Breaking NewsIndiaLead NewsNEWSNewsthen SpecialWorld

മുന്നിലുള്ളത് വിനയത്തോടെയുള്ള സഹകരണം? ഖത്തറില്‍ നടത്തിയത് അമേരിക്കയുടെ അറിവോടെ പ്രതീകാത്മക ആക്രമണം; ഇറാന്‍ നേരിട്ടത് വന്‍ തിരിച്ചടി; സൈനിക കേന്ദ്രങ്ങള്‍ തകര്‍ന്നടിഞ്ഞു; 350 ബാലിസ്റ്റിക് മിസൈല്‍ ലോഞ്ചറുകളില്‍ 250 എണ്ണവും തകര്‍ത്തു; ആയിരം തവണ പോര്‍ വിമാനങ്ങള്‍ പറത്തിയ ഇസ്രായേലിന് നഷ്ടമായത് ഒരു ഡ്രോണ്‍!

550 ബാലിസ്റ്റിക് മിസൈലുകള്‍ ഇറാന്‍ വിക്ഷേപിച്ചു. ഇതില്‍ 10 എണ്ണം മാത്രമാണ് ഇസ്രയേലിന്റെ പ്രതിരോധം ഭേദിച്ചത്. 1000 ഡ്രോണ്‍ ആക്രമണങ്ങളും ഇറാന്‍ നടത്തി. ഒരു ഡ്രോണ്‍ മാത്രമാണ് ഇസ്രായേലിനെ മറികടന്നത്

ന്യൂഡല്‍ഹി: ഇസ്രായേല്‍- ഇറാന്‍ വെടിനിര്‍ത്തലിനു വേണ്ടി പിന്‍വാതില്‍ ചര്‍ച്ചകള്‍ നടന്നെന്നും ജൂണ്‍ 24ന് ഖത്തറിലെ അല്‍ ഉദൈദ് വിമാനത്താവളത്തില്‍ നടത്തിയ ആക്രമണം അമേരിക്കയുടെ അനുമതിയോടെ നടന്ന പ്രതീകാത്മക മിസൈലിടല്‍ മാത്രമായിരുന്നെന്നും റിപ്പോര്‍ട്ട്. ഇറാന്‍ അയച്ച ഒരു മിസൈല്‍ പോലും അമേരിക്കന്‍ വ്യോമ താവളത്തെ ലക്ഷ്യമിട്ടില്ല. അതിലെ ജിപിഎസ് ട്രാക്കിംഗ് പോലും ഖത്തറിലെ ആളൊഴിഞ്ഞ മേഖലകളിലേക്കായിരുന്നെന്നും ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് സൈനിക വിദഗ്ധര്‍ ലഫ്. ജനറല്‍ എച്ച്.എസ്. പനാഗ് പറഞ്ഞു. നാല്‍പതു വര്‍ഷത്തോളം ഇന്ത്യന്‍ സൈന്യത്തില്‍ പ്രവര്‍ത്തിച്ചയാളാണു പനാഗ്.

ഇറാനു വിജയം അവകാശപ്പെടാന്‍ അവസരം നല്‍കുകയായിരുന്നെന്നും അവരുടെ ആണവായുധ പദ്ധതികളെ യുദ്ധം സാരമായി ബാധിച്ചെന്നും സൈനിക ശേഷിയില്‍ കാര്യമായ വിടവുണ്ടായെന്നും പനാഗ് പറഞ്ഞു. വെടിനിര്‍ത്തല്‍ ഇപ്പോഴും ദുര്‍ബലമാണ്. ഇറാന്‍ കീഴടങ്ങിയെന്നതാണു നഗ്നമായ യാഥാര്‍ഥ്യം. അവര്‍ക്കു സൈനിക ശേഷിയോ യുദ്ധം തുടരാനുള്ള കഴിവോ ഇല്ലായിരുന്നു. വിനയത്തോടെയുള്ള ചര്‍ച്ചകള്‍ മാത്രമാണ് അവര്‍ക്കു മുന്നിലുള്ളത്. മറിച്ചായാല്‍ അഫ്ഗാന്റെ വഴിയിലേക്കു നീങ്ങുമെന്നും അധികാരം നഷ്ടമാകുമെന്നുമുള്ള ആശങ്കയുമുണ്ട്. എണ്ണ സമ്പത്ത് സംരക്ഷിക്കുകയെന്ന ലക്ഷ്യവും തീരുമാനത്തിനു പിന്നിലുണ്ട്.

Signature-ad

ഫോര്‍ദോ അടക്കമുള്ള ആണവ കേന്ദ്രങ്ങളുടെ തകര്‍ച്ച പരിശോധിച്ചാല്‍ ഐഡിഎഫിന്റെ വിലയിരുത്തലിനെയാണ് ആശ്രയിക്കാവുന്നതെന്നും പനാഗ് പറയുന്നു. ഇറാന്‍ അവര്‍ക്കു മാത്രമാണു ഭീഷണി. അതിനാല്‍ റിപ്പോര്‍ട്ടുകള്‍ വളച്ചൊടിക്കാന്‍ സാധ്യതയില്ല. ആണവായുധ നിര്‍മാണവുമായി ബന്ധപ്പെട്ട അറിവുകള്‍ നശിപ്പിക്കാന്‍ കഴിയില്ലെന്നും 15 മുന്‍നിര ശാസ്ത്രജ്ഞരെ വധിച്ചതിലൂടെയും ആണവ കേന്ദ്രങ്ങളെ നശിപ്പിക്കുകയും ചെയ്തതിലൂടെ അവരുടെ അണ്വായുധ പദ്ധതികളെ വര്‍ഷങ്ങള്‍ പിന്നോട്ടടിച്ചിട്ടുണ്ടെന്നും ഐഡിഎഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.

വ്യോമാക്രമണം നടത്താനും ഇസ്രായേലിനെ ലക്ഷ്യമിടാനുള്ള പ്രതികരണശേഷിയും തകര്‍ന്നു. യുദ്ധമാരംഭിച്ച് ആദ്യ 48 മണിക്കൂറില്‍തന്നെ എല്ലാ വ്യോമ പ്രതിരോധങ്ങളും തകര്‍ന്നു. 80 ആയുധപ്പുരകളും ചാമ്പലായി. ഇറാന്റെ വ്യോമാതിര്‍ത്തികളില്‍ സുഗമമായിട്ടാണ് ഇസ്രായേല്‍ വിമാനങ്ങള്‍ പറന്നത്. ലോഞ്ചറുകള്‍, സ്റ്റോക്ക്‌പൈലുകള്‍, ഉല്‍പാദന ഫാക്ടറികള്‍ എന്നിവയും തകര്‍ന്നു. 350 ബാലിസ്റ്റിക് മിസൈല്‍ ലോഞ്ചറുകളില്‍ കുറഞ്ഞത് 250 എണ്ണവും 2,500 ബാലിസ്റ്റിക് മിസൈലുകളില്‍ ആയിരവും നശിപ്പിക്കപ്പെട്ടു. ബാലിസ്റ്റിക് അടക്കം ആകെ നൂറോളം ലോഞ്ചറുകളും പരമാവധി 1500 ബാലിസ്റ്റിക് മിസൈലുകളും മാത്രമാണ് അവശേഷിച്ചത്. ഇതില്‍ 550 എണ്ണം ഇസ്രയേലിനെ ലക്ഷ്യമിട്ടു വിക്ഷേപിച്ചു.

സായുധ സേനയുടെയും ഐആര്‍ജിസി (ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സ്) യുടെയും മുഴുവന്‍ തലവന്‍മാരും കൊല്ലപ്പെട്ടു. സൈനിക കമാന്‍ഡുകളും നിയന്ത്രണ കേന്ദ്രങ്ങളും തകര്‍ക്കപ്പെട്ടു. ഇറാന്റെ എണ്ണക്കിണറുകളും ശുദ്ധീകരണ ശാലകളും നശിപ്പിക്കാനുള്ള അവസരവും ശേഷിയും ഇസ്രായേലിനുണ്ടായിരുന്നു. ഇറാന്‍ അറബ് രാജ്യങ്ങളിലെ എണ്ണയുത്പാദന കേന്ദ്രങ്ങളെ ആക്രമിച്ചേക്കുമെന്ന സൂചനയെത്തുടര്‍ന്നാണ് ഇതു വേണ്ടെന്നുവച്ചത്.

ഇറാന്റെ ബാലിസ്റ്റിക് മിസൈലുകള്‍ അസ്വീകാര്യമായ നാശമുണ്ടായെന്നും ഐഡിഎഫ് വിലയിരുത്തുന്നു. അമേരിക്കന്‍ സമ്മര്‍ദത്തിനു പുറമേ, വെടിനിര്‍ത്തലിന് ഇസ്രയേലിനെ നിര്‍ബന്ധിച്ച ഒരേയൊരു ഘടകം സിവിലിയന്‍ കേന്ദ്രങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങളായിരുന്നു. എന്നാല്‍, യുദ്ധത്തിന്റെ രാഷ്ട്രീയ- സൈനിക ലക്ഷ്യങ്ങള്‍ ഇസ്രയേലും അമേരിക്കയും നേടിയെടുത്തു. ഭരണമാറ്റം യാഥാര്‍ഥ്യ ബോധമില്ലാത്തതായിരുന്നു എന്നു വിലയിരുത്താമെങ്കിലും ദീര്‍ഘകാല അടിസ്ഥാനത്തില്‍ അതൊരു ലക്ഷ്യമാകുമെന്നും പനാഗ വിലയിരുത്തുന്നു.

ഠ ഇറാന്റെ കീഴടങ്ങല്‍

സ്വയം പ്രതിരോധിക്കുന്നതിനൊപ്പം ഭരണകൂടത്തിന്റെ നിലനില്‍പ്പ് ഉറപ്പാക്കുക മാത്രമായിരുന്നു ഇറാന്റെ ലക്ഷ്യം. ഇറാന്റെ പ്രതിരോധത്തിന്റെ കാതല്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന മൂന്നു കാര്യങ്ങളായിരുന്നു. അതിന്റെ രഹസ്യ ആണവായുധ പദ്ധതി, പ്രാദേശിക പ്രോക്‌സികളുടെ വിശാലമായ ശൃംഖല- ഹിസ്ബുള്ള, ഹൂത്തികള്‍, ഹമാസ്, മുന്‍ സിറിയന്‍ ഭരണകൂടമായ ബഷര്‍ അല്‍-അസദ് എന്നിവ, കൂടാതെ ബാലിസ്റ്റിക് മിസൈലും ഡ്രോണ്‍ സേനയും. പശ്ചിമേഷ്യയില്‍ ആധിപത്യം സ്ഥാപിക്കാനും യുഎസ്-ഇസ്രായേല്‍ തന്ത്രപരമായ ഘടനയെ വെല്ലുവിളിക്കാനും ടെഹ്റാന്‍ ശ്രമിച്ച ഉപകരണങ്ങള്‍ ഇവയായിരുന്നു. 12 ദിവസത്തെ യുദ്ധത്തിന്റെ അവസാനം ഇതെല്ലാം തച്ചുടയ്ക്കപ്പെട്ടു.

ഇസ്രായേല്‍ വ്യോമാക്രമണത്തെ പ്രതിരോധിക്കുന്നതില്‍ ഇറാന്‍ ദയനീയമായി പരാജയപ്പെട്ടു. ഒരു ഡ്രോണ്‍ മാത്രമാണ് ഐഡിഎഫിനു നഷ്ടപ്പെട്ടത്. എന്നാല്‍, ഒരു യുദ്ധ വിമാനത്തിനുപോലും പോറലേറ്റില്ല. 12 ദിവസത്തിനുള്ളില്‍ ഇസ്രായേലിന് 1,000 തവണ യുദ്ധവിമാനങ്ങള്‍ പറത്താന്‍ കഴിഞ്ഞു. ഇറാന്റെ പ്രതിരോധം നിഷ്‌ക്രിയ നടപടികളിലൂടെ മാത്രമായിരുന്നു. ഒളിച്ചിരിക്കല്‍, പ്രതിരോധ സംവിധാനങ്ങളെ മറച്ചുവയ്ക്കല്‍, ശക്തമായ ഭൂഗര്‍ഭ ഘടനകള്‍ എന്നിവയായിരുന്നു ഇത്.

550 ബാലിസ്റ്റിക് മിസൈലുകള്‍ ഇറാന്‍ വിക്ഷേപിച്ചു. ഇതില്‍ 10 എണ്ണം മാത്രമാണ് ഇസ്രയേലിന്റെ പ്രതിരോധം ഭേദിച്ചത്. 31 കേന്ദ്രങ്ങളില്‍ മാത്രമാണ് ഇവ നാശമുണ്ടാക്കിയത്. 28 പേര്‍ മരിച്ചു. മൂവായിരത്തിലധികം പേര്‍ക്കു പരിക്കേറ്റു. 1000 ഡ്രോണ്‍ ആക്രമണങ്ങളും ഇറാന്‍ നടത്തി. ഒരു ഡ്രോണ്‍ മാത്രമാണ് ഇസ്രായേലിനെ മറികടന്നത്. ഇറാനു ലഭിച്ച ആഘാതം പക്ഷേ, ഭൗതികമെന്നതിലും മാനസികമാണ്.

10 അണുബോംബുകള്‍ നിര്‍മിക്കാന്‍ കഴിയുന്ന 400 കിലോ യുറേനിയം മാറ്റിയെന്നാണ് ഇറാന്‍ അവകാശപ്പെടുന്നത്. എന്നാല്‍, ഉപഗ്രഹങ്ങളിലൂടെയും ചാര വിമാനങ്ങളിലൂടെയും നിരന്തരം നിരീക്ഷണം തുടരുന്ന സാഹര്യത്തില്‍ ബോംബ് നിര്‍മാണം എത്രത്തോളം സാധ്യമാണെന്നതില്‍ സംശയമുണ്ട്. ഇറാന്റെ നല്ലകാലത്ത് അണുബോംബുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇപ്പോഴതു ചെയ്യാന്‍ കഴിയുമെന്നു കരുതാനുമാകില്ലെന്നും പനാഗ് പറയുന്നു. നിലവില്‍ ഇറാന്റെ ഭരണകൂടത്തിനു ഭീഷണികളില്ല. റവല്യൂഷണറി ഗാര്‍ഡുകള്‍ അടിച്ചമര്‍ത്തല്‍ നടപടികള്‍ ആരംഭിച്ചതിനാല്‍ കാര്യമായ പ്രതിഷേധവും ഉയരാന്‍ സാധ്യതയില്ല. അപ്പോഴും വെടിനിര്‍ത്തല്‍ തുടരുകയല്ലാതെ ഇറാന്റെ മുന്നില്‍ മറ്റു മാര്‍ഗങ്ങളില്ല.

ഠ ഇനിയെന്ത്?

സ്വയം സംരക്ഷിക്കുകയല്ലാതെ ഭാവിയില്‍ റഷ്യ, ചൈന എന്നിവിടങ്ങളില്‍നിന്നുള്ള സഹായം പ്രതീക്ഷിക്കാനാകില്ല. ഇസ്രായേല്‍-യുഎസ് വ്യോമശക്തിക്കെതിരെ ഇറാന് ഒരു തരത്തിലുള്ള പ്രതിരോധവുമില്ല. ഭാവിയില്‍ അതിന്റെ ‘ഭൂതം’ രാജ്യത്ത് വലിയ തോതില്‍ പടര്‍ന്നുപിടിക്കും. യുദ്ധത്തിനു മുമ്പുള്ള നിലവാരത്തില്‍ പോലും എത്താന്‍ ഇറാനു വര്‍ഷങ്ങള്‍ ആവശ്യമാണ്. അപ്പോള്‍പിന്നെ ഇസ്രായേലിനു ഭീഷണി ഉയര്‍ത്തുമോ എന്ന കാര്യം ചോദിക്കേണ്ടതില്ല. ഇരുപുറവും ഇരുന്നു ചര്‍ച്ചയല്ലാതെ മറ്റു മാര്‍ഗമില്ല. ഇറാനില്‍ സമ്പൂര്‍ണ നിബന്ധന ഏര്‍പ്പെടുത്തുകയാണ് ഇസ്രായേല്‍-യുഎസ് ലക്ഷ്യം. ഇറാനുള്ളിലെ എല്ലാ യുറേനിയം സമ്പുഷ്ടീകരണവും ഐഎഇഎയുടെ നിരീക്ഷണത്തിലാക്കുക, ഹമാസ്-ഹിസ്ബുള്ള-ഹൂത്തികള്‍ക്കുള്ള സഹായം അവസാനിപ്പിക്കല്‍, ബാലിസ്റ്റിക് മിസൈലുകളുടെ നിര്‍മാണത്തില്‍ പരിധി നിശ്ചയിക്കല്‍ എന്നിവയെല്ലാം ചര്‍ച്ചയില്‍ വരും. സമാധാന ചര്‍ച്ചകളുടെ ഗതി നിശ്ചയിക്കാന്‍ പ്രയാസമാണ്. പക്ഷേ, തന്ത്രപരമായ സ്വയംഭരണം നിലനിര്‍ത്താന്‍ അത് അത്യാവശ്യമാണ്. അവര്‍ക്കു പ്രതീക്ഷിക്കാന്‍ കഴിയുന്നത് ബഹുമാനത്തോടെയുള്ള സഹകരണം മാത്രമാണ്.

Back to top button
error: