കേരളാ ‘ത്രില്ലര്‍’ തുടരും! ഭാരതാംബ വിവാദത്തിനു പിന്നാലെ ഗവര്‍ണറും ശിവന്‍കുട്ടിയും ഒരേ വേദിയിലേക്ക്; മുഖ്യാതിഥി വി.സി: മോഹനന് കുന്നുമ്മല്‍

തിരുവനന്തപുരം: രാജ്ഭവനില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ചടങ്ങ് ബഹിഷ്കരിച്ച മന്ത്രി വി.ശിവന്‍കുട്ടിയും ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും ഇന്ന് ഒരേ വേദിയില്‍. ഫസ്റ്റ് എയ്ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്ന സംഘടനയുടെ പരിപാടിയിലാണ് ഇരുവരും പങ്കെടുക്കുന്നത്. കേരള സര്‍വകലാശാലാ വിസി ഡോ. മോഹനന് കുന്നുമ്മലും പരിപാടിയിലുണ്ട്. ശിവന്‍കുട്ടി അധ്യക്ഷനായ പരിപാടിയില്‍ ഗവര്‍ണര്‍ ഉദ്ഘാടകനും വിസി മുഖ്യാതിഥിയുമാണ്. രാവിലെ 11നു മാസ്കറ്റ് ഹോട്ടലിലാണ് പരിപാടി.
ഭാരതാംബ വിവാദത്തിനു ശേഷം മന്ത്രിയും ഗവര്‍ണറും ആദ്യമായാണ് ഒരു വേദി പങ്കിടുന്നത്. സ്കൗട് ആന്‍ഡ് ഗൈഡ്സ് പരിപാടിയുടെ വേദിയില്‍ ഭാരതാംബ ചിത്രം വച്ചതില്‍ പ്രതിഷേധിച്ചാണ് ശിവന്‍കുട്ടി ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍നിന്ന് ഇറങ്ങി പോയത്. രാജ്ഭവനില്‍ ഔദ്യോഗിക ചടങ്ങിനെ രാഷ്ട്രീയവേദിയാക്കിയതിലൂടെ ഗവര്‍ണര്‍ നടത്തിയത് ഭരണഘടനാ ലംഘനമാണെന്നും കാവിക്കൊടിയേന്തിയ വനിതയാണോ ഭരണഘടനയാണോ വലുതെന്നും ശിവന്‍കുട്ടി ചോദിച്ചിരുന്നു.
ഗവര്‍ണറുടെ അധികാരം എന്തൊക്കെയാണെന്ന് പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞിരുന്നു. ശിവന്‍കുട്ടിക്കെതിരെ ശക്തമായ ഭാഷയിലാണ് രാജ്ഭവനും പ്രതികരിച്ചത്. മന്ത്രിയുടേത് ഗുരുതര പ്രോട്ടോകോള്‍ ലംഘനമാണെന്നു കാട്ടി ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കിയിരുന്നു.






