
റാഞ്ചി: കനത്തമഴയെത്തുടര്‍ന്ന് ജാര്‍ഖണ്ഡിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ മണിക്കൂറുകള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ രക്ഷപ്പെടുത്തി. ജാര്‍ഖണ്ഡിലെ കിഴക്കന്‍ സിംഗ്ഭും ജില്ലയിലെ പണ്ടര്‍സോളി ഗ്രാമത്തിലെ ലവകുഷ് റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് 162 വിദ്യാര്‍ത്ഥികള്‍ കുടുങ്ങിപ്പോയത്. ഒരു രാത്രി നീണ്ട രക്ഷാപ്രവര്‍ത്തനം പുലര്‍ച്ചയോടെയാണ് ഫലം കണ്ടത്.
കനത്തമഴയില്‍ സ്‌കൂളില്‍ വെള്ളംകയറിയിരുന്നു. ഒരുനിലക്കെട്ടിടത്തിന്റെ മുക്കാല്‍ ഭാഗത്തോളം വെള്ളമെത്തിയതോടെ സ്‌കൂളിന്റെ മേല്‍ക്കൂരയിലേക്ക് അധ്യാപകര്‍ കുട്ടികളെ കയറ്റിയിരുത്തി. രക്ഷാപ്രവര്‍ത്തകരെത്തും വരെ പെരുമഴയത്ത് ഒരു ദിവസത്തോളം വിദ്യാര്‍ത്ഥികളും അധ്യാപകരും കഴിച്ചുകൂട്ടിയത് ഈ മേല്‍ക്കൂരയിലാണ്.

മേല്‍ക്കൂരയോളം വെള്ളമെത്തുന്ന സാഹചര്യത്തിലാണ് രക്ഷാപ്രവര്‍ത്തര്‍ അവിടെയെത്തുന്നത്. ശനിയാഴ്ച രാത്രി മുതല്‍ വിദ്യാര്‍ത്ഥികള്‍ ലവ്കുഷ് റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുട്ടികള്‍ കുടുങ്ങിക്കിടക്കുന്ന വിവരം നാട്ടുകാരാണ് അധികൃതരെ അറിയിച്ചത്. അനധികൃതമായാണ് സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും വിവരമുണ്ട്.