കൊല്‍ക്കത്തയില്‍ നിയമവിദ്യാര്‍ഥിനി കോളേജ് ക്യാമ്പസില്‍ കൂട്ടബലാത്സംഗത്തിനിരയായി; രണ്ടു കോളജ് വിദ്യാര്‍ഥികളും പൂര്‍വവിദ്യാര്‍ഥിയും അറസ്റ്റില്‍

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ നിയമവിദ്യാര്‍ഥിനി കോളേജ് ക്യാമ്പസിനുള്ളില്‍ കൂട്ടബലാത്സംഗത്തിനിരയായി. കൊല്‍ക്കത്തയ്ക്ക് സമീപം കസ്ബയിലാണ് സംഭവം. ബുധനാഴ്ച രാത്രി നടന്ന സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ അറസ്റ്റിലായതായി പോലീസ് അറിയിച്ചു. ഇതില്‍ രണ്ടുപേര്‍ കോളേജ് വിദ്യാര്‍ഥികളും മൂന്നാമന്‍ പൂര്‍വവിദ്യാര്‍ഥിയുമാണ്. കേസിലെ മുഖ്യപ്രതിയായ പൂര്‍വവിദ്യാര്‍ഥി തൃണമൂല്‍ കോണ്‍ഗ്രസ് വിദ്യാര്‍ഥി വിഭാഗം മുന്‍ നേതാവാണെന്നാണ് വിവരം.
വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായെന്ന വാര്‍ത്തയ്ക്ക് പിന്നാലെ മമതാ ബാനര്‍ജി സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി ബിജെപി ഐടി സെല്‍ കണ്‍വീനര്‍ അമിത് മാളവ്യ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരിയും തൃണമൂല്‍ കോണ്‍ഗ്രസിനെതിരേ രംഗത്തെത്തി. ബംഗാളില്‍ നിയമവാഴ്ച ഇല്ലാതായിരിക്കുന്നെന്നും നാണക്കേടാണ് ഇതെന്നും അദ്ദേഹം എക്സില്‍ പ്രതികരിച്ചു.

പത്തുമാസം മുന്‍പ് കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടിരുന്നു. സംഭവം ദേശീയതലത്തില്‍ വാര്‍ത്തയാവുകയും രാജ്യമെമ്പാടും പ്രതിഷേധങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. കോളേജിലെ സെമിനാര്‍ റൂമില്‍നിന്നായിരുന്നു ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. കുറ്റക്കാരനെന്ന് കണ്ടെത്തിയ കോളജ് സഞ്ജയ് റോയിക്ക് ജീവപര്യന്തം തടവും ലഭിച്ചിരുന്നു.