തുടരെത്തുടരെ ബാലിസ്റ്റിക് മിസൈലുകള്‍ എത്തിയിട്ടും അറബ് രാജ്യങ്ങള്‍ പ്രതികരിക്കാത്തത് എന്ത്? സംയമനമോ അതോ മതമോ? ഇസ്രയേല്‍ പക്ഷത്താകുമെന്ന ഭയമോ? റുഹുള്ള ഖൊമേനി മുതല്‍ ഗാസവരെ; ജിസിസിയുടെ ധാര്‍മിക പ്രതിസന്ധി
ഗള്‍ഫ് സഹകരണ കൗണ്‍സിലും (GCC) അടിയന്തര യോഗം ചേര്‍ന്ന് ഇറാന്റെ ആക്രമണങ്ങളെ അപലപിക്കുകയും ആത്മരക്ഷയ്ക്കായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള അവകാശം സ്ഥിരീകരിക്കുകയും ചെയ്തു. റിയാദിന് നേരെ നടന്ന ആക്രമണത്തെ സൗദി വിദേശകാര്യ മന്ത്രാലയം ശക്തമായ ഭാഷയില്‍ അപലപിച്ചു.

കുവൈത്ത്: പശ്ചിമേഷ്യ എക്കാലത്തും അസ്ഥിരമായി നിലനിന്നപ്പോഴും മൂന്നു പതിറ്റാണ്ടായി ബഹ്റൈന്‍, ഖത്തര്‍, കുവൈറ്റ്, ഒമാന്‍, യു.എ.ഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ സ്ഥിരതയുള്ള പ്രതിച്ഛായ കെട്ടിപ്പടുത്തിരുന്നു. എന്നാല്‍ ഇറാന്റെ മിസൈലുകളും ഡ്രോണുകളും ഗള്‍ഫ് രാജ്യങ്ങളിലെ യു.എസ് താവളങ്ങളില്‍ മാത്രമല്ല, ദുബായിലെയും അബുദാബിയിലെയും ആഡംബര ഹോട്ടലുകളിലും ജനവാസ മേഖലകളിലും പതിച്ചതോടെ മേഖലയെക്കുറിച്ചുള്ള ആ ധാരണ മാറി. വ്യവസായ കേന്ദ്രങ്ങളെയും സിവിലിയന്‍ കേന്ദ്രങ്ങളെയും ഇറാന് ആക്രമിച്ചിട്ടും, മിക്കവാറും എല്ലാ അറബ് രാഷ്ട്രങ്ങളും ഇതുവരെ സംയമനം പാലിക്കുകയും ഏറ്റുമുട്ടല്‍ ഒഴിവാക്കുകയുമാണ് ചെയ്തത്.
സംയമനമോ മതമോ?
ഖമേനി കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഇസ്രായേലിനും മിഡില്‍ ഈസ്റ്റിലെ അമേരിക്കന്‍ താവളങ്ങള്‍ക്കും അറബ് രാജ്യങ്ങള്‍ക്കും നേരെ ഇറാന് മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടത്. ഖമേനി ഇറാന്റെ രാഷ്ട്രത്തലവന് മാത്രമല്ല, ലോകമെമ്പാടുമുള്ള ഷിയാ മുസ്ലീങ്ങളുടെ നേതാവ് കൂടിയായിരുന്നു.
മുസ്ലീം ഉമ്മത്തിന്റെ (Muslim Ummah) ഭാഗമായ ഒരു രാജ്യത്തിനെതിരെ അവര്‍ തിരിച്ചടിച്ചാല്‍, അത് വലിയ ഇസ്ലാമിക സമൂഹത്തിനെതിരായ പ്രവര്‍ത്തനമായും ഇസ്രായേലിനൊപ്പം നില്‍ക്കുന്നതായും വിലയിരുത്താന്‍ ഇടയാക്കും. അതും ഒരു ഷിയാ നേതാവിന്റെ കൊലപാതകത്തിന് ശേഷം.
ഏകദേശം മിഡില്‍ ഈസ്റ്റിനെ മുഴുവന്‍ വിഴുങ്ങിയ മൂന്നാം ദിവസത്തില്‍ ഇറാനുള്ള സൈനിക മുന്നറിയിപ്പിന്റെ കാര്യത്തില്‍ സൗദി അറേബ്യയില്‍നിന്നു മാത്രമാണ് നീക്കമുണ്ടായത്. ആക്രമണം തുടരുകയാണെങ്കില്‍ ഇറാനെതിരെ തിരിച്ചടിക്കാന്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് റോയല്‍ സൗദി സായുധ സേനയ്ക്ക് അനുമതി നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
മേഖലയിലെ ആധിപത്യത്തിനായി സൗദി അറേബ്യയും ഇറാനും തമ്മില്‍ ദീര്‍ഘകാലമായുള്ള ശത്രുത നിലനില്‍ക്കുന്നുണ്ടെങ്കിലും, ഇറാന്റെ ആക്രമണം സൗദിയുടെ അരാംകോ റിഫൈനറിയില്‍ പതിച്ചിട്ടും ജാഗ്രതയോടെയാണു പ്രതികരിച്ചത്.
ഖമേനി കൊല്ലപ്പെട്ട ഫെബ്രുവരി 28-ന്, സൗദി കിരീടാവകാശി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനൊപ്പം ചേര്‍ന്ന് ഇറാനെതിരെ ആക്രമണം നടത്താന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ആവശ്യപ്പെട്ടതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. അടച്ചിട്ട വാതിലുകള്‍ക്കുള്ളില്‍ എന്ത് നടന്നാലും, ഇറാന് പ്രതിസന്ധിയില്‍ നയതന്ത്രപരമായ സമീപനത്തിനാണ് പരസ്യമായി സൗദി അറേബ്യ ആഹ്വാനം ചെയ്തിട്ടുള്ളത്.
മുസ്ലിം ഉമ്മത്ത്?
സമാധാനപരവും വാണിജ്യപരവുമായ പശ്ചിമേഷ്യന്‍ നഗരങ്ങള്‍ കത്തിയെരിയുമ്പോള്‍, അറബ് രാഷ്ട്രങ്ങള്‍ ശരിക്കും ഇറാനെതിരെ പോകുമോ എന്നതാണ് ചോദ്യം. അറബ് രാജ്യങ്ങളുടെ സംയമനത്തിന് മുസ്ലീം ഉമ്മത്ത് ഒരു ഘടകമാണോ? മുസ്ലീം ഉമ്മത്ത് എങ്ങനെയാണ് ഇവിടെ സ്വാധീനം ചെലുത്തുന്നത്?
ഖുര്‍ആനില്‍ വേരുകളുള്ള, ലോകമെമ്പാടുമുള്ള മുസ്ലീം രാഷ്ട്രങ്ങളുടെ കൂട്ടായ സമൂഹമാണ് മുസ്ലീം ഉമ്മത്ത്. കൊളോണിയല്‍ ഭരണമോ മുസ്ലീം ഇതര ശക്തികളുമായുള്ള സംഘര്‍ഷങ്ങളോ പോലുള്ള ബാഹ്യ ഭീഷണികളുണ്ടാകുമ്പോള്‍, പൊതു ശത്രുക്കള്‍ക്കെതിരെ മുസ്ലീങ്ങളെ അണിനിരത്താന്‍ ഉമ്മത്ത് എന്ന സങ്കല്‍പ്പം ഉപയോഗിക്കാറുണ്ട്.
എന്നാല്‍ ഷിയാ-സുന്നി ഭിന്നത നിലനില്ക്കുന്നു. എല്ലാ അറബ് രാജ്യങ്ങളിലും സുന്നി ഭൂരിപക്ഷമാണുള്ളത്, ഇറാന് ഒരു ഷിയാ രാജ്യമാണ്. ഇറാഖ്, ലെബനന്, പാകിസ്ഥാന് എന്നിവിടങ്ങളില്‍ വലിയൊരു ഷിയാ ജനസംഖ്യയുണ്ട്. എങ്കിലും, ഷിയാ-സുന്നി വ്യത്യാസങ്ങള്‍ മുമ്പും ചില പ്രധാന നിമിഷങ്ങളില്‍ മാറ്റിവെച്ചിട്ടുണ്ട്.
ആദ്യത്തെ ഖമേനിയുടെ മരണം
ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ സ്ഥാപകനും അതിന്റെ ആദ്യത്തെ പരമാധികാരിയുമായ ആയത്തുള്ള റുഹുള്ള ഖൊമേനി 1989 ജൂണ്‍ 3ന് അന്തരിച്ചതാണ് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്ന്. ഇറാനുമായി എട്ടു വര്‍ഷത്തെ യുദ്ധം കഴിഞ്ഞിരുന്നിട്ടും സുന്നിയായ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന് ഔദ്യോഗിക അനുശോചനം രേഖപ്പെടുത്തി.
സിറിയയും ഏഴു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. പ്രസിഡന്റ് ഹാഫിസ് അല്‍ അസദ് ഖൊമേനിയെ ‘മാന്യനായ പണ്ഡിതന്’ എന്നും ‘ഷായുടെ ഭരണകൂടത്തെ തകര്ത്തവന്’ എന്നും മുസ്ലീം താല്‍പ്പര്യങ്ങളെ സംരക്ഷിച്ചവന് എന്നും പ്രശംസിച്ചതായി വാഷിംഗ്ടണ്‍ റിപ്പോര്‍ട്ട് ഓണ്‍ മിഡില്‍ ഈസ്റ്റ് അഫയേഴ്സ് പറയുന്നു. ലെബനനും മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നുവെന്ന് വാഷിംഗ്ടണ്‍ റിപ്പോര്‍ട്ട് പറയുന്നു.
ഐക്യത്തിന്റെ മറ്റ് ഉദാഹരണങ്ങളും ഉണ്ടായിട്ടുണ്ട്. ഖൊമേനിയുടെ നേതൃത്വത്തില്‍ നടന്ന 1979-ലെ ഇറാനിയന്‍ വിപ്ലവകാലത്ത്, ഷാ മുഹമ്മദ് റെസ പഹ്ലവിയുടെ പാശ്ചാത്യ സ്വാധീനത്തിനെതിരെയുള്ള പോരാട്ടമെന്ന നിലയില്‍ ചില സുന്നി ഗ്രൂപ്പുകള്‍ അതിനെ പിന്തുണച്ചിരുന്നു.
ഗാസയിലെ ആക്രമണങ്ങള്‍
സമീപ ദശകങ്ങളില്‍, ഗാസയിലെ പ്രതിഷേധങ്ങളില്‍ കണ്ടതുപോലെ, ഇസ്രായേലിനോടുള്ള പൊതുവായ എതിര്‍പ്പ് സുന്നികളെയും ഷിയകളെയും ഒന്നിപ്പിച്ചു. മുസ്ലീങ്ങളും ജൂതന്മാരും തമ്മിലുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശത്രുതയും 1948-ല്‍ ഇസ്രായേല്‍ രൂപീകരിച്ചതോടെ ഉണ്ടായ അസ്വസ്ഥതകളും മറ്റൊരു പ്രധാന ഘടകമാണ്. ഇസ്രായേലിന്റെ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും വലിയ മുസ്ലീം ലോകത്തിന് നേരെയുള്ള ആക്രമണമായി ചിത്രീകരിക്കപ്പെടുന്നു. ഇസ്രായേല്‍ നടുവിലേക്ക് എത്തുമ്പോള്‍ ഷിയാ- സുന്നി എന്നത് പിന്നാക്കം പോയി.
എബ്രഹാം ഉടമ്പടി (Abraham Accords) ഒപ്പിട്ടത് ഇതിനൊരു ഉദാഹരണമാണ്. യു.എ.ഇയും ബഹ്റൈനും ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ ട്രംപിന്റെ നേതൃത്വത്തിലുള്ള കരാറില്‍ ഒപ്പിട്ടു. എന്നാല്‍ ഇറാന്റെ നിഴലായ ഹമാസ് 2023 ഒക്ടോബര്‍ 7-ന് ഇസ്രായേലില്‍ കൂട്ടക്കൊല നടത്തി, ജൂത രാഷ്ട്രം ഗാസയില്‍ ബോംബാക്രമണം നടത്തി തിരിച്ചടിച്ചു. ഗാസയിലെ യുദ്ധം കാരണം എബ്രഹാം ഉടമ്പടിയില്‍ ഒപ്പിടാന്‍ തയാറെടുത്തിരുന്ന സൗദി അറേബ്യ അത് മാറ്റിവച്ചു.
ഇറാന്റെ ആക്രമണങ്ങളോട് അറബ് ലോകം എങ്ങനെ പ്രതികരിച്ചു
മിഡില്‍ ഈസ്റ്റിലെ ഇപ്പോഴത്തെ പ്രതിസന്ധിയില്‍, യു.എസ് സൈനിക താവളങ്ങളുള്ളതിനാല്‍ മാത്രമാണ് ഇറാന് ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യംവച്ചത്. താവളങ്ങളില്ലാത്ത ഒമാനെ ആക്രമിച്ചെങ്കിലും അതിന് ഉടന്‍ തന്നെ ഇറാന് വിശദീകരണം നല്കി.
അബുദാബിക്ക് തെക്കായി സ്ഥിതി ചെയ്യുന്ന അല്‍ ദഫ്ര (Al Dhafra) എയര്‍ ബേസ് ഉള്ളതുകൊണ്ട് മാത്രം യു.എ.ഇക്ക് നേരെ മാത്രം ഇറാന് 165-ലധികം ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ടു. ഇത് യു.എസ് വ്യോമസേന ഉപയോഗിക്കുന്ന പ്രധാന കേന്ദ്രമാണ്. ആക്രമണത്തിന് ശേഷം യു.എസ്, ബഹ്റൈന്‍, ജോര്‍ദാന്‍, കുവൈറ്റ്, ഖത്തര്‍, സൗദി അറേബ്യ, യു.എ.ഇ എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെ ഇറാന്റെ ആക്രമണങ്ങളെ അപലപിച്ചു. ഇത് പരമാധികാരത്തിന്റെ ലംഘനമാണെന്നും സാധാരണക്കാരെ അപകടത്തിലാക്കുന്നുവെന്നും അവര്‍ പറഞ്ഞു.
ഗള്‍ഫ് സഹകരണ കൗണ്‍സിലും (GCC) അടിയന്തര യോഗം ചേര്‍ന്ന് ഇറാന്റെ ആക്രമണങ്ങളെ അപലപിക്കുകയും ആത്മരക്ഷയ്ക്കായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള അവകാശം സ്ഥിരീകരിക്കുകയും ചെയ്തു. റിയാദിന് നേരെ നടന്ന ആക്രമണത്തെ സൗദി വിദേശകാര്യ മന്ത്രാലയം ശക്തമായ ഭാഷയില്‍ അപലപിച്ചു.
യു.എസ് താവളങ്ങള്‍ തങ്ങളുടെ മണ്ണിലുണ്ടെങ്കിലും, യു.എസ്-ഇസ്രായേല്‍ ഓപ്പറേഷനില്‍ ഈ സുന്നി ഭൂരിപക്ഷ അറബ് രാജ്യങ്ങള്‍ സജീവമായി പങ്കെടുത്തില്ല. ജോര്‍ദാന്‍, സൗദി അറേബ്യ എന്നിവയുള്‍പ്പെടെയുള്ള പല രാജ്യങ്ങളും ഇറാനെ ആക്രമിക്കാന്‍ തങ്ങളുടെ വ്യോമാതിര്‍ത്തി ഉപയോഗിക്കാന്‍ അനുവദിച്ചില്ല. തങ്ങളുടെ ആകാശം ഉപയോഗിച്ചിട്ടില്ലെന്ന് അവര്‍ ഇറാനെ ബോധ്യപ്പെടുത്തുകയും ചെയ്തു.
തന്ത്രപരമായ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും എണ്ണ കേന്ദ്രങ്ങളും ഹോര്‍മുസ് കടലിടുക്ക് പോലുള്ള സമുദ്ര പാതകളും സംരക്ഷിക്കുന്നതിനുമാണ് അവര്‍ ഈ നിലപാട് സ്വീകരിച്ചത്. ആക്രമണത്തിന്റെ ഇടയില്‍ അകപ്പെട്ടിട്ടും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇതുവരെ സൈനികമായ തിരിച്ചടി ഉണ്ടായിട്ടില്ല.
ഇറാനെതിരായാല് ഇസ്രയേലിന് അനുകൂലമോ?
യെമനിലും സിറിയയിലും സ്വാധീനം ചെലുത്താന്‍ ശ്രമിക്കുന്ന ഇറാനെ പതിറ്റാണ്ടുകളായി സൗദി അറേബ്യ ഒരു പ്രാദേശിക എതിരാളിയായാണ് കാണുന്നത്. എങ്കിലും, രാജ്യത്ത് മിസൈലുകള്‍ പതിക്കുകയും എണ്ണ ശുദ്ധീകരണ ശാലകള്‍ കത്തിയെരിയുകയും ചെയ്തിട്ടും സൗദി അറേബ്യ പോലും ഇതുവരെ നടപടിയെടുത്തിട്ടില്ല. തിങ്കളാഴ്ച ഡ്രോണ്‍ ആക്രമണത്തില്‍ അരാംകോ റിഫൈനറി കത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
അറബ് രാഷ്ട്രങ്ങള്‍ എന്തുകൊണ്ട് തിരിച്ചടിക്കുന്നില്ല എന്നതിന് ഇതുവരെ ഔദ്യോഗികമായ ഒരു കാരണവും ലഭ്യമായിട്ടില്ല. ഖമേനിയുടെ മരണത്തില്‍ റഷ്യയും ചൈനയും അനുശോചനം അറിയിച്ചപ്പോള്‍, അറബ് രാജ്യങ്ങള്‍ ഖമേനിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് ഔദ്യോഗിക പ്രസ്താവനകളൊന്നും ഇറക്കിയിട്ടില്ല.
തിരിച്ചടിച്ചാല്‍ ഇറാന് കൂടുതല്‍ ശക്തമായി ആക്രമിക്കുമെന്ന് ഈ രാജ്യങ്ങള്‍ ഭയപ്പെടുന്നുണ്ട്. ‘അറബ് ഭരണകൂടങ്ങള്‍ ഇറാനെ ആക്രമിച്ചാല്‍ ആ രാജ്യങ്ങളിലെ രാജാക്കന്മാരുടെ കൊട്ടാരങ്ങള്‍ നേരിട്ട് ലക്ഷ്യം വെക്കും’ എന്ന് ഇറാന്റെ സൈനിക വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയതായി ‘ഇറാന് മിലിട്ടറി മോണിറ്റര്‍’ എന്ന എക്സ് അക്കൗണ്ട് പോസ്റ്റ് ചെയ്തു.
ഇറാനെതിരെയുള്ള ഏതൊരു നീക്കവും തങ്ങള്‍ അമേരിക്ക-ഇസ്രായേല്‍ പക്ഷത്താണെന്ന തെറ്റായ സന്ദേശം ലോകമെമ്പാടുമുള്ള മുസ്ലീങ്ങള്‍ക്കിടയില്‍ നല്‍കുമെന്ന് അവര്‍ ഭയപ്പെടുന്നു. അത് താങ്ങാന്‍ അറബ് രാജ്യങ്ങള്‍ക്ക് കഴിയില്ല.
ഇതുകൂടാതെ, പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെ പോരാടുന്ന ഒരു ഇസ്ലാമിക പോരാളിയായാണ് ഇറാന് സ്വയം അവതരിപ്പിക്കുന്നത്. അറബ് രാജ്യങ്ങള്‍ ആക്രമിച്ചാല്‍ അത് ‘അനീതി’യായും ‘പാശ്ചാത്യ രാജ്യങ്ങളുടെ അടിമത്തം’ ആയും ചിത്രീകരിച്ച് മേഖലയിലുടനീളം സഹതാപം നേടാന്‍ ടെഹ്റാന് ശ്രമിക്കും. ആ നേട്ടം ഇറാന് നല്കാന് അറബ് രാജ്യങ്ങള്‍ ആഗ്രഹിക്കുന്നില്ല.
ഖമേനിയുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും കൊലപാതകത്തെ ഇറാന് ഭരണകൂടം ഒരു ‘ത്യാഗമായി’ ചിത്രീകരിക്കുന്നു. ഖുമിലെ പവിത്രമായ ജാംകരന്‍ പള്ളിക്ക് മുകളില്‍ ചുവന്ന പതാക ഉയര്‍ത്തിയിട്ടുണ്ട്. ഷിയാ ഇസ്ലാമില്‍ ചുവന്ന പതാക രക്തസാക്ഷികളുടെ രക്തത്തെ പ്രതിനിധീകരിക്കുന്നു.
അറബ് രാഷ്ട്രങ്ങളുടെ ഔദ്യോഗിക നിലപാട് എന്തുതന്നെയായാലും, ഖമേനിയുടെ കൊലപാതകത്തെ ലോകമെമ്പാടുമുള്ള മുസ്ലീങ്ങള്‍ ഒരു ഇസ്ലാമിക നേതാവിന്റെ കൊലപാതകമായാണ് കാണുന്നത്. ആ വികാരവും ഇറാന്റെ ഭീഷണിയുമാണ്, ആക്രമണങ്ങള്‍ നേരിട്ടിട്ടും ഇപ്പോള്‍ സംയമനം പാലിക്കാന്‍ അറബ് രാജ്യങ്ങളെ പ്രേരിപ്പിക്കുന്നത്.
#DailyhuntNews, #MiddleEastCrisis, #SaudiArabia, #UAE, #IranConflict, #KhameneiAssassination, #MuslimUmmah, #OilPriceSpike, #GeopoliticsMalayalam, #ഗൾഫ്വാർത്തകൾ, #സൗദിഅറേബ്യ, #ഇറാൻപ്രതിസന്ധി, #വാർത്തകൾ #ഇറാൻ, #ഖമേനി, #യുദ്ധവാർത്തകൾ, #അന്താരാഷ്ട്രവാർത്തകൾ, #ബ്രേക്കിംഗ്ന്യൂസ്, #മലയാളംവാർത്തകൾ, #ഗൾഫ്വാർത്തകൾ, #ഇസ്രായേൽ, #അമേരിക്ക, #ട്രംപ്, #DailyhuntMalayalam, #വാർത്തകൾ








