക്കുക.






