Breaking NewsKeralaLead NewsNEWSpolitics

നന്ദിയുണ്ട് മാഷേ..! നിലമ്പൂരിലെ തോല്‍വിക്കു പിന്നാലെ വിവാദ പരാമര്‍ശത്തില്‍ എം.വി. ഗോവിന്ദന് ഒളിയമ്പുമായി റെഡ് ആര്‍മി; വോട്ട് കൂടുതല്‍ കിട്ടിയത് എല്‍ഡിഎഫില്‍ നിന്നെന്ന് പി.വി. അന്‍വര്‍; ജയം വര്‍ഗീയ ശക്തികളുടെ വോട്ടുകൊണ്ടെന്ന് എം.വി. ഗോവിന്ദന്‍

കണ്ണൂര്‍: നിലമ്പൂരിലെ എല്‍ഡിഎഫ് തോല്‍വിക്ക് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നേരെ ഒളിയമ്പെയ്ത് കണ്ണൂരിലെ റെഡ് ആര്‍മി ഫേസ്ബുക്ക് പേജ് . നന്ദിയുണ്ട് മാഷേ എന്നായിരുന്നു എഫ്ബി പോസ്റ്റ്. ആര്‍എസ്എസുമായി സഹകരിച്ചുവെന്ന എം.വി. ഗോവിന്ദന്റെ പരാമര്‍ശം വിവാദമായ സാഹചര്യത്തിലാണ് മുന്‍പ് പി.ജെ. ആര്‍മി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന റെഡ് ആര്‍മിയുടെ ഒളിയമ്പ്.

അതേസമയം, ഭരണവിരുദ്ധവികാരമെന്ന് പറയാനാകില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജ് പ്രതികരിച്ചു. സ്വന്തം പഞ്ചായത്തില്‍ ലീഡില്ലെന്ന വിമര്‍ശനം അരാഷ്ട്രീയം. പരാജയം ഉള്‍ക്കൊള്ളുന്നുവെന്നും വര്‍ഗീയവാദികളുടെ വോട്ട് കിട്ടാത്തതില്‍ സന്തോഷമെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു.

Signature-ad

നിലമ്പൂരില്‍ അതിശക്തമായ ഭരണവിരുദ്ധ വികാരമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. പിണറായി സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരായ വിധിയെഴുത്താണ് ഉണ്ടായത്. മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും ഇത് കണ്ടിട്ടെങ്കിലും പാഠം പഠിക്കണം. യുഡിഎഫ് വോട്ട് അന്‍വറിന് പോയോ എന്ന് പരിശോധിക്കുമെന്നും വാതില്‍ അടച്ചിട്ടില്ല എന്ന് പൊതുവായി പറഞ്ഞതാണെന്നും സണ്ണി ജോസഫ് കണ്ണൂരില്‍ പറഞ്ഞു. യുഡിഎഫ് ഒറ്റക്കെട്ടായി നേടിയ വിജയമാണിതെന്ന് നിയുക്ത എം എല്‍ എ ആര്യാടന്‍ ഷൗക്കത്ത്. മുസ്ലിം ലീഗ് നേതാക്കളും പ്രവര്‍ത്തകരും അഹോരാത്രം പ്രയത്‌നിച്ചു. എല്ലാ പഞ്ചായത്തിലും ലീഡ് നേടാനായി. മണ്ഡലം തിരിച്ചു പിടിച്ചതില്‍ സന്തോഷമെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തനിക്ക് കിട്ടിയ 19760 വോട്ടുകള്‍ പിണറായിസത്തിന് എതിരെയുളള വോട്ടുകളാണെന്ന് പി വി അന്‍വര്‍. യുഡിഎഫിന്റെ വോട്ട് പിടിച്ചെന്ന് ആരും പറയേണ്ട. വോട്ട് കൂടുതലും കിട്ടിയത് എല്‍ഡിഎഫില്‍ നിന്നാണ്. എം.സ്വരാജിന് യുഡിഎഫ് ക്രോസ് വോട്ട് ചെയ്‌തെന്നും അന്‍വര്‍ ആരോപിച്ചു

വര്‍ഗീയ ശക്തിയുടെ പിന്‍ബലത്തോടെയാണ് നിലമ്പൂരില്‍ യുഡിഎഫ് വിജയിച്ചതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ആരോപിച്ചു. ഫലം പരിശോധിച്ച് ആവശ്യമായ നിലപാടുകള്‍ സ്വീകരിച്ചുകൊണ്ട് എല്‍ഡിഎഫ് മുന്നോട്ട് പോകും. 2021ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ലഭിച്ച വോട്ട് 78,527 ആയിരുന്നു. ഇത്തവണ യുഡിഎഫിന് 77,057 വോട്ടുകളാണ് ലഭിച്ചത്. കഴിഞ്ഞ തവണ ലഭിച്ച വോട്ട് ഇത്തവണ നിലനിര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല. 1470 വോട്ട് കഴിഞ്ഞ തവണത്തേക്കാള്‍ യുഡിഎഫിന് കുറഞ്ഞു. എല്‍ഡിഎഫിനെ സംബന്ധിച്ച് രാഷ്ട്രീയമായി മത്സരിച്ച് ജയിക്കാന്‍ കഴിയുന്ന മണ്ഡലങ്ങളുടെ പട്ടികയിലല്ല നിലമ്പൂര്‍ മണ്ഡലമുള്ളത്. എല്‍ഡിഎഫിന് പുറമെ കുറച്ച് വോട്ടുകള്‍ കൂടി ലഭിക്കുമ്പോഴാണ് പാര്‍ട്ടി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് അവിടെ വിജയിക്കാനാകുന്നത്. യുഡിഎഫിന് എതിരെയുള്ള വോട്ടുകളുടെ എണ്ണം വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറഞ്ഞ വോട്ടാണ് യുഡിഎഫിന് ലഭിച്ചത്. അതില്‍ തന്നെ വോട്ടുകള്‍ ലഭിച്ചത് വര്‍ഗീയ ശക്തിയുടെ പിന്‍ബലത്തോടുകൂടിയാണ്.

ജയസാധ്യതയില്ല എന്ന് മനസിലാക്കി ഇടതുപക്ഷ ജനാധിപത്യമുന്നണി ജയിക്കാതെയിരിക്കാന്‍ വലതു പക്ഷത്തിന് ബിജെപി വോട്ട് നല്‍കിയതായി ബിജെപി സ്ഥാനാര്‍ഥി തന്നെ പറഞ്ഞു. ആര്യാടന്‍ ഷൗക്കത്തിന് വോട്ട് നല്‍കിയെന്ന് കരുതുന്നുണ്ടെന്ന് ബിജെപി സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പിന് മുമ്പ് പരസ്യമായി തന്നെ പ്രസ്താവിച്ചിരുന്നു. 12,284 വോട്ടുകള്‍ വരെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ച അവര്‍ക്ക് ഇത്തവണ 8,706 വോട്ടാണ് ലഭിച്ചത്. തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞത് ജമാ അത്തെ ഇസ്ലാമി ഞങ്ങളെ സഹായിച്ചിട്ടുണ്ട്, അവരുടെ പിന്തുണ ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട് എന്നാണ്. അത് ഈ തെരഞ്ഞെടുപ്പില്‍ മാത്രമല്ല ഇതിനു മുമ്പുള്ള തെരഞ്ഞെടുപ്പിലും പോപ്പുലര്‍ ഫ്രണ്ടിന്റെയും ജമാ അത്തെ ഇസ്ലാമിയുടെയും വോട്ട് ഞങ്ങള്‍ക്ക് ലഭിച്ചു എന്ന് പറഞ്ഞിട്ടുണ്ട്.

അന്ന് പ്രതിഷേധിക്കാതെയിരുന്നവര്‍ എന്തുകൊണ്ടാണ് ഇപ്പോള്‍ പ്രതിഷേധിക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. ഈ നിലപാട് കാലങ്ങളായി സ്വീകരിച്ചുവരുന്നവരാണ് കോണ്‍ഗ്രസ്. ഇപ്പോള്‍ ഇതിലൂടെ അവര്‍ക്ക് കുറച്ച് വോട്ട് ലഭിച്ചു. പക്ഷേ അത് ദൂരവ്യാപകമായ ഫലങ്ങള്‍ ഉണ്ടാക്കുന്ന ഒന്നായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. ഒരു ഭാഗത്ത് ഭൂരി പക്ഷ വര്‍ഗീയതയെ ഉപയോഗിക്കുക, മറുഭാഗത്ത് ന്യൂനപക്ഷ വര്‍ഗീയതയെ, ജമാ അത്തെ ഇസ്ലാമി പോലുള്ള സംഘടനകളെ പൂര്‍ണമായി ഉപയോഗിക്കുക ഇതാണ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി കോണ്‍ഗ്രസില്‍ നിന്ന് കണ്ടത്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി മുഴുവന്‍ വോട്ടില്‍ വര്‍ധനവ് ഉണ്ടായിട്ടും യുഡിഎഫിന് കഴിഞ്ഞ തവണത്തെ വോട്ട് നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടില്ല.

വിജയത്തില്‍ യുഡിഎഫിനെ സംബന്ധിച്ച് എല്ലാ ഘടകങ്ങളും സൂക്ഷ്മമായി പരിശോധിച്ചാല്‍ വര്‍ഗീയ ശക്തികളുമായി ചേര്‍ത്ത് നടത്തിയ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നേടിയിട്ടുള്ള വിജയമാണിത്. ഇത് രാഷ്ട്രീയ സമൂഹത്തില്‍ ഗൗരവതരമായ പ്രത്യാഘാതം സൃഷ്ടിക്കും. മതനിരപേക്ഷ നിലപാടുകള്‍ സ്വീകരിക്കുന്ന ജനാധിപത്യ ശക്തികള്‍ ഈ ഗൗരവതരമായ പ്രത്യാഘാതം തിരിച്ചറിയണം.

എല്ലാ വര്‍ഗീയ ശക്തികളെയും മാറ്റി നിര്‍ത്തിക്കൊണ്ടാണ് നിലമ്പൂരിലെ മതനിരപേക്ഷ ജനത എല്‍ഡിഎഫിന് ഇത്രയും വമ്പിച്ച വോട്ട് നല്‍കിയത്. 66,660 എല്‍ഡിഎഫിന് വോട്ട് നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജിന് ലഭിച്ചു എന്നത് വളരെ പ്രധാനമാണ്. എല്ലാ വര്‍ഗീയ ശക്തികളെയും ഒന്നിച്ച് നിര്‍ത്തി, കള്ള പ്രചരണങ്ങള്‍ നടത്തി എല്‍ഡിഎഫിനെ ആക്രമിക്കുന്നതിനുള്ള ശ്രമമാണ് അവര്‍ നടത്തിയിരുന്നത്. അതിനെ അതിജീവിച്ചുകൊണ്ട് മതനിരപേക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കാനും മതനിരപേക്ഷജനങ്ങളുടെ പിന്തുണ നേടാനും എല്‍ഡിഎഫിന് കഴിഞ്ഞു. ഈ രാഷ്ട്രീയം കൂടുതല്‍ ശക്തിയായി മുന്നോട്ട് കൊണ്ടുപോകുമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

Back to top button
error: