KeralaNEWS

‘ഗോവിന്ദച്ചാമി കേരളത്തിലെ സ്‌കൂളില്‍ പഠിക്കുന്നില്ലല്ലോ, അപ്പോള്‍ എന്നോട് ചോദിച്ചിട്ട് കാര്യമില്ല’

തിരുവനന്തപുരം: സുരക്ഷാ വീഴ്ചയൊന്നും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇല്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തെക്കുറിച്ചുള്ള ചോദ്യം തന്നോട് ചോദിച്ച് കാര്യമില്ലെന്നും വി ശിവന്‍കുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായോ എന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ‘ഗോവിന്ദച്ചാമിയെക്കുറിച്ച് എന്നോട് ചോദ്യം ചോദിച്ചിട്ട് കാര്യമില്ല. ഗോവിന്ദച്ചാമി കേരളത്തിലെ സ്‌കൂളുകളില്‍ ഒന്നും പഠിക്കുന്നില്ലല്ലോ’ – ശിവന്‍കുട്ടി പറഞ്ഞു.

Signature-ad

ഇന്ന് പുലര്‍ച്ചെയോടെയാണ് കണ്ണൂര്‍ അതിസുരക്ഷാ ജയിലില്‍ നിന്ന് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. പിന്നീട് നടത്തിയ തെരച്ചിലില്‍ ആള്‍ത്താമസമില്ലാത്ത വീട്ടുവളപ്പിലെ കിണറ്റില്‍ നിന്നാണ് ഇയാളെ സാഹസികമായി പിടികൂടിയത്. ഗോവിന്ദച്ചാമിക്ക് ജയിലിനകത്ത് നിന്നും പുറത്ത് നിന്നും സഹായം ലഭിച്ചുവെന്നാണ് പ്രതിപക്ഷം ഉള്‍പ്പെടെ ആരോപിക്കുന്നത്.

ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ നാല് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ജയിലുദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായെന്നാണ് ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായ പ്രതികരിച്ചത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അസിസ്റ്റന്റ് സൂപ്രണ്ട് റിജോ, ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ രജീഷ്, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരായ സഞ്ജയ്, അഖില്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. കണ്ണൂര്‍ റേഞ്ച് ഡിഐജി സംഭവം വിശദമായി അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: