
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കും തമ്മിലുള്ള പോര് അടുത്ത ഘട്ടത്തിലേക്ക്. രണ്ട് പേരും വഴിപിരിയാന്‍ കാരണമായ ‘ബിഗ് ബ്യൂട്ടിഫുള്‍ ബില്‍’ പാസാക്കിയാല്‍ താന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് പറഞ്ഞ് മസ്‌ക് രംഗത്തെത്തി. അമേരിക്കയ്ക്ക് ഡെമോക്രറ്റിക്ക്, റിപ്പബ്ലിക്ക് പാര്‍ട്ടികളല്ലാതെ ഒരു ബദല്‍ വേണമെന്നും എങ്കിലേ ജനങ്ങള്‍ക്കും ശബ്ദിക്കാനാകൂ എന്നും മസ്‌ക് പറഞ്ഞു.
ബിഗ് ബ്യൂട്ടിഫുള്‍ ബില്ലിനെ ‘കടം അടിമത്ത ബില്‍’ എന്നാണ് മസ്‌ക് വിശേഷിപ്പിച്ചത്. രാജ്യത്തിന്റെ കടം ഉയര്‍ത്തുന്ന ഈ ബില്ലിനെതിരെ പ്രതിനിധികള്‍ക്ക് എങ്ങനെ വോട്ട് ചെയ്യാനാകുമെന്നും മസ്‌ക് ചോദിക്കുന്നുണ്ട്. നേരത്തെ, ട്രംപുമായുള്ള അഭിപ്രായഭിന്നതകള്‍ രൂക്ഷമായിരിക്കുന്ന സമയത്തുതന്നെ പുതിയ രാഷ്ട്രീയപാര്‍ട്ടിയുണ്ടാക്കുമെന്ന് മസ്‌ക് സൂചിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച് അഭിപ്രായ സര്‍വേയും നടത്തിയിരുന്നു.

ഉടന്‍ നിയമമായേക്കാവുന്ന ബിഗ് ബ്യൂട്ടിഫുള്‍ ബില്ലില്‍ തട്ടിയാണ് ട്രംപ് -മസ്‌ക് ബന്ധം ഉലഞ്ഞത്. ബില്ലിനെ ‘ഫെഡറല്‍ കമ്മി വര്‍ദ്ധിപ്പിക്കുന്ന വെറുപ്പുളവാക്കുന്ന മ്ലേച്ഛത’ എന്നായിരുന്നു മസ്‌ക് വിശേഷിപ്പിച്ചിരുന്നത്. തന്റെ സാമ്പത്തിക പദ്ധതിയുടെ പ്രധാനപ്പെട്ട ഭാഗമായാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുതിയ നിയമനിര്‍മ്മാണത്തെ കണക്കാക്കുന്നത്. തുടര്‍ന്ന് ജെഫ്രി എപ്സ്റ്റീന്‍ ലൈംഗികാരോപണ കേസുമായി ട്രംപിനെ ബന്ധപ്പെടുത്തി മസ്‌ക് രംഗത്തുവന്നിരുന്നു. ഇരുവരും പരസ്പരം രൂപക്ഷമായ വാഗ്വാദത്തിലേര്‍പ്പെടുകയും ചെയ്തിരുന്നു.
കഴിഞ്ഞ വര്‍ഷം നടന്ന അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ പ്രധാന ഉപദേഷ്ടാക്കളില്‍ ഒരാളായിരുന്നു മസ്‌ക്. ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് 250 മില്യണ്‍ ഡോളറിലധികം മസ്‌ക് സംഭാവന നല്‍കിയിരുന്നു. ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെ ചെലവ് ചുരുക്കലിനായി രൂപപ്പെടുത്തിയ ഡോജിന്റെ മുഖ്യചുമതലക്കാരനായി മസ്‌കിനെ നിയമിച്ചിരുന്നു. തൊഴില്‍ വെട്ടിക്കുറയ്ക്കല്‍ അടക്കമുള്ള മസ്‌കിന്റെ പരിഷ്‌കാരങ്ങള്‍ വ്യാപക വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് മസ്‌ക് ഡോജിന്റെ നേതൃസ്ഥാനത്ത് നിന്ന് രാജിവെച്ചു എന്നായിരുന്നു റിപ്പോര്‍ട്ട്.