Breaking NewsKeralaLead NewsNEWS

വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ പെട്രോളുമായി വിദ്യാര്‍ഥിനി; ആത്മഹത്യാ ഭീഷണി, പൊലീസെത്തി തടഞ്ഞു

പാലക്കാട്: പെട്രോള്‍ കുപ്പിയുമായി കുളപ്പുള്ളി അല്‍ അമീന്‍ ലോ കോളജ് വൈസ് പ്രിന്‍സിപ്പലിന്റെ മുറിയിലെത്തി വിദ്യാര്‍ഥിനിയുടെ ആത്മഹത്യാ ഭീഷണി. കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനി ഹാജിറയാണ് ഇന്നലെ ആത്മഹത്യാ ഭീഷണി മുഴക്കിയത്.

കോളജിലെ ഹോസ്റ്റല്‍ ഫീസ് വര്‍ധനയുമായി ബന്ധപ്പെട്ടു സമരം ചെയ്ത വിദ്യാര്‍ഥികളില്‍ ഹാജിറ ഉള്‍പ്പെടെ നാലു പേരെ കഴിഞ്ഞ വെള്ളിയാഴ്ച കോളജ് അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സസ്‌പെന്‍ഷനിലുള്ള വിദ്യാര്‍ഥികളെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് ഇന്നലെ രാവിലെ വീണ്ടും വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി വിദ്യാര്‍ഥികള്‍ വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ എത്തിയെങ്കിലും കോളജ് അധികൃതര്‍ ചര്‍ച്ചയ്ക്കു തയാറായില്ല. തുടര്‍ന്ന് ഹാജിറ കുപ്പിയില്‍ പെട്രോളുമായി വന്നു വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു.

Signature-ad

കുപ്പിയില്‍ നിന്നു പെട്രോള്‍ ശരീരത്തിലേക്ക് ഒഴിക്കാന്‍ ശ്രമിക്കുന്നതു പൊലീസ് തടഞ്ഞതോടെ പെട്രോള്‍ ഓഫിസ് മുറിയില്‍ ഒഴിച്ചു. ഷൊര്‍ണൂര്‍ ഡിവൈഎസ്പി എം. മനോജ് കുമാര്‍, പൊലീസ് ഇന്‍സ്‌പെക്ടര്‍ വി. രവികുമാര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തിയാണ് അനുനയിപ്പിച്ചത്. വിഷയം കലക്ടറുടെ മുന്നിലെത്തിയതോടെ റവന്യു വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. വിദ്യാര്‍ഥികളും കോളജ് അധികൃതരുമായി ചര്‍ച്ച ഇന്നു രാവിലെ നടക്കും.

 

Back to top button
error: