ഏറ്റുമുട്ടുന്നത് വലിയ കോർപ്പറേറ്റ് സംഘടിത ക്രിമിനൽ സംഘത്തോട്…ഒരു പുരുഷാധിപത്യ സമൂഹത്തിൽ ഒരു പെൺകുട്ടിക്ക് നീതി എത്ര അകലെയാണ്?, സ്ത്രീകൾ തന്നെയാണ് ഈ പഴയകാല വ്യവസ്ഥിതിയെ മുന്നോട്ട് കൊണ്ടുപോകുന്നത് എന്നത് ഖേദകരം- അഡ്വ. ടി.ബി. മിനി

നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്കായി നിയമപോരാട്ടം നടത്തുന്ന അഡ്വ. ടി.ബി. മിനി, തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കും വിമർശനങ്ങൾക്കും മറുപടിയുമായി രംഗത്ത്. അതിജീവിതയെ ഒറ്റപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമാണ് തനിക്കെതിരെയുള്ള നീക്കങ്ങൾക്ക് പിന്നിലെന്ന് ടിബി മിനി ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.
തനിക്കെതിരെ കോടതിയിൽ നിന്നും പുറത്തുനിന്നും ഉണ്ടാകുന്ന ആക്രമണങ്ങളുടെ ലക്ഷ്യം അതിജീവിതയെ തകർക്കലാണെന്ന് വ്യാഴാഴ്ച സമൂഹമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിൽ മിനി കുറിച്ചു. പുരുഷാധിപത്യ സമൂഹത്തിൽ ഒരു പെൺകുട്ടിക്ക് നീതി എത്രത്തോളം അകലെയാണെന്ന് ഈ കേസ് തെളിയിക്കുന്നു. പുരുഷാധിപത്യ സമൂഹത്തിൽ സ്ത്രീകൾ തന്നെയാണ് ഈ പഴയകാല വ്യവസ്ഥിതിയെ മുന്നോട്ട് കൊണ്ടുപോകുന്നത് എന്നത് ഖേദകരമാണെന്നും അവർ കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
നടിയെ ആക്രമിച്ച കേസിൽ ആ പെൺകുട്ടിക്കൊപ്പം ഇരുമ്പു പോലെ നിന്ന എന്നെ നിങ്ങൾ ആക്രമിക്കുന്നത് എന്തിനെന്ന് എനിക്കറിയാം അത് ആ കുട്ടിയെ ഒറ്റപ്പെടുത്താനാണ് കൂടെ യുണ്ട് എന്ന് പറഞ്ഞാൽ ഗാലറിയിൽ കളികാണുമ്പോൾ അവിടെ തട്ടാമായിരുന്നില്ലേ അത് ഗോളാക്കാമായിരുന്നു എന്നൊക്കെ പറയാൻ എളുപ്പമാണ് ഒരു പുരുഷാധിപത്യ സമൂഹത്തിൽ ഒരു പെൺകുട്ടിക്ക് നീതി എത്ര അകലെയാണ്? സ്ത്രീകൾ തന്നെയാണ് ഈ വ്യവസ്ഥയെ മുന്നോട്ട് കൊണ്ടു പോകുന്നത്. ഇതൊരു വർഗ്ഗസമരം കൂടെയാണ്. എനിക്കെതിരെ നിങ്ങൾ പറഞ്ഞു കൂട്ടുന്ന ഊഹിച്ച് കൂട്ടുന്ന കാര്യങ്ങൾ ഒന്നും ശരിയല്ല. സ്വാധീനിക്കുവാൻ കഴിയില്ല എന്നതിനാലാണ് ഈ ആക്രമണം എന്നു നമ്മൾ മനസിലാക്കണം. വലിയ കോർപ്പറേറ്റ് സംഘടിത ക്രിമിനൽ സംഘത്തോടാണ് ഏറ്റുമുട്ടുന്നത് എന്നു ഓർക്കണം. കൊല്ലാൻ നിങ്ങൾക്ക് കഴിയും തോൽപിക്കുവാൻ ബുദ്ധിമുട്ടാണ്. കാരണം ഞാൻ കമ്മൂണിസ്റ്റാണ്.
അതേസമയം കഴിഞ്ഞ ദിവസം കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കുന്നതിനിടെ ജഡ്ജി ഹണി എം. വർഗീസ് അഡ്വ. ടി.ബി. മിനിക്കെതിരെ അസാധാരണമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. വിചാരണ സമയത്ത് പത്തുദിവസത്തിൽ താഴെ മാത്രമാണ് അഭിഭാഷക കോടതിയിൽ എത്തിയത്. അര മണിക്കൂർ മാത്രമാണ് അഭിഭാഷക കോടതിയിൽ ഉണ്ടാകാറുള്ളതെന്നും ആ സമയത്ത് ഉറങ്ങുകയാണ് അഭിഭാഷകയുടെ പതിവെന്നും വിചാരണക്കോടതി ഉന്നയിച്ചു.
എന്നാൽ ഇതിനെതിരെയും അഡ്വ. മിനി പ്രതികരിച്ചിരുന്നു. ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിൽ ആദ്യമായി ഒരു ജഡ്ജി അഭിഭാഷകയുടെ അസാന്നിധ്യത്തിൽ മാധ്യമങ്ങളുടെ സാന്നിധ്യം ഉറപ്പുവരുത്തി അപകീർത്തി പരാമർശം നടത്തിയിരിക്കുകയാണെന്നു ടി.ബി. മിനി ആരോപിച്ചു.






