
കൊച്ചി: ചെല്ലാനം ഹാര്‍ബറില്‍ നിന്നു പ്രതീക്ഷയോടെ കടലില്‍ പോയ വള്ളങ്ങള്‍ക്ക് എല്ലാം തന്നെ വന്‍തോതില്‍ നത്തോലി ലഭിച്ചു. കാലാവസ്ഥ അനുകൂലമായതിനാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടലില്‍ പോയ വള്ളക്കാര്‍ക്കു നത്തോലിയും പൂവാലന്‍ ചെമ്മീനും ചെറുമീനുകളും ലഭിച്ചു. ആലപ്പുഴ അര്‍ത്തുങ്കല്‍ മുതല്‍ ഏതാണ്ട് പള്ളിത്തോട് ചാപ്പക്കടവ് വരെയുള്ള അഞ്ഞൂറിലധികം വള്ളങ്ങള്‍ മത്സ്യബന്ധനത്തിന് പോകുന്നത് ചെല്ലാനം ഹാര്‍ബറില്‍ നിന്നാണ്.
ഇന്നലെ പോയ ഒട്ടേറെ വള്ളങ്ങള്‍ക്കും ചെറുമത്സ്യങ്ങളുടെ ചാകരയായിരുന്നു. ഇന്നലെ കടലില്‍ പോയ ഭൂരിഭാഗം വള്ളങ്ങള്‍ക്കും നത്തോലിയാണ് കൂടുതലും ലഭിച്ചത്. രാവിലെ ഹാര്‍ബറില്‍ അടുത്ത വള്ളങ്ങള്‍ക്കു കിട്ടിയ നത്തോലിക്കു കിലോഗ്രാമിനു 30 രൂപ വരെ വിറ്റു പിന്നീട് വില 20 രൂപയായി കുറഞ്ഞു. കൂടുതല്‍ മീനുകള്‍ ലഭിക്കുമ്പോള്‍ വില ഇടിയുന്നത് ഹാര്‍ബറില്‍ പതിവാണ്.

എന്നാല്‍, മത്സ്യങ്ങള്‍ ഇങ്ങനെ കൂടുതല്‍ കിട്ടുന്ന സമയങ്ങളില്‍ സംഭരിക്കുന്നതിനുള്ള കോള്‍ഡ് സ്റ്റോറേജുകള്‍ ഇല്ലാത്തതാണ് മത്സ്യത്തിനു വില ഇത്തരത്തില്‍ ഇടിയാന്‍ കാരണമെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. എന്നാല്‍, ഹാര്‍ബറില്‍ നിന്നു കൊണ്ടുപോകുന്ന മത്സ്യത്തിനു പൊതുമാര്‍ക്കറ്റുകളില്‍ വില കൂടുതലാണ്. നത്തോലിക്കു പോലും കിലോഗ്രാമിനു 100 രൂപ മുതല്‍ 120 രൂപ വരെ വില വരുന്നു. മീന്‍ ധാരാളം ലഭിക്കുന്ന സമയങ്ങളിലും ന്യായമായ വില കിട്ടുന്ന സംവിധാനം ഹാര്‍ബറില്‍ വേണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.