Breaking NewsCrimeLead NewsNEWS

യുവാവിന്റെ മൃതദേഹം കനാലില്‍, കൊലപാതകമെന്ന് കുടുംബം; ഭാര്യയ്ക്കും അമ്മയ്ക്കും ഒരേയാളുമായി അടുപ്പം

അമരാവതി: രാജ്യത്തെ ഞെട്ടിച്ച മേഘാലയ ‘ഹണിമൂണ്‍ കൊലപാതക’ത്തിനു പിന്നാലെ ആന്ധ്രാപ്രദേശിലും സമാനമായ സംഭവം. വിവാഹം കഴിഞ്ഞ് ഒരുമാസത്തിനു ശേഷം 32-കാരനായ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് ഇയാളുടെ ഭാര്യയെയും ഭാര്യാമാതാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തത്.

ആന്ധ്രയിലെ കുര്‍ണൂലിലെ കനാലിലാണ് തെലങ്കാന സ്വദേശിയായ തേജേശ്വറിന്റെ മൃതദേഹം കണ്ടെത്തിയത്. ജൂണ്‍ 17-ാം തീയതി മുതല്‍ ഇയാളെ കാണാതായിരുന്നു. തേജേശ്വറിന്റെ മരണത്തിനു പിന്നാലെ ഭാര്യ ഐശ്വര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്നും മരണത്തില്‍ ഗൂഢാലോചനയുണ്ടെന്നും ആരോപിച്ച് യുവാവിന്റെ കുടുംബം രംഗത്തെത്തി.

Signature-ad

കേസുമായി ബന്ധപ്പെട്ട് തേജേശ്വറിന്റെ ഭാര്യ ഐശ്വര്യയേയും ഭാര്യാമാതാവ് സുജാതയേയും പോലീസ് കസ്റ്റഡിയിലെടുത്തു. ഭൂമി സര്‍വേയറും നൃത്താധ്യാപകനുമാണ് മരിച്ച തേജേശ്വര്‍. മരണത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് പറഞ്ഞ പോലീസ് ഉദ്യോഗസ്ഥന്‍ പക്ഷേ, ഇയാളുടെ ഭാര്യയുടെ വിവാഹേതര ബന്ധവും കൊലപാതകവും സംബന്ധിച്ച ആരോപണങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല.

സുജാത ജോലിചെയ്തിരുന്ന ബാങ്കിലെ ഒരു ജീവനക്കാരനുമായി ഐശ്വര്യ ബന്ധത്തിലായിരുന്നുവെന്നാണ് തേജേശ്വറിന്റെ കുടുംബം ആരോപിക്കുന്നത്. ഈ സമയം തേജേശ്വറുമായും ഐശ്വര്യ സ്നേഹബന്ധത്തിലായിരുന്നു. ഇരുവരും പിന്നീട് വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. വിവാഹം ഫെബ്രുവരിയില്‍ നിശ്ചയിച്ചെങ്കിലും അതിനിടെ ഐശ്വര്യയെ അപ്രതീക്ഷിതമായി കാണാതായി. ഇതോടെ വിവാഹം വൈകി.

ജൂണ്‍ 17-ന് തേജേശ്വറിനെ കാണാതായതിനു പിന്നാലെ സഹോദരന്‍ തേജവര്‍ദ്ധന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മൊബൈല്‍ ലൊക്കേഷന്‍ കണ്ടെത്തി നടത്തിയ പരിശോധനയിലാണ് ശനിയാഴ്ച ഒരു കനാലില്‍ തേജേശ്വറിന്റെ മൃതദേഹം അധികൃതര്‍ കണ്ടെത്തിയത്.

ഐശ്വര്യയ്ക്ക് ബാങ്ക് ജീവനക്കാരനുമായി വിവാഹേതര ബന്ധമുണ്ടെന്നും ഐശ്വര്യയുടെ അമ്മ സുജാതയും ഇയാളുമായി അടുപ്പത്തിലായിരുന്നുവെന്നും തേജേശ്വറിന്റെ സഹോദരന്‍ ആരോപിച്ചു. ഇവര്‍ ഒന്നിച്ചാണ് തേജേശ്വറിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതെന്നും ഇയാള്‍ പറയുന്നു.

ഭൂമി സര്‍വേയുടെ പേരുപറഞ്ഞ് തേജേശ്വറിനെ തെറ്റിദ്ധരിപ്പിച്ച് അടുത്ത സുഹൃത്തുക്കളുടെ സഹായത്തോടെ കൊലപ്പെടുത്തിയതാണെന്നും തേജവര്‍ദ്ധന്‍ ആരോപിച്ചു. കുറ്റകൃത്യത്തിന് ഉപയോഗിച്ചുവെന്നുകരുതുന്ന ഒരു കാര്‍ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വാഹനത്തിന്റെ ഡ്രൈവറെയും ഉടമയെയും ചോദ്യംചെയ്തുവരികയാണ്.

 

Back to top button
error: