ഷോക്കടിപ്പിക്കുന്ന കണക്ക്!!! 15 വര്‍ഷത്തിനിടെ മരണം 3,679; കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 241, 9 പേര്‍ കെഎസ്ഇബി ജീവനക്കാര്‍

തിരുവനന്തപുരം: കഴിഞ്ഞ 15 വര്‍ഷത്തിനിടെ കേരളത്തില്‍ വൈദ്യുതി അപകടങ്ങളില്‍ ജീവന്‍ നഷ്ടമായത് 3,679 പേര്‍ക്ക്. 2,480 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 241 പേരാണ് വൈദ്യുതി അപകടങ്ങളില്‍ മരിച്ചത്. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റേതാണ് ഈ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍.
ഓരോ വര്‍ഷവും 200 മുകളിലാണ് സംസ്ഥാനത്തെ വൈദ്യുത അപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണം. 2020 മുതല്‍ ഈ വര്‍ഷം മാര്‍ച്ച് 31 വരെയുള്ള കണക്ക് മാത്രം നോക്കിയാല്‍ ഇത് വ്യക്തമാണ്. 2020-21ല്‍ 242 പേര്‍ മരിച്ചെങ്കില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 241 പേരുടെ ജീവന്‍ വൈദ്യുതി അപഹരിച്ചു. അല്‍പം കുറവ് 2023-24ല്‍ മാത്രം. 205 പേര്‍ ആ വര്‍ഷം വൈദ്യുതി ആഘാതമേറ്റ് മരണത്തിന് കീഴടങ്ങി. ഈ ഒരു വര്‍ഷത്തിനിടയില്‍ മരിച്ച പൊതുജനങ്ങള്‍ 222 പേരാണ്.
അനധികൃത വൈദ്യുതി വേലികള്‍, ഗാര്‍ഹിക ഉപകരണങ്ങള്‍, ലൈനിന് സമീപം ഇരുന്പ് തോട്ടി ഉപയോഗിക്കുന്നതെല്ലാം അപകടത്തിന് കാരണമായിട്ടുണ്ട്. ജോലിക്കിടയില്‍ കഴിഞ്ഞ ഒരു വര്‍ഷം മാത്രം മരിച്ച കെഎസ്ഇബി ജീവനക്കാര്‍ 9 പേരാണ്. കൊല്ലത്തെ 8 ക്ലാസുകാരന്‍ മിഥുന്റെ മരണത്തിന് പിന്നാലെ വൈദ്യുത ലൈനുകളുടെ സുരക്ഷാ പരിശോധന ശക്തമാക്കാന് വൈദ്യുതി മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.






