സണ്ണിജോസഫിൻ്റെ പുതിയ തന്ത്രം, കളിമാറ്റി പിടിച്ച് യുഡിഎഫ്; എൽഡിഎഫ് ഇത്തവണ വെള്ളം കുടിക്കും!! മൂന്നാം പിണറായി സർക്കാർ എന്നത് വെറും സ്വപ്നം, നിലമ്പൂരിൽ കണ്ടത് സാമ്പിൾ, വെടിക്കെട്ട് വരുന്നതേയുള്ളു…

സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഭരണപക്ഷം അംഗീകരിച്ചാലും ഇല്ലെങ്കിലും സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം അതി ശക്തമാണ് എന്നത് കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളിലൂടെ വ്യക്തമാണ്. കേരളീയർ ഇപ്പോൾ ഒരേ സ്വരത്തിൽ ആഗ്രഹിക്കുന്നത് യുഡിഎഫ് ഭരണത്തിൽ തിരിച്ചു വരുന്നതിനെ കുറിച്ചാണ്… അഴിമതിയും സ്വജനപക്ഷപാതവും ഗുണ്ടായിസവും കടം എടുത്ത് മുടിയലും എല്ലാം കൊണ്ടും മലയാളികൾ പിണറായി ഭരണത്തെ മടുത്തു എന്നുതന്നെ പറയാം.. അതു കൊണ്ടു തന്നെ കിറുകൃത്യമായ നിലപാടുകളെടുത്തും അണിയറയിൽ തന്ത്രങ്ങളൊരുക്കിയും സർക്കാരിനും ഇടതുപക്ഷത്തിനുമെതിരെ പ്രചാരണം കൊഴുപ്പിച്ചും പ്രതിപക്ഷം വമ്പൻ നീക്കങ്ങൾ നടത്തി കൊണ്ടിരിക്കുകയാണ്.

തൃക്കാക്കരയിലായിരുന്നു തുടക്കം. പിന്നെ പുതുപ്പള്ളി. അതിന് ശേഷം പാലക്കാട് ഉപതിരഞ്ഞെടുപ്പുകളൊക്കെയും കൈയിലൊതുക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞുവെന്നത് ചെറിയ കാര്യമല്ല. ചേലക്കരയിൽ പരാജയപ്പെട്ടെങ്കിലും ജയിച്ച മൂന്ന് സീറ്റും ഐക്യജനാധിപത്യ മുന്നണിയുടെ സിറ്റിംഗ് സീറ്റുകളായിരുന്നു എന്നത് ശരി തന്നെ. തുടർച്ചയായി രണ്ടാം തവണയും ഭരണത്തിലിരിക്കുന്ന ഇടതുപക്ഷത്തെ മൂന്ന് ഉപതിരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുത്തുന്നതാണ് പ്രധാനം. ഉപതിരഞ്ഞെടുപ്പുകളിൽ സർക്കാരിന്റെ സർവ സ്വാധീനവും ഉപയോഗിക്കാനാകുമെന്നതും പ്രചാരണത്തിന് മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലത്തിൽ കേന്ദ്രീകരിക്കുന്നുവെന്നതും രാഷ്ട്രീയമായി ഭരണപക്ഷത്തിന് കിട്ടാവുന്ന പ്രധാന ഘടകങ്ങൾ തന്നെയായിരുന്നിട്ടും നിലമ്പൂരിൽ യുഡിഎഫ് തന്നെ മിന്നിത്തിളങ്ങി. അതെ ഇങ്ങനെയൊരു രാഷ്ട്രീയ ശക്തിയെ കീഴ്പ്പെടുത്തിയാണ് പ്രതിപക്ഷം നിലമ്പൂർ കൈപ്പിടിയിലൊതുക്കിയത്. ഇടതുപക്ഷവും പ്രതിപക്ഷവും തുല്യചേരികളായി നിലകൊണ്ടിരുന്ന കേരള രാഷ്ട്രീയത്തിൽ ഇന്ന് അവസാനത്തെ കനൽ തരിയും കെട്ടടങ്ങാൻ ഒരുങ്ങുകയാണ് എന്ന
വസ്തുതയും നിലമ്പൂർ ആവർത്തിച്ചുറപ്പിക്കുന്നു.
തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാട്ടും ഐക്യജനാധിപത്യ മുന്നണിയെ വിജയത്തിലേക്ക് നയിച്ചതിന് പിന്നിലെ പ്രധാനപ്പെട്ട കാരണം താഴേത്തട്ടു മുതലുള്ള ഒത്തൊരുമയോടെയുള്ള പ്രവർത്തനം ഒന്നു കൊണ്ടു മാത്രമാണ്.
അതുപോലെ തന്നെ നിലമ്പൂർ തിരഞ്ഞെടുപ്പിന് വളരെ മുമ്പ് തന്നെ കെപിസിസി അധ്യക്ഷനെ മാറ്റണമെന്ന തീരുമാനവും യുഡിഎഫിനെ തുണച്ച പ്രധാനപ്പെട്ട ഒരു കാരണമാണ്.. വരാൻ പോകുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും നേരിടാൻ കരുത്തനായൊരു കെപിസിസി പ്രസിഡന്റ് വേണമെന്നായിരുന്നു ലക്ഷ്യം വച്ചത്. അങ്ങനെ ആ ലക്ഷ്യത്തിനൊടുവിൽ സണ്ണി ജോസഫ് കെപിസിസി അധ്യക്ഷനായി. പിന്നാലെ കൃത്യമായ ധാരണയോടെ പാർട്ടിയെ മുന്നോട്ടു നയിച്ചു… എന്നാൽ സണ്ണി ജോസഫ് മാത്രമല്ല ഭരണ വിരുദ്ധ വികാരത്തെ മനസിലാക്കി ജനമനസ് അറിഞ്ഞ് ആൾക്കുട്ടത്തിലേക്ക് ഇറങ്ങി പ്രവർത്തിക്കാൻ ഒരുപാട് പ്രവർത്തകർ മുന്നിട്ടിറങ്ങി വന്നു.
മണ്ഡലത്തിലെ പിന്നാമ്പുറ ജോലികളൊക്കെ നിർവഹിക്കാൻ ഘടക കക്ഷിയായ സിഎംപി നേതാവ് സി പി ജോണിനെ ചുമതലപ്പെടുത്തിയതാണ് ഇതിൽ പ്രധാനം. വോട്ടർ പട്ടികയുടെ ക്രമീകരണമായിരുന്നു സിപി ജോണിന്റെ പ്രധാന ചുമതല. മണ്ഡലമെങ്ങും പരിചയമുള്ള ഒരു സംഘം ചെറുപ്പക്കാരെ ജോൺ തന്നെ തിരഞ്ഞെടുക്കും. ഇവരടങ്ങുന്ന ഒരു വാർ റൂം തയ്യാറാക്കലിലൂടെയാണ് പ്രവർത്തനം തുടങ്ങിയത്. പരസ്യ പ്രചാരണത്തിനെല്ലാം വിഡി സതീശൻ തന്നെ നേതൃത്വം നൽകും. കെസി വേണുഗോപാൽ, സണ്ണി ജോസഫ് എന്നിങ്ങനെ മുൻനിര നേതാക്കളെല്ലാം അണിനിരന്നു. ഈ നേതൃനിര വ്യക്തമായി രൂപമെടുത്തത് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെയാണ്. എന്തായാലും ഇപ്പോൾ യുഡിഎഫിലെ യുവനേതാക്കളിലൂടെ മുന്നണിക്കു ചുറുചുറുക്കും ആവേശവും പകർന്നുനൽകാൻ സാധിച്ചിട്ടുണ്ട്.
നിലമ്പൂരിൽതന്നെ ആര്യാടൻ ഷൗക്കത്തിനു നറുക്കു വീണപ്പോൾ സ്ഥാനാർഥിത്വം പ്രതീക്ഷിച്ചിരുന്ന ഡിസിസി പ്രസിഡൻ്റ് വിഎസ് ജോയി നൽകിയ പിന്തുണ ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ടുതന്നെ ഷൗക്കത്തിന്റെ വിജയത്തിന്റെ ക്രെഡിറ്റ് വിഎസ് ജോയിക്കു കൂടിയുള്ളതാണ്.
ഉപതെരഞ്ഞെടുപ്പുകളിൽ പരീക്ഷിക്കുന്ന പ്രചാരണരീതിയും തന്ത്രവും പൊതുതെരഞ്ഞെടുപ്പുകളിൽ പ്രായോഗികമല്ല. കാരണം നിലമ്പൂരിനെ ഇളക്കിമറിച്ച യുവനേതാക്കളിൽ ഷാഫി പറമ്പിൽ, ഹൈബി ഈഡൻ തുടങ്ങി പാർലമെൻ്റ് അംഗങ്ങളായ അപൂർവം പേർ ഒഴികെയുള്ളവരെല്ലാവരുംതന്നെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളാകും. അവർ അവരവരുടെ മണ്ഡലങ്ങളിൽ പ്രചാരണ തിരക്കുകളിൽ ആയിരിക്കും. അപ്പോഴേക്കും താഴേത്തട്ടിൽ ശക്തമായ സംഘടനാ സംവിധാനം ഉറപ്പ് വരുത്തുകയാണ് അടുത്ത ലക്ഷ്യം. അതേറെക്കുറേ സാധ്യമായി കഴിഞ്ഞിട്ടുമുണ്ട്.
കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ നേതൃത്വത്തിന്റെ ശ്രദ്ധ ഇനി ഇക്കാര്യത്തിലായിരിക്കും. അത് പോലെ തന്നെ ഇന്ന് ഒട്ടേറെ പേര് ഉയർത്തി പിടിക്കുന്ന ഒരു ചോദ്യമാണ് യൂഡിഎഫിന്റെ അടുത്ത മുഖ്യമന്ത്രി സ്ഥാനാർഥി ആരായിരിക്കും എന്ന്. ആ ചോദ്യത്തിന് കഴിഞ്ഞ ദിവസം സണ്ണി ജോസഫ് നല്ല വ്യക്തമായ മറുപടി നൽകിയിരുന്നു. അതൊക്കെ തന്നെ കോൺഗ്രസിന്റെ ഇന്നത്തെ ടീംവർക്കിനെ അടിവരയിട്ട് കാണിക്കുന്ന കാര്യങ്ങൾ ആണ്.
അതായത്, ഇപ്പോൾ കോൺഗ്രസ് നേതൃസമ്പന്നമായ പാർട്ടിയാണ്. ഉമ്മൻ ചാണ്ടിക്കൊപ്പം അന്ന് രമേശ് ചെന്നിത്തലയും വിഡി സതീശനും മത്സരിച്ചിരുന്നു. യുഡിഎഫ് അധികാരത്തിൽ വന്നാൽ പാർലമെന്ററി പാർട്ടി യോഗം ചേർന്ന് അന്നത്തെ എംഎൽഎമാരുടെ അഭിപ്രായം തേടും. തുടർന്ന് ഹൈക്കമാൻഡ് ആണ് പാർലമെന്ററി പാർട്ടി നേതാവിനെ തീരുമാനിക്കുക. കോൺഗ്രസ് നേതൃസമ്പന്നമായ പാർട്ടിയാണ്. ഒന്നിലേറെ മുഖങ്ങൾ ഉണ്ട്. ടീം വർക്കാണ് മുതൽക്കൂട്ട്. കരുത്തന്മാരായ നേതാക്കൾ ഉണ്ട്. അതിൽ വർക്കിങ് കമ്മിറ്റി അംഗമായ ശശി തരൂരും ഉണ്ട്. അതിൽ നിന്ന് ഒരാളെ തെരഞ്ഞെടുക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. വിഡി സതീശൻ നല്ല പ്രതിപക്ഷ നേതാവാണ്. പ്രതിപക്ഷത്തെ നിയമസഭയിലും പുറത്തും നയിക്കാനുള്ള കരുത്ത് പ്രതിപക്ഷ നേതാവിന് ഉണ്ട്.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയൻ ഏകാധിപത്യ മനോഭാവമുള്ള ആളാണ്. എന്നാൽ സതീശൻ എത്രയോ നല്ല കേൾവിക്കാരനാണ്. എത്രയോ വഴങ്ങി തരുന്ന ആളാണ്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യമന്ത്രിയാകുമോ എന്ന കാര്യത്തിൽ ഗ്യാരണ്ടി പറയാൻ പറ്റില്ല. അദ്ദേഹം മുഖ്യമന്ത്രിയാകാം, മുഖ്യമന്ത്രിയാവാതിരിക്കാം. ഇതെല്ലാം പാർട്ടി തീരുമാനത്തെ ആശ്രയിച്ചിരിക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
‘ഞാൻ അധികാരം പ്രയോഗിക്കുന്ന കെപിസിസി പ്രസിഡന്റ് ആയിരിക്കില്ല. സഹകരണം തേടുന്ന കെപിസിസി പ്രസിഡന്റ് ആയിരിക്കും. ശശി തരൂർ ദേശീയ നേതാവാണ്. ഇന്റർനാഷണൽ ഫിഗർ ആണ്. കോൺഗ്രസ് പാർട്ടി അദ്ദേഹത്തിന് ഒരുപാട് അവസരങ്ങൾ നൽകിയിട്ടുണ്ട്. അദ്ദേഹം വർക്കിങ് കമ്മിറ്റിയിലുണ്ട്. രമേശ് ചെന്നിത്തല പോലും വർക്കിങ് കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവാണ്. നിരവധി പാർലമെന്ററി കമ്മിറ്റിയുടെ ചെയർമാൻ ആണ് അദ്ദേഹം. കേന്ദ്രമന്ത്രിയായിട്ടുണ്ട്. നിലമ്പൂർ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്റ്റാർ കാംപെയ്‌നർ ലിസ്റ്റിൽ അദ്ദേഹവും ഉണ്ടായിരുന്നു. തിരക്ക് കാരണമാണ് അദ്ദേഹത്തിന് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്നത്. ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും അദ്ദേഹത്തിന് നിരവധി പരിപാടികൾ ഉണ്ടായിരുന്നു’- സണ്ണി ജോസഫ് പറഞ്ഞു.
കോൺഗ്രസിന്റെ ഒരു നേതാവും ഈ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിലോ സമീപകാലത്തോ തെറ്റായ ഒരു ഭാഷയിലും തെറ്റായ ഒരു ശൈലിയിലും ആരോടും പെരുമാറിയിട്ടില്ല. പാരിതോഷികം തരാം എന്ന് ഒരു യുവനേതാവ് പറഞ്ഞത് അന്നേരത്തെ സാഹചര്യത്തിലാണ്. ചില കാര്യങ്ങളിൽ സിപിഎം നേതാക്കളെ അനുകരിക്കുന്ന ശൈലി ഉണ്ടെങ്കിൽ തിരുത്തണം. എല്ലാവരും അത്രയും പുണ്യാളന്മാരാണ് എന്നൊന്നും ഞാൻ അവകാശപ്പെടുന്നില്ല. അവരൊക്കെ സിപിഎം നേതാക്കളിൽ നിന്നൊക്കെ പഠിക്കുകയാണ്’- സണ്ണി ജോസഫ് കൂട്ടിച്ചേർത്തു. എന്തായാലും അദ്ദേഹത്തിന്റെ ഈ ഉറച്ച വാക്കുകൾ കേട്ടതോടെ പലരുടെയും വാ അടഞ്ഞു എന്ന് പറയുന്നതാവും ശരി..
അപ്പോൾ, സാഹചര്യങ്ങൾ ഇങ്ങനെ ഒക്കെ ആയ സ്ഥിതിക്ക് മൂന്നാം ഇടതുസർക്കാർ എന്ന മുദ്രാവാക്യം സിപിഎമ്മും ഇടതുമുന്നണിയും അതിശക്തമായി പ്രചരിപ്പിച്ചു വരുമ്പോഴാണ് നിലമ്പൂരിലെ പരാജയം. ഇനി ആ മുദ്രാ വാക്യത്തിനു ശക്തിയില്ല, അതൊക്കെ പഴങ്കഥ ആയി. രമേശ് ചെന്നിത്തലയും വിഡി സതീശനുമൊക്കെ ഈയിടെയായി പറഞ്ഞുവരുന്ന നൂറു സീറ്റിന്റെ വിജയം എന്ന പ്രചാരണവാക്യമാണ് ഇന്ന് കൂടുതലായി ഉയർന്നു കേൾക്കുന്നത്…
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് ഇനിയും പത്തു മാസത്തിലേറെയുണ്ട്. നിലമ്പൂരിന്റെ പരുക്കു മാറ്റാൻ ഇടതു പക്ഷത്തിന് ആണെങ്കിൽ ഒരു വഴിയുമില്ല. കയ്യിലിരിപ്പ് കാരണം വഴികൾ എല്ലാം ജനങ്ങൾ തന്നെ അവർക്ക് മുമ്പിൽ കൊട്ടിയടച്ചു. ഏതായാലും എൽഡിഎഫിന്റെ മൂന്നാം സർക്കാർ എന്ന സ്വപ്‌നത്തിനു വലിയ തിരിച്ചടിയാണ് നിലമ്പൂരിലെ കനത്ത പരാജയം. തിരിച്ചടി എന്ന് പറഞ്ഞാൽ പോരാ, കോൺഗ്രസിന്റെ മാസ് നീക്കം. അതായിരിക്കും ഉചിതം, അല്ലേ, നിങ്ങൾക്ക് എന്ത് തോന്നുന്നു…?