NEWSWorld

അമേരിക്ക ആക്രമിച്ച ഇറാനിലെ ആണവകേന്ദ്രം വീണ്ടും സജീവം? സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്ത്

തെഹ്‌റാന്‍: ഫോര്‍ദോയിലെ ആണവ സമ്പുഷ്ടീകരണ പ്ലാന്റിലെ പ്രവര്‍ത്തനങ്ങള്‍ കാണിക്കുന്ന പുതിയ സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്ത്. പ്രശസ്ത ജിയോസ്‌പേഷ്യല്‍ ഇന്റലിജന്‍സ് സ്ഥാപനമായ മാക്സര്‍ ടെക്നോളജീസ് ആണ് ചിത്രങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. കഴിഞ്ഞയാഴ്ച നടന്ന അമേരിക്കന്‍ വ്യോമാക്രമണം മൂലം ഉണ്ടായ ദ്വാരങ്ങളിലും വെന്റിലേഷന്‍ ഷാഫ്റ്റുകളിലും നടന്നുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളാണ് സാറ്റലൈറ്റ് ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നതെന്നാണ് മാക്സര്‍ ചൂണ്ടിക്കാണിക്കുന്നത്. നിരവധി ഉദ്യോഗസ്ഥര്‍ ഫോര്‍ദോയിലെ ആണവ സമ്പുഷ്ടീകരണ പ്ലാന്റില്‍ ക്രെയിന്‍ പ്രവര്‍ത്തിപ്പിക്കുന്നതായി ചിത്രങ്ങള്‍ സൂചിപ്പിക്കുന്നുവെന്നും മാക്സര്‍ പറഞ്ഞു.

മാക്സര്‍ പറയുന്നതനുസരിച്ച്, ഭൂഗര്‍ഭ സമുച്ചയത്തിന് മുകളിലുള്ള അറ്റത്ത് വടക്കന്‍ ഷാഫ്റ്റിന് തൊട്ടടുത്തായി ഒരു എക്സ്‌കവേറ്റര്‍ സ്ഥാപിച്ചിട്ടുണ്ട്. ഷാഫ്റ്റിന്റെ/ദ്വാരത്തിന്റെ പ്രവേശന കവാടത്തിലാണ് ഉദ്യോഗസ്ഥര്‍ ക്രെയിന്‍ പ്രവര്‍ത്തിപ്പിക്കുന്നത്. നിരവധി വാഹനങ്ങള്‍ റിഡ്ജിന് താഴെയായി കാണുന്നുണ്ട്. സൈറ്റിലേക്ക് പ്രവേശിക്കുന്നതിനായി നിര്‍മ്മിച്ച വഴിയിലാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതെന്നും മാക്‌സര്‍ പറയുന്നു.

Signature-ad

ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്‍സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ സെക്യൂരിറ്റിയെ നയിക്കുന്ന മുന്‍ ന്യൂക്ലിയര്‍ ഇന്‍സ്പെക്ടര്‍ ഡേവിഡ് ആല്‍ബ്രൈറ്റ് മാക്‌സറിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ വിലയിരുത്തിയിരുന്നുവെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫോര്‍ദോയില്‍ നിന്നുള്ള ചിത്രങ്ങളില്‍ രണ്ട് എംഒപി ഇംപാക്റ്റ് സൈറ്റുകളില്‍ ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ സജീവമായി പ്രവര്‍ത്തിക്കുന്നത് കണ്ടെത്തിയിട്ടുണ്ട്. ഇവിടെ കേടുപാടുകള്‍ വിലയിരുത്തുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് നിഗമനം. റേഡിയോളജിക്കല്‍ സാംപിളിംഗ് നടത്തുന്നതായി മാക്സര്‍ വിലയിരുത്തുന്നു. ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ പ്രധാന പ്രവേശന കവാടത്തിലെ കേടുപാടുകള്‍ നീക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തി നിരീക്ഷിച്ചു വരികയാണ്. തുരങ്കത്തിന്റെ പ്രവേശന കവാടങ്ങളൊന്നും വീണ്ടും തുറക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ട്.

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിനിടെ അമേരിക്കന്‍ ബി2 ബോംബര്‍ ജെറ്റുകള്‍ ഫോര്‍ദോയില്‍ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ചിരുന്നു. ഇറാന്റെ പ്രധാന ആണവ കേന്ദ്രങ്ങളില്‍ രണ്ട് ഡസനിലധികം ബങ്കര്‍-ബസ്റ്റര്‍ ബോംബുകള്‍ അമേരിക്ക വര്‍ഷിച്ചതായിട്ടായിരുന്നു റിപ്പോര്‍ട്ടുകള്‍. യുഎസ് അന്തര്‍വാഹിനിയില്‍ നിന്ന് വിക്ഷേപിച്ച ടോമാഹോക്ക് മിസൈലുകള്‍ മധ്യ ഇറാനിലെ ഇസ്ഫഹാന്‍ ആണവ കേന്ദ്രത്തിലും പതിച്ചിരുന്നു. യുഎസ് മാസിവ് ഓര്‍ഡനന്‍സ് പെനട്രേറ്റര്‍ (എംഒപി) ബോംബുകള്‍ ഫോര്‍ദോയിലെ രണ്ട് വെന്റിലേഷന്‍ ഷാഫ്റ്റുകളെ ലക്ഷ്യം വച്ചിരുന്നതായാണ് നേരത്തെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ഡാന്‍ കെയ്ന്‍ വ്യക്തമാക്കിയത്. ഫോര്‍ദോയില്‍ പതിച്ച യുഎസ് ബോംബുകളില്‍ ഭൂരിഭാഗവും വളരെ വേഗതയില്‍ നീങ്ങി ലക്ഷ്യ സ്ഥാനത്ത് പൊട്ടിത്തെറിക്കുന്നതാണെന്നും കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ ബ്രീഫിംഗില്‍ പെന്റഗണ്‍ പറഞ്ഞിരുന്നു. ആണവകേന്ദ്രങ്ങളിലെ മെയിന്‍ ഷാഫ്റ്റിലേക്ക് പ്രവേശിക്കാന്‍ കഴിവുളള ബോംബുകളായിരുന്നു യുഎസിന്റേതെന്നും ബ്രീഫിംഗില്‍ പറഞ്ഞിരുന്നു.

 

Back to top button
error: