‘ഉണ്ണി മുകുന്ദന്റെ രക്തത്തിലുണ്ട് തരികിട പരിപാടികള്‍, അന്ന് ആ മുസ്ലീം സഹോദരങ്ങള്‍ കൃത്യമായ മറുപടി കൊടുത്തു’

മലയാള സിനിമയില്‍ ഇപ്പോഴത്തെ യുവനടന്മാരില്‍ പ്രധാനിയാണ് ഉണ്ണി മുകുന്ദന്‍. അടുത്തിടെ പുറത്തിറങ്ങിയ മാര്‍ക്കോയുടെ വിജയത്തിന് ശേഷം ഉണ്ണി പുതിയ ഉയരങ്ങളിലേക്കാണ് എത്തിയത്. സിനിമയ്ക്കൊപ്പം വിവാദങ്ങളിലേക്കും താരം എത്തിപ്പെടുന്നത് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. അടുത്തിടെ മാനേജരുമായി ഉണ്ടായ തര്‍ക്കം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ഈ പ്രശ്‌നം പിന്നീട് ചര്‍ച്ചകളിലൂടെ പരിഹരിച്ചെന്നാണ് പുറത്തുവന്ന വിവരം. കൂടാതെ അമ്മയുടെ തലപ്പത്ത് നിന്ന് നടന്‍ മോഹന്‍ലാല്‍ ഒഴിയാന്‍ കാരണം ഉണ്ണി മുകുന്ദനാണെന്ന ആരോപണവും ഉയര്‍ന്നു.
അടുത്തിടെ ഉണ്ണി മുകുന്ദനെ തുടര്‍ച്ചയായി വിമര്‍ശിക്കുന്നതിന്റെ പേരില്‍ ചോദ്യം ചെയ്യപ്പെടുന്ന സംവിധായകരില്‍ ഒരാളാണ് ശാന്തിവിള ദിനേശ്. വ്യക്തി വൈരാഗ്യം കാരണമാണ് ശാന്തിവിള ദിനേശ് ഉണ്ണിയെ വിമര്‍ശിക്കുന്നതെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ വിഷയത്തില്‍ ചില കാര്യങ്ങള്‍ തുറന്നപറയുകയാണ് ശാന്തിവിള. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ശാന്തിവിള ദിനേശിന്റെ വാക്കുകളിലേക്ക്…
‘നടന്‍ ഉണ്ണി മുകുന്ദനെ ഞാന്‍ രൂക്ഷമായി വിമര്‍ശിക്കുന്നു എന്നാണ് ചിലരുടെ പരാതി. ഉണ്ണി മുകുന്ദന്‍ ഡേറ്റ് തരാത്തതിന്റെ ചൊരുക്കാണ് എനിക്കെന്നാണ് ഒരു വിവരദോഷിയായ ചെറുക്കന്‍ പറയുന്നത്. ഉണ്ണി മുകുന്ദന്‍ എനിക്ക് ഡേറ്റ് നല്‍കിയില്ല എന്നതല്ല എന്റെ പരാതി. കഥ പറയാന്‍ വരാന്‍ പറഞ്ഞപ്പോള്‍, ഞാന്‍ ഇടപ്പള്ളിയില്‍ അവന്റെ വീട്ടില്‍ ചെന്ന് കഥ പറഞ്ഞു. ഉണ്ണി മുകുന്ദന്‍ എന്നോട് വിശദമായി കഥ കേട്ട ശേഷം ഡേറ്റ് നമുക്ക് സംസാരിക്കാമെന്ന് പറഞ്ഞു. ഞാന്‍ തിരക്കഥയെഴുതുന്ന ആള്‍ക്കാരെ ഇങ്ങോട്ട് അയക്കാമെന്ന് പറഞ്ഞ് സ്നേഹത്തോടെയാണ് പിരിഞ്ഞത്. അല്ലാതെ കഥ കേട്ട് ഇഷ്ടപ്പെടാതെ അല്ല.
വിശദമായി കഥ പറയാന്‍ തിരക്കഥയെഴുതുന്ന രണ്ട് ചെറുപ്പക്കാരെ അങ്ങോട്ട് അയച്ചു. മലപ്പുറത്തുള്ള രണ്ട് മുസ്ലീം യുവാക്കളാണ് തിരക്കഥയെഴുതുന്നത്. ഞാന്‍ അവരെ കഥ പറയാന്‍ അയച്ചു. അന്ന് ഉണ്ണി മുകുന്ദന്‍ ഇന്ന് കാണുന്നപോലെ വളര്‍ന്നിട്ടൊന്നുമില്ല. അവര്‍ കഥ പറഞ്ഞ് മടങ്ങാന്‍ നേരം ഉണ്ണി മുകുന്ദന്‍ എന്ന മഹാന്‍ പറയുകയാണ്, എനിക്ക് സബ്ജക്റ്റ് വലിയ രീതിയില്‍ ഇഷ്ടപ്പെട്ടു. ഈ സിനിമ നമുക്ക് ചെയ്യാം. ആ സംവിധായകനെയും നിര്‍മ്മാതാവിനെയും നമുക്ക് കട്ട് ചെയ്യാമെന്ന് പറഞ്ഞു. ഞാന്‍ നിങ്ങള്‍ക്ക് നിര്‍മ്മാതാവിനെയും സംവിധായകനെയും തരാം. തിരക്കഥാകൃത്തുക്കള്‍ തുടക്കക്കാരാണ്. വേറെ ആരാണെങ്കിലും അത് സമ്മതിക്കും. കാരണം നല്ലൊരു തുടക്കം കിട്ടുമെന്ന് മാത്രമല്ലേ വിചാരിക്കുകയുള്ളൂ.
പക്ഷേ, ആ മുസ്ലീം സഹോദരങ്ങള്‍ പറഞ്ഞത്, ഈ കഥ ഞങ്ങള്‍ ദിനേശേട്ടന് വേണ്ടി ഉണ്ടാക്കിയതാണ്. അദ്ദേഹത്തിന്റെ കാശില്‍ റൂം എടുത്ത് നല്‍കി ഞങ്ങളെക്കൊണ്ട് എഴുതിച്ചതാണ്. ഈ കഥ ഞങ്ങള്‍ മാറ്റാര്‍ക്കും കൊടുക്കില്ല. വേറെ ഏതെങ്കിലും കഥ വേണമെങ്കില്‍ പറയാം. ഇതും പറഞ്ഞ് അവര്‍ ഇറങ്ങിപ്പോന്നൂ. അവര്‍ എന്നെ വിളിച്ച് കാര്യം പറഞ്ഞു. നിങ്ങള്‍ക്ക് ഒരു തുടക്കം കിട്ടുന്നതല്ലേ, എനിക്ക് പരാതിയില്ല എന്ന് ഞാന്‍ അവരോട് പറഞ്ഞു. എന്നാല്‍ അവര്‍ കഥ കൊടുത്തില്ല. അവര്‍ തന്തയ്ക്ക് പിറന്ന പിള്ളേരാണെന്ന് പറയാം.
എനിക്ക് വാശികള്‍ കൊണ്ടുനടക്കുന്ന ശീലമില്ല. എട്ടോ പത്തോ വര്‍ഷം മുമ്പ് നടന്ന ഒരു സംഭവം ചാനല്‍ തുടങ്ങിയ സമയത്ത് പറഞ്ഞന്നേ ഉള്ളൂ. ഞാന്‍ ഇതൊന്നും മനസില്‍ വാശിയായി കൊണ്ടുനടക്കുന്ന ആളല്ല. ഉണ്ണി മുകുന്ദന്റെ രക്തത്തില്‍ ഇത്തരം തരികിട പരിപാടികളുണ്ടെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ അറിഞ്ഞു. ഉണ്ണി മുകുന്ദന്‍ ഒരിക്കലും സ്ട്രെയിറ്റ് അല്ല. ഒരു ശത്രുവായി ഞാന്‍ ഉണ്ണി മുകുന്ദനെ കൊണ്ടുനടക്കുന്ന ആളുമല്ല’






