Breaking NewsKeralaLead NewsMovieNEWSSocial MediaTRENDING

ചുരുളിയില്‍ ഇടഞ്ഞു ജോജു ജോര്‍ജ്; സംവിധായകനു പിന്തുണയുമായി കൂടുല്‍ അഭിനേതാക്കള്‍; തിരക്കഥ വായിച്ചിട്ടാണ് എല്ലാവരും അഭിനയിച്ചതെന്നു ജാഫര്‍ ഇടുക്കിയും വിനയ് ഫോര്‍ട്ടും ഗീതി സംഗീതയും

കൊച്ചി: ചുരുളി സിനിമയിലെ തെറിയെ ചൊല്ലി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയോട് പരസ്യമായി ഇടഞ്ഞ് നടന്‍ ജോജു ജോര്‍ജ്. ചുരുളിയിലെ തെറിപറയുന്ന കഥാപാത്രം കുടുംബത്തിന് അപമാനമുണ്ടാക്കിയെന്നും ഫെസ്റ്റിവലിന് വേണ്ടിയുള്ള സിനിമയെന്ന് പറഞ്ഞതുകൊണ്ടാണ് അഭിനയിച്ചതെന്നും ജോജു ആരോപിച്ചു. അതിനിടെ ജോജുവിനെ ആരും തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്ന് പ്രതികരിച്ച സംവിധായകന്‍ ലിജോ, ജോജുവിന് നല്‍കിയ പ്രതിഫലത്തിന്റെ രേഖ പുറത്തുവിട്ടു. ലിജോയെ പിന്തുണച്ച് നടന്മാരായ ജാഫര്‍ ഇടുക്കിയും വിനയ് ഫോര്‍ട്ടും നടി ഗീതി സംഗീതയും പ്രതികരിച്ചു.

ചുരുളി കാരണം ഏറ്റവും അനുഭവിച്ചയാള്‍ താനാണെന്നും മക്കള്‍ സ്‌കൂളില്‍ പോകുമ്പോള്‍ പോലും ചുരുളിയിലെ ട്രോള്‍ പറഞ്ഞു കളിയാക്കിയെന്നും ജോജു ആരോപിച്ചു. സിനിമയുടെ തെറിയില്ലാത്ത പതിപ്പ് ഡബ് ചെയ്തിട്ടുണ്ടെന്നും എന്നാല്‍ പണം കൂടുതല്‍ വന്നപ്പോള്‍ ഒടിടിയില്‍ തെറി ഉള്ള വേര്‍ഷന്‍ വിറ്റുവെന്നും ജോജു ആരോപിച്ചു. നേരത്തെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇതേ ആരോപണം ഉന്നയിച്ച ജോജുവിനെതിരെ ലിജോ ഫെയ്‌സ്ബുക്കില്‍ പ്രതികരിച്ചതോടെ ജോജു ആരോപണം പരസ്യമാക്കുകയായിരുന്നു. ഇതിനിടെയാണ് ലിജോയെ ശരിവച്ച് ചിത്രത്തിലെ നടീനടന്മാര്‍ രംഗത്തെത്തിയത്.

Signature-ad

ചുരുളിയില്‍ അഭിനയിച്ചതില്‍ അഭിമാനമെന്ന് വിനയ് ഫോര്‍ട്ട് പറഞ്ഞു. തിരക്കഥ മനസിലാക്കിയാണ് ചുരുളിക്കൊപ്പം ചേര്‍ന്നത്. സംവിധായകന്‍ കൃത്യമായി എല്ലാം പറഞ്ഞുതന്നിരുന്നു. ജോജുവിന്റെ കാര്യത്തില്‍ എന്ത് സംഭവിച്ചെന്ന് അറിയില്ലെന്നും വിനയ് ഫോര്‍ട്ട് പറഞ്ഞു. ചുരുളിയില്‍ തെറ്റിദ്ധരിപ്പിച്ച് അഭിനയിപ്പിച്ചിട്ടില്ലെന്ന് നടന്‍ ജാഫര്‍ ഇടുക്കി പ്രതികരിച്ചു. താന്‍ നായകപദവിയില്‍ നില്‍ക്കുന്നയാളല്ല. നായകന്മാര്‍ക്ക് അങ്ങനെ തോന്നിയെങ്കില്‍ എനിക്കറിയില്ല. തെറിവിളി സമൂഹത്തിലുള്ളതാണെന്നും ജാഫര്‍ ഇടുക്കി പറഞ്ഞു

ചുരുളിയില്‍ അഭിനയിക്കുന്നതില്‍ ആശയക്കുഴപ്പമില്ലായിരുന്നെന്ന് നടി ഗീതി സംഗീത വ്യക്തമാക്കി. സിനിമ ഇങ്ങനെയാണെന്ന് അറിയാമായിരുന്നു. ലിജോ കാര്യങ്ങള്‍ പറഞ്ഞുതന്നിരുന്നു. എല്ലാ സിനിമയും തിയറ്ററുകളില്‍ റിലീസ് ചെയ്യാനുള്ളതാണെന്നും ഗീതി മനോരമ ന്യൂസിനോട് പറഞ്ഞു

 

Back to top button
error: