
കൊച്ചി: കണ്ണൂരില്‍ ഓണ്‍ലൈന്‍ ട്രേഡിന്റെ മറവില്‍ മട്ടന്നൂര്‍ സ്വദേശിയായ ഡോക്ടറില്‍ നിന്നും പല തവണകളായി നാലര കോടിയോളം രൂപ തട്ടിയടുത്തതായി പരാതി. മട്ടന്നൂര്‍ സ്വദേശിക്കാണ് 4,43,20,000 രൂപ നഷ്ടപ്പെട്ടത്. ഇരട്ടി ലാഭം വാഗ്ദാനം ചെയ്തുള്ള തട്ടിപ്പിനെതിരെ നല്‍കിയ പരാതിയില്‍ കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു.
വാട്സ്ആപ്പില്‍ കണ്ട മെസേജ് ആണ് തട്ടിപ്പിന്റെ തുടക്കം. വ്യാജ ഷെയര്‍ ട്രേഡിംഗ് പ്ലാറ്റ്ഫോം വഴി ട്രേഡിങ് ചെയ്യാന്‍ ശ്രമിച്ച പരാതിക്കാരനെക്കൊണ്ട് പ്രതികള്‍ വിവിധ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിച്ചു. തുടര്‍ന്ന് പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ വിവിധ ചാര്‍ജുകള്‍ എന്ന് പറഞ്ഞു വീണ്ടും പണം വാങ്ങിയെടുക്കുകയും നിക്ഷേപിച്ച പണമോ വാഗ്ദാനം ചെയ്ത ലാഭമോ നല്‍കാതെ വഞ്ചിച്ചു എന്നുമാണ് പരാതിയില്‍ പറയുന്നത്. മറ്റൊരു സംഭവത്തില്‍ വ്യാജ ജോലി വാഗ്ദാനം ചെയ്തു പിണറായി സ്വദേശിക്ക് 6,25,000 രൂപയാണ് നഷ്ടമായത്.

ഓണ്‍ലൈന്‍ പാര്‍ട്ട് ടൈം ജോലി (ഹോട്ടല്‍ റിവ്യു) ലഭിക്കുന്നതിനായി പ്രതികളുടെ നിര്‍ദ്ദേശപ്രകാരം വിവിധ ടാസ്‌കുകള്‍ക്കു വിവിധ അക്കൗണ്ടുകളിലേക്ക് പണം നല്‍കിയ ശേഷം നിക്ഷേപിച്ച പണമോ വാഗ്ദാനം ചെയ്ത ലാഭമോ നല്‍കാതെ വഞ്ചിച്ചു എന്നതാണ് പരാതി. സമാനമായ സംഭവത്തില്‍ ചക്കരക്കല്‍ സ്വദേശിക്ക് 2,05,000 രൂപയാണ് നഷ്ടമായത്. ടെലിഗ്രാം വഴിയായിരുന്നു തട്ടിപ്പ്. പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്തു തന്നെയായിരുന്നു തട്ടിപ്പ്.
സമാനമായ മറ്റൊരു സംഭവത്തില്‍ പിണറായി സ്വദേശിക്ക് 74,000 രൂപ നഷ്ടപ്പെട്ടു. ഫെയ്സ് ബുക്ക് പരസ്യം കണ്ട് പര്‍ച്ചേസ് ചെയ്യുന്നതിനായി പണം നല്‍കിയ ശേഷം ഉല്‍പ്പന്നം നല്‍കിയില്ലെന്നാണ് പരാതി. ഓണ്‍ലൈന്‍ ലോണിന്റെ പേരില്‍ നടന്ന തട്ടിപ്പില്‍ പിണറായി സ്വദേശിയില്‍ നിന്നും 64,999 രൂപ തട്ടിയെടുത്തെന്ന പരാതിയും പൊലീസിന് ലഭിച്ചിട്ടുണ്ട്.
ലോണ്‍ ലഭിക്കാനുള്ള വിവിധ ചാര്‍ജുകള്‍ എന്നുപറഞ്ഞാണ് പണം തട്ടിയെടുത്തത്. ഓണ്‍ലൈന്‍ പരസ്യം കണ്ട് വാട്സ്ആപ്പ് വഴി ചാറ്റ് ചെയ്ത് കാമറ പര്‍ച്ചേസ് ചെയ്യുന്നതിനായി പണം നല്‍കിയ കതിരൂര്‍ സ്വദേശിക്ക് 43,000 രൂപയും നഷ്ടപ്പെട്ടു. പണം നല്‍കിയെങ്കിലും കാമറ ലഭിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. ഫെയ്സ്ബുക്ക് പരസ്യം കണ്ട് പര്‍ച്ചേസ് ചെയ്യുന്നതിനായി പണം നല്‍കിയ പിണറായി സ്വദേശിക്ക് 21,400 രൂപയാണ് നഷ്ടമായത്. ഇവിടെയും പ്രൊഡക്ട് ലഭിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു.