‘ഖമേനി പേടിച്ച് ആഴത്തിലുള്ള ഭൂഗര്‍ഭ അറയില്‍ ഒളിച്ചു; അല്ലെങ്കില്‍ അയാളെയും തീര്‍ക്കുമായിരുന്നു’; പരമോന്നത നേതാവിന്റെ വീഡിയോ പുറത്തു വന്നതിനു പിന്നാലെ പ്രതികരിച്ച് ഇസ്രയേല്‍; വെടി നിര്‍ത്തല്‍ ഖമേനി അറിഞ്ഞില്ലെന്ന് ഇറാന്‍ മാധ്യമം; ഇനി ആക്രമിച്ചാല്‍ അമേരിക്കയെ തീര്‍ക്കുമെന്ന് ഖമേനിയും

ടെല്‍അവീവ്: ഭൂമിക്കടിയില്‍ ഒളിച്ചില്ലായിരുന്നെങ്കില്‍ ഇറാന്റെ പരമോന്നത നേതാവ് അയൊത്തൊള്ള ഖമേനിയെയും വധിക്കുമായിരുന്നെന്ന് ഇസ്രയേല്‍. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ അണ്ടര്‍ഗ്രൗണ്ട് ബങ്കറില്‍നിന്നു പുറത്തെത്തി അമേരിക്കയ്ക്കും ഇസ്രായേലിനും എതിരേ ആഞ്ഞടിച്ച് ഖമേനിയുടെ വീഡിയോ പുറത്തുവന്നതിനു പിന്നാലെയാണു ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സിന്റെ പ്രതികരണം. ‘ഞങ്ങളുടെ കണ്‍വെട്ടത്ത് ഖമേനി ഉണ്ടായിരുന്നെങ്കില്‍ അയാളെയും തീര്‍ക്കുമായിരുന്നു. ഇതു തിരിച്ചറിഞ്ഞ് വളരെ ആഴത്തില്‍ നിര്‍മിച്ച ഒളിത്താവളത്തില്‍ അഭയം തേടി. ഞങ്ങള്‍ വധിച്ച സൈനിക നേതാക്കള്‍ക്കു പകരം നിയമിച്ച കമാന്‍ഡര്‍മാരുമായുള്ള എല്ലാ ബന്ധവും വിഛേദിച്ചു. അതിനാല്‍ ഖമേനിയെ വധിക്കുക പ്രായോഗികമായിരുന്നില്ല’ എന്നും ഇസ്രയേലിന്റെ കാന്‍ പബ്ലിക് ടെലിവിഷനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ജൂണ്‍ 13 നു യുദ്ധമാരംഭിച്ചതിനു പിന്നാലെ ഇസ്രയേല്‍ ഇറാന്റെ മുന്‍നിര കമാന്‍ഡര്‍മാരെയും ശാസ്ത്രജ്ഞരെയും വധിച്ചിരുന്നു. ഖമേനിയെ ലക്ഷ്യമിടുമെന്നും ഇറാനിലെ ഭരണകൂടത്തെ മാറ്റി സ്ഥാപിക്കുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇടയ്ക്കിടെ സൂചന നല്‍കിയിരുന്നു. എന്നാല്‍, ട്രംപുമായി നടത്തിയ ചര്‍ച്ചയ്ക്കു പിന്നാലെ ഇറാന്‍ വെടിനിര്‍ത്തലിനു തയാറാകുകയായിരുന്നു.

വെടി നിര്‍ത്തലിന്റെ കാര്യത്തില്‍ ഖമേനിക്കു യാതൊരു ഇടപാടുകളും ഉണ്ടായിരുന്നില്ലെന്നും സൈന്യവുമായുള്ള ബന്ധം വിഛേദിച്ചതിനാല്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ തീരുമാനമെടുത്തത് പ്രസിഡന്റ മസൂദ് പെഷസ്‌കിയാനും ഇറാന്റെ സുരക്ഷാ കൗണ്‍സിലാണെന്നും ഇറാന്‍ ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു. വെടിനിര്‍ത്തല്‍ പെട്ടെന്നു നേടിയെടുക്കുകയായിരുന്നു നാഷണല്‍ കൗണ്‍സിലിന്റെ ലക്ഷ്യമെന്നും ഈ സമയം ഖമേനിയുമായി ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും ചര്‍ച്ചകളെക്കുറിച്ച് അറിയാവുന്ന ഒരാള്‍ വ്യക്തമാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നോര്‍ത്ത് ഈസ്റ്റ് ടെഹ്‌റാനിലെ ബങ്കറിലാണു ഖമേനിയും കുടുംബവുമെന്നു ഇറാന്‍ ഇന്റര്‍നാഷണല്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ഈ മാസം ആദ്യം തീരുമാനമെടുക്കാനുള്ള അധികാരം ഇസ്ലാമിക് റവല്യൂഷനറി ഗാര്‍ഡ്‌സ് കോര്‍പ്‌സ് (ഐആര്‍ജിസി)ന്റെ സുപ്രീം കൗണ്‍സിലിനു കൈമാറിയിരുന്നു. തനിക്കെതിരേ ആക്രമണമുണ്ടായാല്‍ തീരുമാനമെടുക്കുന്നതില്‍ അനിശ്ചിതത്വമുണ്ടാകരുതെന്നു ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം.
എന്നാല്‍, ബങ്കറിനു വെളിയില്‍വന്നതിനു പിന്നാലെ ആദ്യം എക്‌സിലൂടെ പുറത്തുവിട്ട പ്രസംഗത്തില്‍ വന്‍ വെല്ലുവിളികളും ഖമേനി നടത്തിയിട്ടുണ്ട്. ഭാവിയില്‍ ഏതെങ്കിലുമൊരു രാഷ്ട്രം ഇറാനെതിരെ ആക്രമണത്തിന് തുനിഞ്ഞാല്‍ വലിയ വില നല്‍കേണ്ടി വരുമെന്നും യുഎസ് സൈനിക ശക്തിയെ തകര്‍ക്കാന്‍ കെല്‍പ്പുള്ള സൈന്യമാണ് ഇറാനിന്റേതെന്നും ഖമേനി തുറന്നടിച്ചു.
ഠ ഇനി ആക്രമിച്ചാല്‍ തീര്‍ത്തുകളയും
ആണവായുധം ഇറാന്‍ ഉണ്ടാക്കുന്നുവെന്നും, മിസൈലുകള്‍ വികസിപ്പിക്കുന്നുവെന്നും മുറവിളി കൂട്ടുന്നവരുടെ ലക്ഷ്യം എന്താണെന്ന് മനസിലാകുമെന്നും ഇറാന്‍ ആര്‍ക്കും കീഴടങ്ങില്ലെന്നും ഖമേനി പറഞ്ഞു. ‘ഇറാന്‍ കീഴടങ്ങണം, അതായിരുന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രസംഗത്തില്‍ പറഞ്ഞത്. ട്രംപിനെപ്പോലെ ഒരാള്‍ക്ക് ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമാണത്. ഇറാനെ പിടിച്ചടക്കുകയാണ് യുഎസ് ലക്ഷ്യം. ഇറാന്‍ സര്‍വശക്തമായ രാജ്യമാണെന്നും കീഴ്‌പ്പെടുത്താമെന്നതും കീഴടങ്ങുമെന്നതും വ്യാമോഹം മാത്രമാണെന്നും ഖമേനി കൂട്ടിച്ചേര്‍ത്തു.
ട്രംപ് പറയുന്നത് പോലെയുള്ള നാശനഷ്ടങ്ങളൊന്നും യുഎസ് ആക്രമണത്തില്‍ ആണവകേന്ദ്രങ്ങള്‍ക്ക് ഉണ്ടായിട്ടില്ലെന്നും ഖമനയി വെളിപ്പെടുത്തി. കാര്യമായ ഒരു ക്ഷതവും സംഭവിച്ചിട്ടില്ല. ഇല്ലാത്ത കാര്യങ്ങള്‍ ഊതിപ്പെരുപ്പിക്കുക മാത്രമാണ് ട്രംപ് ചെയ്യുന്നത്. സത്യം മറച്ച് പിടിക്കുകയാണ് ട്രംപിന്റെ ലക്ഷ്യം. യുഎസിന്റെ സുപ്രധാന വ്യോമതാവളമാണ് ഞങ്ങള്‍ ആക്രമിച്ചത്. അത് മറച്ചുവയ്ക്കാനാണ് ഈ വീരവാദമെന്നും ട്രംപിന്റെ അവകാശവാദങ്ങളെ തള്ളി ഖമനയി പറഞ്ഞു. ഇറാന്റെ ആണവകേന്ദ്രങ്ങള്‍ക്കെതിരായി നടത്തിയ ആക്രമണം വിജയകരമായിരുന്നുവെന്നും ഫൊര്‍ദോ ആണവകേന്ദ്രം തകര്‍ത്തുവെന്നുമായിരുന്നു ആക്രമണത്തിന് പിന്നാലെ ട്രംപ് പറഞ്ഞത്
അതേസമയം, ഇറാനുമായി അടുത്തയാഴ്ച ചര്‍ച്ചകള്‍ നടത്തുമെന്നും ഇറാന്റെ ആണവ ആയുധ നിര്‍മാണ പദ്ധതികള്‍ നിര്‍ത്തിവയ്പ്പിക്കുന്ന കരാറില്‍ എത്തിച്ചേരാനാകുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഹേഗില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിക്കിടെയായിരുന്നു ട്രംപിന്റെ വെളിപ്പെടുത്തല്‍. ഇനിയും ആണവ ആയുധങ്ങള്‍ ലോകത്തിന് ആവശ്യമില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.