മസൂദ് അസര്‍ എവിടെ? മുംബൈ ഭീകരാക്രമണ കേസ് ആസൂത്രകന്‍ പാകിസ്താനില്‍ ഇല്ലെന്നു ബിലാവല്‍ ഭൂട്ടോ; ‘അയാളെ കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ കഴിഞ്ഞിട്ടില്ല, അഫ്ഗാനിസ്ഥാനില്‍ എങ്കില്‍ ഒന്നും ചെയ്യാനില്ല; നാറ്റോ പരാജയപ്പെട്ട സ്ഥലത്ത് ഞങ്ങള്‍ക്ക് വിജയിക്കാന്‍ കഴിയില്ല’

ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനും ഐക്യരാഷ്ട്ര സഭയടക്കം ഭീകരവാദിയായി പ്രഖ്യാപിച്ച മസൂദ് അസര്‍ പാകിസ്താനില്‍ ഇല്ലെന്നു റിപ്പോര്‍ട്ട്. പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) നേതാവ് ബിലാവല്‍ ഭൂട്ടോയുടെ പ്രസ്താവനയ്ക്കു പിന്നാലെയാണ് മസൂദ് എവിടെയെന്ന ചോദ്യം ഉയരുന്നത്. ജെയ്‌ഷെ മുഹമ്മദ് (ജെഇഎം) തലവനെ ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യ ലക്ഷ്യമിട്ടിരുന്നെങ്കിലും ഇയാളെ പാര്‍പ്പിച്ചിരുന്നത് ജനവാസ മേഖലയിലായിരുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മസൂദ് അസര്‍ ഇപ്പോള്‍ എവിടെയുണ്ടെന്നു പാകിസ്താന് അറിയില്ലെന്നായിരുന്നു ഭൂട്ടോയുടെ പ്രസ്താവന. ഇയാള്‍ അഫ്ഗാനിസ്താനിലുണ്ടെന്നാണു സൂചന.
മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ ആസൂത്രകനെന്ന നിലയില്‍ കൈമാറണമെന്ന് ഇന്ത്യയുടെ നിരന്തര ആവശ്യങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് മസൂദിന്റെ അസാന്നിധ്യമെന്നതും ശ്രദ്ധേയമാണ്. ‘ഞങ്ങള്‍ക്ക് അദ്ദേഹത്തെ കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ കഴിഞ്ഞിട്ടില്ലെ’ന്നാണു അല്‍ജസീറയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ഭൂട്ടോ പറയുന്നത്. അഫ്ഗാന്‍ ജിഹാദികളുമായുള്ള ബന്ധം കണക്കിലെടുക്കുമ്പോള്‍ അവിടെയുണ്ടാകുമെന്നാണു കരുതുന്നത്. പാകിസ്താനിലുണ്ടെന്ന് ഇന്ത്യ വിശ്വസനീയ തെളിവുകള്‍ നല്‍കിയാല്‍ മസൂദിനെ അറസ്റ്റ് ചെയ്യാന്‍ തയാറാണെന്നും ഭൂട്ടോ പറഞ്ഞു.

മസൂദ് അസ്ഹര്‍ അഫ്ഗാനിസ്ഥാനിലാണെങ്കില്‍ പാകിസ്താന് ഒന്നും ചെയ്യാനില്ല. പാശ്ചാത്യലോകം തീവ്രവാദികളെന്നു മുദ്രകുത്തിയ ചിലര്‍ ഭരിക്കുന്ന രാജ്യമാണത്. നാറ്റോ പരാജയപ്പെട്ടിടത്തു പാകിസ്താന്‍ വിജയിക്കുമെന്ന കരുതുന്നുണ്ടോ? മസൂദിനെപ്പോലൊരു വ്യക്തി സജീവമായി തുടരുന്നതില്‍ പാകിസ്താനും താത്പര്യമില്ലെന്നും ബിലാവല്‍ പറഞ്ഞു. ജമാഅത്ത്-ഉദ്-ദവയുടെ തലവന്‍ ഹഫീസ് സയീദിനെക്കുറിച്ചും സംഭാഷണത്തില്‍ പരാമര്‍ശമുണ്ട്. കഴിഞ്ഞ മേയില്‍ ന്യൂയോര്‍ക്ക് ടൈംസ് ഇയാള്‍ സ്വതന്ത്രനായി വിഹരിക്കുകയാണെന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാലിതു വസ്തുതാപരമായി തെറ്റാണെന്നും ഹഫീസ് പാകിസ്താന്റെ കസ്റ്റഡിയിലാണെന്നും ബിലാവല്‍ പറയുന്നു.
(Masood Azhar Missing? Bilawal Bhutto Claims Pakistan Can’t Trace Mumbai Attack Mastermind, Likely In Afghanistan)