ഇരിക്കൂര്‍ സഹകരണ ബാങ്ക് തിരിമറി; രാത്രി 12 വരെ കുത്തിയിരുന്ന് നിക്ഷേപകരുടെ പ്രതിഷേധം

കണ്ണൂര്‍: ഇരിക്കൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ തിരിമറിയുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാക്കി നിക്ഷേപകര്‍. പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ഇന്നലെ രാത്രി വൈകിയും സ്ത്രീകള്‍ ഉള്‍പ്പെടെ നിക്ഷേപകര്‍ ബാങ്കിനുള്ളില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തിങ്കളാഴ്ച രാവിലെ ബാങ്കിലെത്തിയ നിക്ഷേപകര്‍ രാത്രി 12 മണി വരെ ബാങ്കില്‍ കുത്തിയിരുന്നു. നിക്ഷേപിച്ച തുകയുടെ കാര്യത്തില്‍ തീരുമാനം ഉടന്‍ ഉണ്ടാക്കണമെന്ന് നിക്ഷേപകര്‍ ആവശ്യപ്പെട്ടു.
ഇരിക്കൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിലവിലുള്ളത് കെആര്‍ അബ്ദുല്‍ ഖാദര്‍ കണ്‍വീനറായുള്ള അഡ്മിസ്‌ട്രേറ്റീവ് ഭരണ സമിതിയാണ്. ബാങ്കിലെ മുന്‍ ഭരണ സമിതിയുടെ നിയമങ്ങള്‍ ലംഘിച്ചുള്ള വായ്പാ തിരിമറികളാണ് ബാങ്കിനെ കടക്കെണിയില്‍ എത്തിച്ചിരിക്കുന്നത്. കൃത്യമായ വിദ്യഭ്യാസ യോഗ്യത പോലും ഇല്ലാത്തവരയൊണ് ബാങ്കിലെ ഉദ്യോഗസ്ഥരായി പഴയ ഭരണ സമിതി തിരഞ്ഞെടുത്ത് ജോലി നല്‍കിയത്. ഇവരെ മറയാക്കിയാണ് മുന്‍ സെക്രട്ടറി കോടിക്കണക്കിന് രൂപ ജനിക്കാത്ത ആളുകളുടെ പേരില്‍ ഉള്‍പ്പെടെ വിവിധ ബാങ്ക് അക്കൗണ്ടുകള്‍ വഴി തട്ടിച്ചിരിക്കുന്നതെന്നും നിലവിലെ ബാങ്ക് ഭരണസമിതി കണ്‍വീനര്‍ വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തില്‍ ആറ് മാസക്കാലം മാത്രം ഭരണ സ്വാതന്ത്ര്യമുള്ള അഡ്മിനിസ്‌ട്രേറ്റീവ് ഭരണ സമിതി കുറ്റം ചെയ്തിരിക്കുന്ന എല്ലാവരേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരും. ബാങ്കിനെ മറയാക്കി കോടികള്‍ തട്ടിയ പഴയ ഭരണ സമിതിക്ക് എതിരെ നടപടികള്‍ കൈക്കൊള്ളും. ബാങ്കില്‍ നിന്നു വായ്പ എടുത്ത് തിരിച്ചടയ്ക്കാത്തവര്‍ക്കെതിരെ റിക്കവറി ഉള്‍പ്പെടെ നടത്തി പണം തിരികെ പിടിക്കും. പണം മുഴുവനും കൊടുത്തു തീര്‍ക്കുമെന്നും കണ്‍വീനര്‍ നിക്ഷേപകര്‍ക്ക് ഉറപ്പ് നല്‍കിയതോടെയാണ് ആളുകള്‍ ബാങ്കില്‍ നിന്നു പിരിഞ്ഞുപോയത്.
വരും ദിവസങ്ങളില്‍ പഴയ ഭരണ സമിതി നടത്തിയ എല്ലാവിധ അഴിമതികളും ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാട്ടാനുള്ള ഒരുക്കത്തിലാണ് നിലവിലെ അഡ്മിനിസ്‌ട്രേറ്റീവ് ഭരണ സമിതി. ബന്ധപ്പെട്ട രേഖകള്‍ ഉള്‍പ്പെടെ പരിശോധിക്കുന്നുണ്ട്. കോടികളുടെ അഴിമതി നടത്തിയ ബാങ്ക് സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും നിക്ഷേപകര്‍ക്ക് പണം തിരികെ ലഭിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.






