കന്യകയായ ഭാര്യയെ അന്വേഷിക്കരുത്! പുരുഷന്‍മാര്‍ക്കുള്ള ഉപദേശമെന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ വന്ന പരാമര്‍ശത്തില്‍ വ്യക്തത വരുത്തി പ്രിയങ്ക ചോപ്ര

മുംബൈ: പുരുഷന്‍മാര്‍ക്കുള്ള ഉപദേശമെന്ന മട്ടില്‍ തന്‍റെ പേരില്‍ വന്ന വിവാദ പരാമര്‍ശത്തില്‍ വ്യക്തത വരുത്തി ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. “കന്യകയായ ഭാര്യയെ അന്വേഷിക്കരുത്. പകരം നല്ല പെരുമാറ്റമുള്ള സ്ത്രീയെ നേടുക. കന്യകാത്വം ഒരു രാത്രി കൊണ്ട് അവസാനിക്കും, പക്ഷേ പെരുമാറ്റം എന്നെന്നേക്കുമായി നിലനിൽക്കും” – ഇതാണ് പ്രിയങ്ക ചോപ്രയുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇതെത്തുടര്‍ന്ന് പല ഭാഗങ്ങളില്‍ നിന്നും താരം വിമര്‍ശനങ്ങളും നേരിട്ടിരുന്നു.
സോഷ്യല്‍മീഡിയയില്‍ കാണുന്നതെല്ലാം വിശ്വസിക്കരുത് എന്നാണ് താരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പ്രതികരിച്ചത്. തന്‍റെ പേരില്‍ പ്രചരിക്കുന്ന പരാമര്‍ശം വ്യാജമാണ്. അത് തന്‍റെ ശബ്ദമല്ല. സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു എന്നതുകൊണ്ട് ഇത് സത്യമാകില്ല എന്നും പ്രിയങ്ക ചോപ്ര വ്യക്തമാക്കി. വ്യാജ ഉള്ളടക്കം സൃഷ്ടിക്കുന്നത് ഇപ്പോൾ വൈറലാകാനുള്ള എളുപ്പവഴിയാണ്.

‘ഈ അവകാശവാദവുമായി ബന്ധിപ്പിച്ചിരിക്കുന്ന ലിങ്കുകളോ ഉറവിടങ്ങളോ, അല്ലെങ്കിൽ മറ്റ് പലതും, യഥാർത്ഥമോ വിശ്വസനീയമോ അല്ല. അത്തരം ഉള്ളടക്കത്തിന്‍റെ വിശ്വസനീയതയ്ക്കായി ഒരു മിനിറ്റ് എടുക്കുക, നിങ്ങൾ സ്ക്രോൾ ചെയ്യുന്നതെല്ലാം വിശ്വസിക്കരുത്. ഓൺലൈനിൽ സുരക്ഷിതരായിരിക്കുക.” എന്നായിരുന്നു നടിയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി.