Breaking NewsPravasi

തായ്‌ലന്‍ഡ്-കംബോഡിയ അതിര്‍ത്തിയില്‍ സംഘര്‍ഷം: ഇന്ത്യന്‍ പൗരന്‍മാര്‍ ടാറ്റ് ന്യൂസ് റൂം ഉള്‍പ്പെടെയുള്ളവ ഉപയോഗിക്കണം; ജാഗ്രത നിര്‍ദ്ദേശവുമായി ഇന്ത്യന്‍ എംബസി

ന്യൂഡല്‍ഹി: തായ്‌ലന്‍ഡ്-കംബോഡിയ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ ജാഗ്രത നിര്‍ദ്ദേശവുമായി തായ്‌ലന്‍ഡിലെ ഇന്ത്യന്‍ എംബസി. കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലില്‍ 14 തായ്ലന്‍ഡ് പൗരന്മാര്‍ കൊല്ലപ്പെടുകയും 46 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് സുരക്ഷ മുന്‍നിര്‍ത്തി ഇന്ത്യന്‍ പൗരന്‍മാര്‍ക്കായി ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.

തായ്‌ലന്‍ഡ്-കംബോഡിയ അതിര്‍ത്തിയിലെ സാഹചര്യം കണക്കിലെടുത്ത്, തായ്ലന്‍ഡിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ ടാറ്റ് ന്യൂസ് റൂം ഉള്‍പ്പെടെയുള്ള തായ് ഔദ്യോഗിക സ്രോതസ്സുകള്‍ പരിശോധിക്കണമെന്ന് എംബസി ആവശ്യപ്പെട്ടു.

Signature-ad

ഉബോണ്‍ റാറ്റ്ചത്താനി, സുരിന്‍, സിസകെറ്റ്, ബുരിറാം, സാ കായോ, ചന്തബുരി, ട്രാറ്റ് എന്നിടെ ഏഴ് പ്രവിശ്യകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സുരക്ഷിതമല്ലെന്നാണ് ടാറ്റ് ന്യൂസ് റൂം പങ്കുവയ്ക്കുന്ന വിവരം. ഫു ചോങ്‌നാ യോയി ദേശീയോദ്യാനം, പ്രസാത് ത മുയെന്‍ തോം ക്ഷേത്രം, ചോങ് ചോം, ബാന്‍ ഹാറ്റ് ലെക് എന്നിവ സന്ദര്‍ശിക്കുന്നത് സുരക്ഷിതമല്ലെന്നും ടാറ്റ് ന്യൂസ് റൂം അഭിപ്രായപ്പെടുന്നു.

ബുധനാഴ്ച നടന്ന ലാന്‍ഡ്മൈന്‍ സ്ഫോടനത്തില്‍ അഞ്ച് തായ് സൈനികര്‍ക്ക് പരിക്കേറ്റതിന് പിന്നാലെയാണ് സംഘര്‍ഷം ആരംഭിച്ചത്. പൊട്ടിത്തെറിച്ചത് പുതിയതായി സ്ഥാപിച്ച റഷ്യന്‍ നിര്‍മ്മിത മൈനുകളാണെന്നാണ് തായ്‌ലന്‍ഡിന്റെ ആരോപണം. പ്രത്യാക്രമണമായി തായ് യുദ്ധവിമാനങ്ങള്‍ കംബോഡിയന്‍ പ്രദേശങ്ങള്‍ക്ക് നേരെ വ്യോമാക്രമണം നടത്തി. പിന്നാലെ സംഘര്‍ഷം രൂക്ഷമാവുകയായിരുന്നു.

Back to top button
error: