കാവ്യയ്ക്ക് ഷൂട്ടിംഗുണ്ടെന്ന് കരുതി, ദിലീപ് വരുന്നത് വരെ സസ്‌പെന്‍സ്; താരവിവാഹത്തെ കുറിച്ച് മേക്കപ്പ് ആര്‍ട്ടിസ്റ്റ്

മലയാള സിനിമയില്‍ ഏറ്റവും ചര്‍ച്ചാ വിഷയമായ ചടങ്ങായിരുന്നു ദിലീപിന്റെയും കാവ്യ മാധവന്റെയും വിവാഹം. 2016 നവംബര്‍ 25ന് കൊച്ചിയില്‍ വച്ച് നടന്ന ലളിതമായ ചടങ്ങിലാണ് പ്രശസ്ത നടന്‍ തന്റെ ഭാഗ്യ നായികയ്ക്ക് താലി ചാര്‍ത്തിയത്. വളരെ രഹസ്യമായി നടന്ന വിവാഹത്തിന് അതിഥികളെ ക്ഷണിച്ചത് പോലും തൊട്ടു മുന്‍പുള്ള ദിവസങ്ങളിലാണെന്ന് ദിലീപും കാവ്യയും വിവാഹശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പിന്നീട് ഒരു അഭിമുഖത്തില്‍ നടിയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഉണ്ണി രഹസ്യമായി നടന്ന താര വിവാഹത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പങ്കുവച്ചു.
യാതൊരു മുന്നറിയിപ്പുമില്ലാതെ, 2016 നവംബര്‍ 25ആം തിയതി കാലത്ത്, ഇന്ന് തന്റെ വിവാഹമാണ് എന്ന് ദിലീപ് ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയത് സോഷ്യല്‍ മീഡിയ പ്രേക്ഷകരില്‍ വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. പിന്നീട്, നടനും വധു കാവ്യ മാധവനും ഇരുവരുടെയും കുടുംബങ്ങളും മാത്രമാണ്, ഒരാഴ്ച മുന്‍പ് മാത്രം തീരുമാനിച്ച വിവാഹത്തെ കുറിച്ച് മുന്‍കൂട്ടി അറിഞ്ഞിരുന്നതെന്ന് ഇരുവരും തുറന്ന് സമ്മതിച്ചിരുന്നു.

പിന്നീട് ഒരു മലയാളം യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍, കാവ്യ മാധവന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഉണ്ണി പി.എസ്, ദിലീപുമായുള്ള നടിയുടെ വിവാഹത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്നതില്‍ ഉപരിയായി കാവ്യയുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്നത് കൊണ്ട്, വിവാഹക്കാര്യം താന്‍ കുറച്ചു നേരത്തെ അറിഞ്ഞിരുന്നു എന്നാണ് ഉണ്ണി പറഞ്ഞത്. നടി വിവാഹം ചെയ്യാന്‍ പോവുന്നത് ദിലീപിനെയാണെന്നും അറിയാമായിരുന്നു. എന്നാല്‍, മേക്കപ്പ് ടീമിലെ മറ്റ് ആര്‍ട്ടിസ്റ്റുകള്‍ക്കും, കാവ്യയ്ക്ക് സാരി ഉടുപ്പിക്കാന്‍ വന്ന ഡ്രേപ്പിംഗ് ആര്‍ട്ടിസ്റ്റിനും വിവാഹക്കാര്യം അറിയില്ലായിരുന്നു.
വിവാഹത്തിന്റെ ഒരുക്കങ്ങള്‍ക്കായി കൊച്ചിയിലെ കലൂരില്‍ ഉള്ള ഒരു ഹോട്ടലില്‍ റൂം ബുക്ക് ചെയ്തത് ഉണ്ണി പി.എസ് തന്നെയാണ്. അന്ന് എത്തിയ മേക്കപ്പ് ടീമും, ഡ്രേപ്പിംഗ് ആര്‍ട്ടിസ്റ്റ് ബെന്‍സിയും, കാവ്യ മാധവന്‍ ഏതോ സിനിമയ്ക്കായുള്ള ഷൂട്ടിങ്ങിന് എത്തുന്നുവെന്നാണ് കരുതിയത്. സാരി ഉടുപ്പിക്കണമെന്ന് പറഞ്ഞപ്പോള്‍, ചുരിദാര്‍ ഇട്ടുള്ള സീനുകള്‍ എടുക്കുമ്പോഴേക്ക് ഞാന്‍ എത്താം എന്നാണ് ആദ്യം ബെന്‍സി പറഞ്ഞതെന്നും ഉണ്ണി ഓര്‍ക്കുന്നു. അത്രയും പഴുതടച്ചുള്ള പ്ലാനിംഗ് ആയിരുന്നു ദിലീപിന്റെയും കാവ്യയുടെയും വിവാഹത്തിനായി നടത്തിയത്.
എന്നാല്‍, കാവ്യ മാധവന്‍ എത്തിയപ്പോള്‍ തന്നെ മേക്കപ്പ് ടീമിനോടും സാരി അടുപ്പിക്കാന്‍ എത്തിയ ബെന്‍സിയോടും ഇന്ന് തന്റെ വിവാഹമാണെന്ന് വെളിപ്പെടുത്തി. അപ്പോള്‍ നടി വരന്‍ ആരാണെന്ന് തുറന്നു പറഞ്ഞില്ലെങ്കിലും, വരന്‍ ദിലീപ് ബൊക്കെയും മാലയും അണിഞ്ഞ് എത്തിയതോടെ സസ്‌പെന്‍സ് പൊളിഞ്ഞു. കാവ്യയുടെ ബന്ധുക്കളില്‍ ചിലര്‍ വളരെ നേരത്തെ തന്നെ ഹോട്ടലില്‍ എത്തിയിരുന്നുവെങ്കിലും, അവരൊക്കെ സിനിമ ഷൂട്ടിങ്ങിനായി എത്തിയ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണെന്നാണ് മേക്കപ്പ് ടീം കരുതിയത്.
വിവാഹ ശേഷം സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിന് നല്‍കിയ ഒരു അഭിമുഖത്തില്‍, കല്യാണം പെട്ടെന്നുണ്ടായ തീരുമാനമായിരുന്നു എന്ന് കാവ്യ മാധവന്‍ വെളിപ്പെടുത്തിയിരുന്നു. ‘വിവാഹത്തിന് ഒരാഴ്ച മുന്‍പാണ് ദിലീപേട്ടന്റെ ബന്ധുക്കള്‍ ആലോചനയുമായി വരുന്നത്. ജാതകം ചേര്‍ന്നതോടെ കാര്യങ്ങള്‍ മുന്നോട്ട് നീങ്ങി,’ കാവ്യ ഓര്‍ത്തെടുത്തു. അതിന് മുന്‍പ് വളരെ കാലം ഗോസിപ്പുകള്‍ വന്നപ്പോഴൊന്നും തങ്ങള്‍ ഒന്നിച്ചു ജീവിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നില്ല എന്നും, ദിലീപ് എന്നും തന്റെ അടുത്ത സുഹൃത്ത് മാത്രമായിരുന്നുവെന്നും, നടി അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.