പരപുരുഷബന്ധം എന്നു സംശയം: 4 മക്കളുടെ അമ്മയായ വനിതാ കൗൺസിലറെ ഭർത്താവ് വെട്ടിക്കൊന്നു

മറ്റൊരു യുവാവുമായി സംശയകരമായ ബന്ധം പുലർത്തുന്നു എന്ന സംശയത്തിൻ്റെ പേരിൽ 4 മക്കളുടെ അമ്മയായ വനിതാ കൗൺസിലറെ ഭർത്താവു വെട്ടിക്കൊന്നു. ചെന്നൈ തിരുവള്ളൂർ ജില്ലയിലെ തിരുനിന്ദ്രാവൂർ മുൻസിപ്പാലിറ്റിയിലെ കൗൺസിലറായ എസ്. ഗോമതി(38)യാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഗോമതിയെ ഭർത്താവ് സ്റ്റീഫൻ രാജാണ് വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിനു പിന്നാലെ സ്റ്റീഫൻ രാജ് പൊലീസിൽ കീഴടങ്ങി. ഇരുവരും വിസികെ പ്രവർത്തകരാണ്.
ഗോമതിയും സ്റ്റീഫൻ രാജും10 വർഷം മുൻപാണ് വിവാഹിതരായത്. ഇവർ 4 കുട്ടികൾക്കൊപ്പം പെരിയ കോളനിയിലാണു താമസിച്ചിരുന്നത്. കുറച്ച് മാസങ്ങളായി കുടുംബപ്രശ്നങ്ങളുണ്ടായിരുന്നു എന്നു പൊലീസ് കണ്ടെത്തി. ഗോമതിക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്നായിരുന്നു സ്റ്റീഫൻ രാജിൻ്റെ ആരോപണം. വെള്ളിയാഴ്ച രാത്രി, തർക്കമുണ്ടായതിനു പിന്നാലെ, ഭർത്താവ് സ്റ്റീഫൻ രാജ് യുവതിയെ വെട്ടുകയായിരുന്നു. സംഭവ സ്ഥലത്തു തന്നെ മരിച്ചു.

തിരുവള്ളൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഗോമതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തിരുവള്ളൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.