
ധാക്ക: ബംഗ്ലാദേശ് വ്യോമസേനയുടെ പരിശീലന വിമാനം ധാക്കയിലെ സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ തകര്‍ന്നു വീണ് 20 പേര്‍ മരിച്ചു. 171 പേര്‍ക്ക് പരിക്കേറ്റു. 16 കുട്ടികളും 3 അദ്ധ്യാപകരും വിമാനത്തിന്റെ പൈലറ്റുമാണ് മരിച്ചത്. പരിക്കേറ്റവരില്‍ കൂടുതലും കുട്ടികളാണ്. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്.
ധാക്കയുടെ വടക്കന്‍ മേഖലയായ ഉത്താരയില്‍ ഇന്നലെ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.48ന് മൈല്‍സ്റ്റോണ്‍ സ്‌കൂള്‍ ആന്‍ഡ് കോളേജ് ക്യാമ്പസിലായിരുന്നു ദുരന്തം. 12.36ന് പറന്നുയര്‍ന്ന ചൈനീസ് നിര്‍മ്മിത എഫ്-7 ബി.ജി.ഐ വിമാനം (ചെങ്ങ്ഡു ജെ-7 യുദ്ധവിമാനത്തിന്റെ നൂതന പതിപ്പ്) 4 മുതല്‍ 18 വയസ് വരെയുള്ള 2000ത്തോളം കുട്ടികള്‍ (എലിമെന്ററി ക്ലാസ് മുതല്‍ 12 -ാം ക്ലാസ് വരെ) പഠിക്കുന്ന സ്‌കൂളിലെ പുല്‍മൈതാനത്തിന് സമീപം തകര്‍ന്നുവീണതിന് പിന്നാലെ പൊട്ടിത്തെറിക്കുകയായിരുന്നു.
വിമാനത്തിന്റെ ഒരു ഭാഗം രണ്ടുനിലയുള്ള സ്‌കൂള്‍ കെട്ടിടത്തിലേക്കാണ് പതിച്ചത്. നിരവധി കുട്ടികളും അദ്ധ്യാപകരുമാണ് ഈ സമയം കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. ശക്തമായ തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പുക മേഖലയിലാകെ വ്യാപിച്ചു. വിമാനത്തിനുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. സംഭവത്തില്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപംനല്‍കി. അപകടത്തില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും സഹായം ഉറപ്പാക്കുമെന്ന് ഇടക്കാല സര്‍ക്കാര്‍ തലവന്‍ മുഹമ്മദ് യൂനുസ് പറഞ്ഞു. അപകടത്തിന്റെ പശ്ചാത്തലത്തില്‍ ബംഗ്ലാദേശില്‍ ഇന്ന് ദുഃഖാചരണം നടത്തും.






