Breaking NewsLead NewsSportsTRENDING

കോച്ചാകാന്‍ തയാര്‍; അഭിമുഖത്തില്‍ ആഗ്രഹം തുറന്നു പറഞ്ഞ് സൗരവ് ഗാംഗുലി; ടെസ്റ്റില്‍ പാളിയാല്‍ ഗംഭീര്‍ തെറിക്കുമെന്ന് ക്രിക്കറ്റ് വിദഗ്ധര്‍; രണ്ടു പരമ്പരകള്‍ തോറ്റതിന്റെ ക്ഷീണം തീര്‍ക്കണം; കാത്തിരുന്നു കാണാമെന്നും ഗാംഗുലി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കോച്ചെന്ന നിലയില്‍ തരക്കേടില്ലാത്ത പ്രകടനം നടത്തുന്ന ഗൗതം ഗംഭീറിനു ഭീഷണിയായി സൗരവ് ഗാംഗുലി. കോച്ചാകാന്‍ തയാറെന്നു തുറന്നു പറഞ്ഞതോടെ ഭാവിയില്‍ ഇന്ത്യന്‍ ടീമിനുണ്ടാകുന്ന പാളിച്ചകള്‍ ഗംഭീറിന്റെ സ്ഥാനത്തിനും ഇളക്കമുണ്ടാക്കുമെന്ന് ക്രിക്കറ്റ് വിദഗ്ധര്‍ പറയുന്നു. കോച്ചെന്ന നിലയില്‍ ഗംഭീറിന് ഐസിസി ചാമ്പ്യനസ് ട്രോഫിയില്‍ ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞു. പരിചയസമ്പന്നരില്ലാതെ, വൈറ്റ് ബോള്‍ ക്രിക്കറ്റിലും ഇപ്പോള്‍ ഇന്ത്യ തരക്കേടില്ലാത്ത പ്രകടനമാണു പുറത്തെടുക്കുന്നത്. എന്നാല്‍, ടെസ്റ്റിലെ റെക്കോഡ് അത്ര മികച്ചതല്ല. അവസാനത്തെ രണ്ടു ടെസ്റ്റ് പരമ്പരകളിലും ഇന്ത്യ തോറ്റു. വേള്‍ഡ് ടെസ്റ്റ് ക്രിക്കറ്റ് ഫൈനല്‍ യോഗ്യതയും നഷ്ടമായി.

ഇപ്പോള്‍ ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പര കോച്ചെന്ന നിലയില്‍ ഗംഭീറിനു ഏറെ നിര്‍ണായകമാണ്. ഇതില്‍ തോല്‍ക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ പരിശീലക സ്ഥാനവും ചോദ്യം ചെയ്യപ്പെട്ടേക്കും. ഇതിനിടെ ഗംഭീറിന്റെ പരിശീലക സ്ഥാനത്തിനു വെല്ലുവിളിയുമായി മുന്‍ ഇതിഹാസ നായകനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലി ഇപ്പോള്‍ രംഗത്തു വന്നിരിക്കുകയാണ്.

Signature-ad

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ച് സ്ഥാനത്തേക്കു സൗരവ് ഗാംഗുലി താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നില്ല. ഇപ്പോള്‍ താന്‍ കോച്ചാകാന്‍ തയാറാണെന്നു ഗാംഗുലി വ്യക്തമാക്കി. ടീമിനു തിരിച്ചടികള്‍ നേരിടാന്‍ തുടങ്ങിയാല്‍ ഗംഭീറിന്റെ പരിശീലകസ്ഥാനവും ചോദ്യം ചെയ്യപ്പെടും. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഗംഭീറിനു ടീമിനെ മുന്നോട്ടു നയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കോച്ചിന്റെ പണി ‘ദാദ’യെ ഏല്‍പ്പിക്കും. വാര്‍ത്താ ഏജന്‍സിയായ പിടിഐയോടു സംസാരിക്കുമ്പോഴാണു കോച്ചാകാന്‍ താത്പര്യമുണ്ടെന്ന് ഗാംഗുലി തുറന്നു പറഞ്ഞത്.

‘ഇന്ത്യന്‍ ടീമിന്റെ കോച്ചാകുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. മറ്റു പല റോളുകളും ലഭിച്ചിരുന്നു. 2013ല്‍ വിരമിച്ചശേഷം ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായി. പിന്നീടു ബിസിസിഐയുടെ പ്രസിഡന്റ് റോളും ഏറ്റെടുത്തു. ഭാവിയില്‍ എന്താണ് കാത്തുവച്ചിട്ടുുള്ളതെന്നു നമുക്കു കാണാം. എനിക്കു ഇപ്പോള്‍ 50 വയസേ ആയിട്ടുള്ളൂ. അതുകൊണ്ടു തന്നെ എന്തു സംഭവിക്കുമെന്നു നമുക്കു നോക്കാം. ഞാന്‍ അതിനു (ഇന്ത്യന്‍ കോച്ച് റോള്‍) തയാറാണ്. എവിടേക്കാണ് കാര്യങ്ങള്‍ പോവുകയെന്നു നമുക്കു കാണാ’മെന്നും ഗാംഗുലി വ്യക്തമാക്കി.

നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ കോച്ചിന്റെ റോളില്‍ ബിസിസിഐയുടെ പിന്തുണ ഗൗതം ഗംഭീറിനു തന്നെയാണ്. 2027ലെ ഐസിസി ഏകദിന ലോകകപ്പ് വരെയാണ് ടീമുമായി അദ്ദേഹത്തിനു കരാറുള്ളത്. പക്ഷെ അതു വരെ പരിശീലക സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ വൈറ്റ് ബോള്‍ ഫോര്‍മാറ്റുകള്‍ക്കൊപ്പം ടെസ്റ്റിലും ടീം മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്.

ഗംഭീറിനു കീഴില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ മാത്രമേ ഇന്ത്യന്‍ ടീം ഇതിനകം ജയിച്ചിട്ടുള്ളൂ. കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശുമായി നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയിലാണ് ഇന്ത്യക്കു ജയിക്കാനായത്. അതിനു ശേഷം നാട്ടില്‍ ന്യൂസിലാന്‍ഡുമായുള്ള മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ തകര്‍ന്നടിഞ്ഞത് ടീമിനു നാണക്കേടായി മാറി.

ഓസ്ട്രേലിയക്കെതിരായ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലും ഇന്ത്യക്കു പരാജയം നേരിട്ടു. ഇതോടെയാണ് തുടര്‍ച്ചയായി മൂന്നാം തവണയും ഡബ്ല്യുടിസിയുടെ ഫൈനലില്‍ കളിക്കുകയെന്ന ഇന്ത്യയുടെ മോഹം പൊലിഞ്ഞത്. ഇപ്പോള്‍ ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പര ഗംഭീറിന് നിര്‍ണായകമാണ്. പരിശീലക സ്ഥാനത്തിന്റെ തുടര്‍ച്ചയ്ക്ക് ഇംഗ്ലണ്ടിലെ വിജയം നിര്‍ണായകമാണ്. ഏറെ പ്രധാനപ്പെട്ടതാണ്. പരിശീലക സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ ഈ പരമ്പരയില്‍ ഇന്ത്യ മിന്നിച്ചേ തീരൂ.

 

Back to top button
error: