‘‘സത്യവിശ്വാസികളുടെ കൂട്ടത്തിൽ ചില പുരുഷൻമാരുണ്ട്, ഏതൊരു കാര്യത്തിൽ അല്ലാഹുവിനോട് അവർ ഉടമ്പടി ചെയ്തുവോ, അതിൽ അവർ സത്യസന്ധത പുലർത്തി, അങ്ങനെ അവരിൽ ചിലർ (രക്തസാക്ഷിത്വത്തിലൂടെ) തങ്ങളുടെ പ്രതിജ്ഞ നിറവേറ്റി, അവരിൽ ചിലർ (അത്) കാത്തിരിക്കുന്നു, അവർ (ഉടമ്പടിക്ക്) യാതൊരുവിധ മാറ്റവും വരുത്തിയിട്ടില്ല’’… മരണശേഷം പുറത്തുവന്ന ഖമനയിയുടെ എക്സ് പോസ്റ്റ്

ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി കൊല്ലപ്പെട്ടതിനുശേഷം അദ്ദേഹത്തിന്റെ ഓഫിസ് എക്സിൽ പോസ്റ്റു ചെയ്ത പരിശുദ്ധ ഖുർആനിലെ സൂക്തവാങ്ങൾ വായിച്ചത് ഒരു കോടിയിലധികം ആളുകൾ. ഞായറാഴ്ച രാവിലെ 7.28നാണ് എക്സ് അക്കൗണ്ടിൽ പോസ്റ്റ് പ്രസിദ്ധീകരിച്ചത്. ഖമനയിയുടെ ചിത്രവും ഖുർആനിലെ മൂന്നാം അധ്യായത്തിലെ 23 മൂന്നാമത്തെ സൂക്തവും മാത്രമാണ് പോസ്റ്റിൽ. 7.28നു ശേഷം ഇതുവരെ മറ്റു പോസ്റ്റുകൾ ഇതിലൂടെ പുറത്തുവന്നിട്ടില്ല. ടെഹ്റാനിലെ ഓഫിസ് സമുച്ചയത്തിനുനേരെ ശനിയാഴ്ച യുഎസും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് ഖമനയി കൊല്ലപ്പെട്ടത്.
ഖമനയിയുടെ എക്സിലെ വാക്യങ്ങൾ ഇങ്ങനെ…
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ ‘‘സത്യവിശ്വാസികളുടെ കൂട്ടത്തിൽ ചില പുരുഷൻമാരുണ്ട്. ഏതൊരു കാര്യത്തിൽ അല്ലാഹുവിനോട് അവർ ഉടമ്പടി ചെയ്തുവോ, അതിൽ അവർ സത്യസന്ധത പുലർത്തി. അങ്ങനെ അവരിൽ ചിലർ (രക്തസാക്ഷിത്വത്തിലൂടെ) തങ്ങളുടെ പ്രതിജ്ഞ നിറവേറ്റി. അവരിൽ ചിലർ (അത്) കാത്തിരിക്കുന്നു. അവർ (ഉടമ്പടിക്ക്) യാതൊരുവിധ മാറ്റവും വരുത്തിയിട്ടില്ല’’ പരിശുദ്ധ ഖുർആനിലെ സൂക്തം പങ്കുവച്ചുകൊണ്ടുള്ള പോസ്റ്റിൽ പറയുന്നു.
അതേസമയം കറുത്ത തലപ്പാവും വസ്ത്രവും ധരിച്ച ഖമനയി ജനങ്ങളെ അശീർവദിക്കുന്ന ചിത്രമാണ് പോസ്റ്റിൽ പങ്കുവച്ചിരിക്കുന്നത്. ഖമനയി നേരിട്ടല്ല ഈ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ ഓഫിസിലെ ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ വിഭാഗത്തിനാണ് അക്കൗണ്ടിന്റെ നിയന്ത്രണം. 13 ഭാഷകളിൽ പോസ്റ്റുകൾ വായിക്കാനാകും. ഔദ്യോഗിക പ്രസ്താവനകളും, നയപരമായ സന്ദേശങ്ങളും, മതപരമായ പ്രസംഗങ്ങളും, ലോകത്തോടുള്ള സന്ദേശങ്ങളുമെല്ലാം ഈ അക്കൗണ്ട് വഴിയാണ് ഖമനയി പുറത്തുവിട്ടിരുന്നത്.
2009 ആരംഭിച്ച അക്കൗണ്ടിൽ 14 കോടി ഫോളോവേഴ്സുണ്ട്. 13000 ട്വീറ്റുകൾ ഖമനയി ഇതുവഴി കൊല്ലപ്പെടുന്നതുവരെ നടത്തിയിട്ടുണ്ട്. ഖുർ ആൻ സൂക്തങ്ങൾ, യുഎസ്, ഇസ്രയേൽ സംബന്ധിച്ച അഭിപ്രായങ്ങൾ, ഇറാനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ തുടങ്ങിയവയാണ് ഈ അക്കൗണ്ടുവഴി പങ്കുവച്ചിരുന്നത്.
In the Name of God, the Compassionate, the Merciful
Among the faithful are men who fulfill what they have pledged to Allah: there are some among them who have fulfilled their pledge, and some of them who still wait, and they have not changed in the least (Holy Quran 33:23). pic.twitter.com/f1JizOKWQD
— Khamenei.ir (@khamenei_ir) March 1, 2026






