സാമ്പത്തിക ഇടപാടുകള്‍ ഇല്ല, റസീനയെ പരിചയപ്പെട്ടത് ഇന്‍സ്റ്റഗ്രാം വഴി; ആരോപണങ്ങള്‍ തളളി ആണ്‍സുഹൃത്ത്

കണ്ണൂര്‍: കായലോട്ട് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ കുടുംബത്തിന്റെ ആരോപണങ്ങള്‍ തളളി ആണ്‍സുഹൃത്ത്. 40 കാരിയായ റസീനയുമായി സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടില്ലെന്നും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ആണ്‍സുഹൃത്ത് പൊലീസില്‍ മൊഴി നല്‍കി. ഇന്‍സ്റ്റഗ്രാം വഴിയാണ് റസീനയെ പരിചയപ്പെട്ടതെന്നും ആണ്‍സുഹൃത്ത് പറഞ്ഞു. ഇന്ന് രാവിലെയാണ് ഇയാള്‍ പിണറായി പൊലീസ് സ്റ്റേഷനില്‍ സ്വമേധയാ ഹാജരായത്.
സദാചാര ഗുണ്ടായിസത്തില്‍ മനംനൊന്താണ് റസീന ജീവനൊടുക്കിതയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അതുകൊണ്ടുത്തന്നെ ഈ കേസില്‍ ആണ്‍സുഹൃത്തിന്റെ മൊഴി നിര്‍ണായകമാകും. സംഭവത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകരായ വിസി മുബഷിര്‍, കെഎ ഫൈസല്‍, വികെ റഫ്‌നാസ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവര്‍ക്കെതിരെ പൊലീസ് ആത്മഹത്യപ്രേരണക്കുറ്റവും ചുമത്തിയിട്ടുണ്ട്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് റസീനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപത്ത് നിന്ന് ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുള്ള മൂന്നുപേരെ പിടികൂടിയത്. ഞായറാഴ്ച വൈകിട്ട് മൂന്നോടെ കായലോട് അച്ചങ്കര പള്ളിക്ക് സമീപം കാറിനരികില്‍ റസീന സുഹൃത്തിനോട് സംസാരിച്ച് നില്‍ക്കുന്നത് അറസ്റ്റിലായവര്‍ ഉള്‍പ്പെടെയുള്ള സംഘം ചോദ്യം ചെയ്തിരുന്നു. യുവതിയെ വീട്ടിലേക്ക് പറഞ്ഞയച്ച ശേഷം മയ്യില്‍ സ്വദേശിയായ സുഹൃത്തിനെ കയ്യേറ്റം ചെയ്യുകയും സമീപത്തുള്ള മൈതാനത്തേക്ക് കൊണ്ടുപോവുകയുമായിരുന്നു.
അഞ്ച് മണിക്കൂറോളം യുവാവിനെ തടഞ്ഞുവച്ച സംഘം മൊബൈല്‍ ഫോണും ടാബും പിടിച്ചെടുത്ത് എട്ടരയോടെ എസ്ഡിപിഐ ഓഫീസിലെത്തിച്ചു. റസീനയുടെയും യുവാവിന്റെയും ബന്ധുക്കളെ ഓഫീസിലേക്ക് വിളിച്ചുവരുത്തി. രാത്രി ഏറെ വൈകിയാണ് യുവാവിനെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചതെന്നുമുള്ള വിവരം നേരത്തേ പുറത്തുവന്നിരുന്നു. യുവാവിന്റെ മൊബൈല്‍ ഫോണും ടാബും പ്രതികളില്‍ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
ഇതിനിടയില്‍ റസീനയുടെ കുടുംബം ആണ്‍സുഹൃത്തിനെതിരെ രംഗത്തെത്തിയിരുന്നു. റസീനയുടെ പണവും സ്വര്‍ണവും തട്ടിയെടുത്തത് ആണ്‍സുഹൃത്താണെന്നും അറസ്റ്റിലായവര്‍ നിരപരാധികളാണെന്നുമാണ് മാതാവ് ഫാത്തിമ വെളിപ്പെടുത്തിയത്. കുടുംബത്തിന്റെ ആരോപണങ്ങളെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.