‘ഒരു വര്‍ഗീയവാദിയുടെയും പിന്തുണ ഒരുകാലത്തും ആവശ്യമില്ല, അതിന്റെ പേരില്‍ ഇനിയുമെത്ര പരാജയപ്പെട്ടാലും നിലപാടില്‍ മാറ്റമില്ല’; തോല്‍വിയുടെ പാഠങ്ങളില്‍നിന്ന് ഉള്‍ക്കൊണ്ട് മുന്നോട്ടുപോകും; എല്ലാ തെരഞ്ഞെടുപ്പിലും മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയം ജനം ഉള്‍ക്കൊള്ളണമെന്നില്ല: എം. സ്വരാജ്

നിലമ്പൂര്‍: ജനങ്ങളെയും നാടിനെയും ബാധിക്കുന്ന പ്രശ്നങ്ങള്‍ മാത്രമാണ് നിലമ്പൂരില്‍ തങ്ങള്‍ ചര്‍ച്ച ചെയ്തതെന്നും ജനങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ കരുത്തോടെ ഈ തെരഞ്ഞെടുപ്പില്‍ നിന്ന് ഉള്‍ക്കൊണ്ട പാഠങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ മുന്നോട്ട് പോകുമെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ്.
നിലമ്പൂരിലേത് രാഷ്ട്രീയ പോരാട്ടമായി വികസിപ്പിക്കാനാണ് ഇടതുപക്ഷം ശ്രമിച്ചത്. ഉയര്‍ന്ന ജനാധിപത്യ സംവാദം എന്നനിലയില്‍ മുന്നോട്ട് പോകാന്‍ സാധിച്ചു. അതില്‍ അഭിമാനമുണ്ട്. ജനങ്ങളെയും നാടിനെയും ബാധിക്കുന്ന പ്രശ്നമാണ് എല്ലായ്‌പ്പോഴും ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ചത്. ഞങ്ങളെ എതിര്‍ക്കുന്നവര്‍ ഉയര്‍ത്തിയ വിവാദങ്ങളില്‍ പിടികൊടുത്തില്ല.

വികസനമാണ് ചര്‍ച്ചയാക്കിയത്. സ്വാഭാവികമായും വരും ദിവസങ്ങളില്‍ സൂക്ഷ്മ പരിശോധന നടത്തും. ഉള്‍കൊള്ളേണ്ടവ ഉള്‍ക്കൊള്ളും, ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ബോധ്യപ്പെടുത്തും. ഭരണത്തിന്റെ വിലയിരുത്തലായി തെരഞ്ഞെടുപ്പിനെ കാണാന്‍ കഴിയില്ല. അങ്ങനെയായാല്‍ സര്‍ക്കാരിന്റെ ഭരണ പരിഷ്‌കാരങ്ങളും നടപടികളുമെല്ലാം ജനം തള്ളിക്കളഞ്ഞെന്ന് പറയേണ്ടിവരും. അങ്ങനെയില്ല. എല്‍ഡിഎഫ് സര്‍ക്കാരാണ് ലോഡ്‌ഷെഡിങ് ഇല്ലാതാക്കിയത്. അത് തിരിച്ചുവരണമെന്ന് ജനങ്ങള്‍ ആ?ഗ്രഹിക്കില്ലല്ലോ. പെന്‍ഷന്‍ 1600 ആയി ഉയര്‍ത്തി വിതരണം ചെയ്യുന്നതിനും ജനം എതിരല്ലല്ലോ.
ഇത്തരം കാര്യത്തെ വിലയിരുത്തിയാണോ ജനം വോട്ട് ചെയ്തതെന്ന് പറയാന്‍ കഴില്ല. കൂടുതല്‍ കാര്യങ്ങള്‍ വഴിയെ പരിശോധിക്കാം. ധീരമായി മുന്നോട്ട് പോകും. ഞങ്ങള്‍ മുന്നോട്ടു വെച്ച രാഷ്ട്രീയം, കറകളഞ്ഞ രാഷ്ട്രീയ നിലപാട്, കേരളത്തിന്റെ സമഗ്ര വികസനം, ഇത്തരം കാര്യങ്ങളിലൊന്നും ഏതെങ്കിലും കാരണങ്ങള്‍ കൊണ്ട് പിശകുണ്ടെന്ന് തോന്നുന്നില്ല. എല്ലാ തെരഞ്ഞെടുപ്പിലും മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം ശരിയായി വിലയിരുത്തി കൊള്ളണമെന്നില്ല.
ഒരു വര്‍ഗീയവാദിയുടെയും പിന്തുണ ഒരു കാലത്തും ആവശ്യമില്ല. അതിന്റെ പേരില്‍ ഇനിയുമെത്ര പരാജയപ്പെട്ടാലും നിലപാട് അതു തന്നെ. ശരിയായ നിലപാട് എല്ലായ്‌പ്പോഴും അംഗീകരിച്ചെന്ന് വരില്ല. അത് കൊണ്ട് ശരിയായ നിലപാട് കയ്യൊഴിയാന്‍ കഴില്ല. ജയിച്ചാലും തോറ്റാലും ജനങ്ങള്‍ക്കും നാടിനുമായിട്ടുള്ള സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.