എംഎല്‍എ സ്ഥാനവും രാഷ്ട്രീയവും ഉപേക്ഷിച്ച് എഎപി നേതാവ്; അന്‍മോലിന്റെ രാജിപ്രഖ്യാപനം കെജ്രിവാളുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ

ചണ്ഡീഗഡ്: ആം ആദ്മി പാര്‍ട്ടി (എഎപി) നേതാവും ഗായികയുമായ അന്‍മോല്‍ ഗഗന്‍ മാന്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു. രാഷ്ട്രീയം പൂര്‍ണ്ണമായും ഉപേക്ഷിക്കുകയാണെന്നും അവര്‍ പറഞ്ഞു. ഖരാറില്‍ നിന്നുള്ള എംഎല്‍എയായ അന്‍മോല്‍, പഞ്ചാബ് നിയമസഭാ സ്പീക്കര്‍ കുല്‍ത്താര്‍ സിംഗ് സന്ധ്വാന് രാജി സമര്‍പ്പിക്കുകയായിരുന്നു.
”എന്റെ ഹൃദയം ഭാരമുള്ളതാണ്, എംഎല്‍എ സ്ഥാനത്തു നിന്നുള്ള എന്റെ രാജി സ്പീക്കര്‍ അംഗീകരിക്കണം”- എക്‌സിലെഴുതിയ കുറിപ്പില്‍ അന്‍മോല്‍ വ്യക്തമാക്കി. പാര്‍ട്ടിക്ക് ആശംസകള്‍ നേര്‍ന്ന അവര്‍, പഞ്ചാബ് സര്‍ക്കാര്‍ ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും വ്യക്തമാക്കി.
2022ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഖരാര്‍ സീറ്റില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അന്‍മോല്‍, ഭഗവന്ത് മാന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ മന്ത്രിയായി കുറച്ചുകാലം സേവനമനുഷ്ഠിച്ചിരുന്നു. ടൂറിസം, തൊഴില്‍, തുടങ്ങിയ പ്രധാന വകുപ്പുകളായിരുന്നു കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍ 2024 സെപ്റ്റംബറില്‍ നടന്ന മന്ത്രിസഭാ പുനഃസംഘടനയില്‍ ഇവരെ ഒഴിവാക്കിയിരുന്നു.
രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ്, ജനപ്രിയ പഞ്ചാബി ഗായികയായിരുന്നു അന്‍മോല്‍. 2020 ജൂലൈയിലാണ് അവര്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത്. പിന്നാലെ പാര്‍ട്ടിയുടെ യുവജന വിഭാഗത്തിന്റെ വൈസ് പ്രസിഡന്റായി നിയമിതയായി. അതേസമയം രാജിക്ക് മൂന്ന് ദിവസം മുമ്പ്, ആം ആദ്മി ദേശീയ കണ്‍വീനറും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളുമായി അവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജിപ്രഖ്യാപനം. എന്താണ് രാജിക്ക് പിന്നിലെന്ന് അന്‍മോലോ മറ്റു എഎപി നേതാക്കളോ വ്യക്തമാക്കിയിട്ടില്ല.






