നാലു ലക്ഷമല്ല, ഷമി പത്തുലക്ഷം നല്‍കണം: ജീവനാംശത്തിന്റെ തുക പോരെന്നു ഹസിന്‍ ജഹാന്‍; ഷമിയുടെ ജീവിത രീതിവച്ച് നാലുലക്ഷം ചെറിയ തുക; നാലുവര്‍ഷം മുമ്പ് ആവശ്യപ്പെട്ടതും പത്തുലക്ഷം; നിയമ പോരാട്ടം തുടരുമെന്നും മുന്‍ ഭാര്യ

ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം മുഹമ്മദ് ഷമി മുന്‍ ഭാര്യ ഹസിന്‍ ജാഹാനും മകള്‍ ഐറക്കും കൂടി മാസം നാല് ലക്ഷം രൂപ ജീവനാംശം നല്‍കണമെന്ന് കല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹസിന്‍ ജഹാന് ഒന്നര ലക്ഷം രൂപയും മകള്‍ക്ക് രണ്ടര ലക്ഷം രൂപയുമാണ് നല്‍കേണ്ടതെന്നുമാണ് വിവാഹമോചന കേസില്‍ കോടതി ഉത്തരവിട്ടത്. എന്നാലിപ്പോള്‍ നാല് ലക്ഷം രൂപ ചെറിയ സംഖ്യയാണെന്നും പത്ത് ലക്ഷം മാസം വേണമെന്നുമാണ് താന്‍ ആവശ്യപ്പെട്ടിരുന്നതെന്നും പറയുകയാണ് ഹസിന്‍ ജഹാന്‍. ഷമിയുടെ ജീവിതരീതി വച്ച് നാല് ലക്ഷം ചെറിയ സംഖ്യയാണെന്നും പിടിഐയ്ക്ക് നല്‍കിയ പ്രതികരണത്തില്‍ ഹസിന്‍ പറഞ്ഞു.
‘നാലു വര്‍ഷം മുൻപ് ഞങ്ങൾ ആവശ്യപ്പെട്ടത് പത്തു ലക്ഷം രൂപയായിരുന്നു. ജീവിതച്ചെലവ് ഇപ്പോൾ വർധിച്ചിട്ടുണ്ട്. ഷമിയുടെ ജീവിത രീതി വച്ച് നോക്കുമ്പോൾ നാലു ലക്ഷം ചെറിയ തുകയാണ്. എങ്കിലും കോടതി വിധി ഞങ്ങൾക്കു വലിയ വിജയമാണ്,’ ഹസിൻ ജഹാന്‍ പറഞ്ഞു.

തങ്ങളുടെ നിയമപോരാട്ടത്തില്‍ കോടതിവിധി ഒരു നാഴികക്കല്ലാണെന്നും എന്നാല്‍ ജീവനാംശം പ്രതിമാസം പത്ത് ലക്ഷമായി വര്‍ധിപ്പിക്കണമെന്നും ഹസിന്‍ ജഹാന്‍റെ അഭിഭാഷകനായ ഇംതിയാസ് അഹമ്മദ് പറഞ്ഞു. വാദംകേള്‍ക്കല്‍ പൂര്‍ത്തിയാവുമ്പോള്‍ ജീവനാംശം ആറ് ലക്ഷമായി ഉയരാന്‍ സാധ്യതയുണ്ട്. കാരണം ഹസിൻ ജഹാന്റെ അപേക്ഷയിൽ അവർ 7 ലക്ഷം രൂപയും 3 ലക്ഷം രൂപയുമാണ് ആവശ്യപ്പെട്ടത്. അതിനായി നിയമപോരാട്ടം നടത്തുമെന്നും ഇംതിയാസ് അലി പറഞ്ഞു.
ഐപിഎല്‍ കാലത്തെ പ്രണയത്തിന് പിന്നാലെ 2014 ജൂണിലായിരുന്നു ഹസിന്‍ ജഹാനുമായുള്ള ഷമിയുടെ വിവാഹം. ഒരു വര്‍ഷത്തിന് ശേഷമാണ് ഇരുവര്‍ക്കും ഐറ ജനിക്കുന്നത്. 2018ല്‍ ഷമിക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഹസിന്‍ വിവാഹമോചനം നേടിയത്. ഷമിയെക്കാള്‍ പത്ത് വയസിന് മൂത്ത ജഹാന് മുന്‍വിവാഹത്തില്‍ വേറെയും മക്കളുണ്ട്.