Breaking NewsKeralaLead NewsNEWSWorld

ഒരേ സമയം പറന്നിറങ്ങാന്‍ ശ്രമിച്ചു: കാനഡയില്‍ പരിശീലന പറക്കലിനിടെ വിമാനങ്ങള്‍ കൂട്ടിയിടിച്ചു; മലയാളിയടക്കം രണ്ടു മരണം

കൊച്ചി: കാനഡയില്‍ പരിശീലനപ്പറക്കലിനിെട ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് മലയാളി ഫ്ലയിങ് സ്കൂള്‍ വിദ്യാര്‍ഥിയടക്കം രണ്ടുപേര്‍ മരിച്ചു. തൃപ്പൂണിത്തുറ സ്റ്റാച്ച്യൂ ന്യൂറോഡ് കൃഷ്ണ എന്‍ക്ലേവ് 1എയിലെ ശ്രീഹരി സുകേഷും(23) കാന‍ഡ സ്വദേശിയായ സഹപാഠി സാവന്ന മേയ് റോയ്സുമാണ്(20) മരിച്ചത്. സെന്‍ട്രല്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ സുകേഷിന്റേയും യുഎസ്ടി ഗ്ലോബല്‍ ഉദ്യോഗസ്ഥ ദീപയുടേയും മകനാണ് ശ്രീഹരി. സംയുക്തയാണ് സഹോദരി.

കാനഡയിലെ മാനിടോബയില്‍ സ്റ്റൈന്‍ബാക് സൗത്ത് എയര്‍പോര്‍ട്ടിനു സമീപം പ്രാദേശിക സമയം ചൊവ്വാഴ്ച്ച രാവിലെ 8.45നായിരുന്നു അപകടം. രണ്ട് സെസ്ന വിമാനങ്ങളിലും പൈലറ്റുമാര്‍ മാത്രമാണുണ്ടായിരുന്നത്. സ്വകാര്യ പൈലറ്റ് ലൈസന്‍സ് നേടിയ ശ്രീഹരി കമേഴ്സ്യല്‍ ലൈസന്‍സിനുള്ള പരിശീലനത്തിലായിരുന്നു. സ്വകാര്യ പൈലറ്റ് ലൈസന്‍സിനുള്ള പരിശീലനത്തിലായിരുന്നു സാവന്ന.

Signature-ad

ഒരേസമയം പറന്നിറങ്ങാന്‍ ശ്രമിച്ചതാണ് ശ്രീഹരി സുകേഷിന്റേയും സാവന്നയുടേയും ദാരുണാന്ത്യത്തിനു കാരണമെന്നാണ് റിപ്പോര്‍ട്ട്. റണ്‍വേയിലേക്ക് പറന്നിറങ്ങി പൊടുന്നനെ വീണ്ടും പറന്നുയരുന്നതിനുള്ള പരിശീലനത്തിനിടെയാണ് ശ്രീഹരിയുടേയും സാവന്നയുടേയും വിമാനങ്ങള്‍ ആകാശത്ത് കൂട്ടിയിടിച്ചതെന്ന് ഇരുവരും പഠിച്ചിരുന്ന ഹാര്‍വ്സ് എയര്‍ പൈലറ്റ് ട്രെയിനിങ് സ്കൂളിന്റെ പ്രസിഡന്റ് ആഡം പെന്നര്‍ പറയുന്നു. ആശയവിനിമയ സംവിധാനങ്ങളിലെ പിഴവുമൂലം രണ്ട് പൈലറ്റുമാര്‍ക്കും എതിര്‍ദിശയിലെത്തിയ വിമാനം കാണാനായില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കൂട്ടിയിടിച്ച വിമാനങ്ങള്‍ തീപിടിച്ച് എയര്‍ സ്ട്രിപ്പിന് 400 മീറ്റര്‍ അകലെ പാടത്ത് തകര്‍ന്നുവീണു.

Back to top button
error: