CrimeNEWS

മഞ്ചേശ്വരത്ത് അമ്മയെ തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവം; മെല്‍വിന്‍ സ്ഥിരം മദ്യപാനി, അടിപിടിക്കോ ബഹളത്തിനോ പോകാത്ത പ്രകൃതം

കാസര്‍കോട്: മഞ്ചേശ്വരത്ത് അമ്മയെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ മെല്‍വിന്‍ മൊന്തേരോ സ്ഥിരം മദ്യപാനി. പക്ഷേ ആരോടും അടിപിടിക്കോ ബഹളത്തിനോ പോയതായി നാട്ടുകാര്‍ക്കും അറിയില്ല. പോലീസും ഇത് ശരിവെക്കുന്നുണ്ട്. നിര്‍മാണത്തൊഴിലാളിയായ മെല്‍വിന് കുറെയായി ജോലിയില്ലായിരുന്നു. ഇതോടെ ആരോടും സംസാരിക്കാറുപോലുമില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. അയല്‍വാസികളോട് പോലും നേരില്‍ സംസാരിക്കുന്നതും അപൂര്‍വമായിരുന്നു. കൈയില്‍ പണമില്ലാത്തപ്പോഴും സ്ഥിരമായി മദ്യപിച്ച് വീട്ടില്‍ പോകുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നെങ്കിലും ഇങ്ങനെ കൊലപാതകം നടത്താനുള്ള കാരണമെന്തെന്നതിലാണ് വ്യക്തത വരേണ്ടത്.

ആരോടും മിണ്ടാതെ, വിഷാദരോഗത്തിനടിപ്പെട്ടത് പോലെയായിരുന്നു മെല്‍വിന്റെ പെരുമാറ്റമെന്നാണ് നാട്ടുകാരില്‍നിന്ന് പോലീസിന് ലഭിക്കുന്ന വിവരം. കടുത്ത മാനസികസംഘര്‍ഷം അനുഭവിച്ചിരുന്നോയെന്നും സംശയിക്കുന്നുണ്ട്. അമ്മയും മകനും തമ്മില്‍ മറ്റു അസ്വാരസ്യങ്ങളുള്ളതായോ വീട്ടില്‍ വഴക്കുള്ളതായോ ആര്‍ക്കുമറിയില്ല. മെല്‍വിനെ ചോദ്യം ചെയ്യുന്നതിലൂടെ കൊലപാതകത്തിലേക്ക് നയിച്ച കാരണത്തില്‍ വ്യക്തതവരുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.

Signature-ad

മെല്‍വിന്‍ മുങ്ങിയതാണെന്ന് മനസ്സിലാക്കിയ പോലീസ് അയാള്‍ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പരിശോധന നടത്തി. നേരത്തെ ജോലി ചെയ്തിരുന്നിടത്തെ സുഹൃത്തുക്കളെയുള്‍പ്പെടെ കണ്ടു. ഇടയ്ക്കിടെ മെല്‍വിന്റെ ടവര്‍ ലൊക്കേഷനും നിരീക്ഷിച്ചുകൊണ്ടിരുന്നു. സംഭവത്തിനുശേഷം ഓട്ടോയില്‍ മഞ്ചേശ്വരത്തെത്തിയ ശേഷം മംഗളൂരു ഭാഗത്തേക്ക് പോയിട്ടുണ്ടെന്ന് മനസ്സിലാക്കിയ പോലീസ് ആ വഴിക്ക് അന്വേഷണം തിരിച്ചുവിട്ടു.

കുറച്ചുനാളുകളായി ജോലിയില്ലാത്തതിനാല്‍ കര്‍ണാടകയിലെ ക്വാറികളില്‍ ജോലിതേടി പോകാനുള്ള സാധ്യത മെല്‍വിനുമായി പരിചയമുള്ളവര്‍ സൂചിപ്പിച്ചു. അങ്ങനെയാണ് ഉഡുപ്പി, കുന്താപുരം ഭാഗങ്ങളിലേക്കും തിരച്ചില്‍ നീട്ടിയത്. കൈയില്‍ പണമില്ലെന്ന് ഉറപ്പായതിനാല്‍ അത്ര വേഗം പ്രതിക്ക് ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് പോകാന്‍ സാധിക്കില്ലെന്നും കണക്കാക്കി. ഇതിനിടെ ഇടക്കിടെ മെല്‍വിന്റെ ഫോണ്‍ ഓഫ് ചെയ്യുന്നതും ശ്രദ്ധയില്‍പ്പെട്ടു. ഓരോ സമയത്തും ഫോണ്‍ ഓണ്‍ ആകുമ്പോള്‍ കാണുന്ന ലൊക്കേഷന്റെ ദിശ മനസ്സിലാക്കി പോലീസ് നീങ്ങിയതോടെയാണ് ബൈന്ദൂരിനടുത്തുനിന്ന് ഇയാള്‍ പിടിയിലായത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: