Breaking NewsKeralaLead NewsNEWS

പതിറ്റാണ്ട് പിന്നിട്ടപ്പോള്‍ വീണ്ടും നിലമ്പൂര്‍ ജയിച്ചു കയറി ‘ആര്യാടന്‍’; സ്വരാജ് എത്തിയിട്ടും അഞ്ചക്കം കടന്ന് ഭൂരിപക്ഷം

മലപ്പുറം: മണ്ഡലരൂപീകരണത്തിന്റെ ആറാം പതിറ്റാണ്ട് പിന്നിടുന്ന വര്‍ഷമാണ് നിലമ്പൂരില്‍ ഇത്. പി വി അന്‍വര്‍ രാജിവച്ച ഒഴിവിലേക്ക് നടന്ന ഇത്തവണത്തെ ഉപതിരഞ്ഞെടുപ്പിലൂടെ സഭയിലേക്ക് വീണ്ടും ആര്യാടന്‍ ജയിച്ച് കയറിവരികയാണ്. നിലമ്പൂരിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം കാലം ജനപ്രതിനിധിയായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ഷൗക്കത്ത് തന്റെ രണ്ടാമത് മത്സരത്തില്‍ നിലമ്പൂരില്‍ വിജയിച്ചിരിക്കുകയാണ്.

പിതാവ് ജീവിച്ചിരുന്ന കാലത്ത് 2016ല്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ വിജയിക്കാനാകാത്തത് വലിയ വിഷമം അദ്ദേഹത്തിനുണ്ടാക്കി. അന്ന് ഇടത് സ്വതന്ത്രനായ പിവി അന്‍വറിനോട് 11,504 വോട്ടുകള്‍ക്കാണ് ഷൗക്കത്ത് പരാജയപ്പെട്ടത്. എന്നാല്‍, ഇത്തവണ 11,417 വോട്ടുകള്‍ക്ക് ഷൗക്കത്ത് മിന്നുന്ന വിജയം നേടിയപ്പോള്‍ അതുകാണാന്‍ പിതാവില്ല എന്ന ദുഃഖവും അദ്ദേഹത്തിനുണ്ട്. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തോളമായി അന്‍വറിലൂടെ ഇടതുപക്ഷവും പ്രത്യേകിച്ച് സിപിഎമ്മും കൈവശം വച്ച നിലമ്പൂര്‍ മണ്ഡലത്തില്‍ സിപിഎം സംസ്ഥാന സമിതിയംഗം സ്ഥാനാര്‍ത്ഥിയായിട്ടും അവര്‍ക്ക് പിടിച്ചുനിര്‍ത്താനായില്ല എന്ന വലിയ നാണക്കേട് ഉണ്ടായിരിക്കുകയാണ്.

Signature-ad

ഷൗക്കത്തിന്റെ പതിനൊന്നായിരം കടന്ന ഭൂരിപക്ഷവും രാജിവച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട പി.വി അന്‍വറിന് ലഭിച്ച 19,946 എന്ന വമ്പന്‍ വോട്ട്വിഹിതവും ചേരുമ്പോള്‍ 30,000 ലധികം വോട്ടുകള്‍ ഇടതുപക്ഷത്തിനെതിരെ വന്നിരിക്കുകയാണ്. നിലമ്പൂരില്‍ ഭരണവിരുദ്ധ വികാരമാണെന്നത് വ്യക്തം.

മണ്ഡലം രൂപീകരിച്ച 1965 മുതല്‍ 1969 വരെ രണ്ട് തവണകളിലായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായ കെ. കുഞ്ഞാലിയാണ് ഇവിടെ നിന്നും ജനപ്രതിനിധിയായത്. ഏറനാട്ടില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വളര്‍ത്താന്‍ മുന്നില്‍ നിന്ന കുഞ്ഞാലി 1969ല്‍ വെടിയേറ്റ് മരണമടഞ്ഞു. പിന്നീട് 1970ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ മണ്ഡലം എം പി ഗംഗാധരനിലൂടെ ആദ്യമായി കോണ്‍ഗ്രസിന് ലഭിച്ചു. പിന്നീട് അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന 1977ലെ തിരഞ്ഞെടുപ്പില്‍ ആദ്യമായി ആര്യാടന്‍ മുഹമ്മദ് ഇവിടെ നിന്നും നിയമസഭയിലെത്തി. 7715 വോട്ടുകള്‍ക്ക് സിപിഎമ്മിന്റെ കെ സൈദാലിക്കുട്ടിയെ തോല്‍പ്പിച്ചാണ് ആര്യാടന്‍ കന്നി വിജയം നേടിയത്.

1980ല്‍ വീണ്ടും ആര്യാടന്‍ ജയിച്ചു. എന്നാല്‍ 1982ലെ ഏഴാം നിയമസഭാ തിരഞ്ഞെടുപ്പില്‍ കരുത്തനായ ടി കെ ഹംസയിലൂടെ സിപിഎം മണ്ഡലത്തില്‍ വീണ്ടും വിജയിച്ചു. പിന്നീട് 1987 മുതല്‍ 2016ലെ തിരഞ്ഞെടുപ്പ് വരെ ആര്യാടന്‍ തന്നെയാണ് മണ്ഡലത്തില്‍ നിന്നും വിജയിച്ചത്. അതിലൂടെ കോണ്‍ഗ്രസിന്റെ ശക്തമായ വേരോട്ടമുള്ള മണ്ഡലം എന്ന വിശ്വാസമാര്‍ജ്ജിച്ച നിലമ്പൂര്‍ 2016ലാണ് പി വി അന്‍വറിനെ നിര്‍ത്തി ഇടതുപക്ഷം പിടിച്ചെടുത്തത്.

ആദ്യതവണ 11000ലധികം വോട്ടുകള്‍ക്കാണ് ജയിച്ചതെങ്കില്‍ രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ 2021 തിരഞ്ഞെടുപ്പില്‍ അന്‍വര്‍ 2700 വോട്ടുകള്‍ക്ക് മാത്രമാണ് വിജയിച്ചത്. ഇത്തവണ യുഡിഎഫിനായി ആര്യാടന്‍ ഷൗക്കത്ത് സീറ്റുനേടുമ്പോള്‍ കഴിഞ്ഞ രണ്ട് തവണയായി ഇടതുപക്ഷം മണ്ഡലത്തില്‍ നേടിയ വിജയത്തിന്റെ പ്രഭയെല്ലാം മങ്ങിപ്പോയി.

പിണറായിസത്തിനെതിരായാണ് തന്റെ പ്രവര്‍ത്തനം എന്ന് പ്രഖ്യാപിച്ച് പി വി അന്‍വര്‍ തിരഞ്ഞെടുപ്പിനെ നേരിട്ടതിനെ ശക്തമായി നേരിടാം എന്ന് കരുതിയെങ്കിലും സിപിഎം സംസ്ഥാന സമിതിയംഗമായ എം സ്വരാജിന് നിലമ്പൂരില്‍ സ്വന്തം ബൂത്തില്‍ പോലും മുന്നില്‍ എത്താനാകാതെ പിന്നിലാകേണ്ട അവസ്ഥയുണ്ടായി. നാല്‍പത് വോട്ടുകള്‍ക്കാണ് സ്വന്തം ബൂത്തില്‍ സ്വരാജ് പിന്നിലായത്. വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലും അടുത്ത വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിന് ഇതൊരു ഊര്‍ജ്ജമാണ്. ഇടതുപക്ഷത്തിന് നഷ്ടമായ പ്രതാപം വീണ്ടെടുക്കാന്‍ വഴിയെന്തെന്ന് ആലോചിക്കാനുള്ള അവസരവും.

 

Back to top button
error: