‘ട്രംപിന് സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം നല്‍കണം’, ഔദ്യോഗികമായി ശുപാര്‍ശ ചെയ്ത് പാകിസ്ഥാന്‍

പാകിസ്ഥാന്‍-ഇന്ത്യ സംഘര്‍ഷങ്ങളില്‍ പ്രസിഡന്റ് ട്രംപ് നടപ്പാക്കിയ പ്രായോഗിക നയതന്ത്രം ഫലപ്രദമായ സമാധാനം സ്ഥാപിക്കാന്‍ സഹായിച്ചെന്നും പാകിസ്ഥാന്‍ ചൂണ്ടിക്കാട്ടുന്നു. കശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍ തയ്യാറാണെന്ന ട്രംപിന്റെ വാഗ്ദാനങ്ങളെ പാകിസ്ഥാന്‍ സ്വാഗതം ചെയ്യുന്നു, ഇത് അഭിനന്ദനാര്‍ഹമാണെന്നും പാകിസ്ഥാന്‍ ചൂണ്ടിക്കാട്ടുന്നു.
പാകിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ അസിം മുനീറിന്റെ യുഎസ് സന്ദര്‍ശനത്തിന് പിന്നാലെയാണ് പാകിസ്ഥാന്‍ ട്രംപ് അനുകൂല നിലപാട് ശക്തമാക്കുന്നത്. അഞ്ച് ദിവസത്തെ യുഎസ് സന്ദര്‍ശനത്തിന് എത്തിയ പാക് സൈനിക മേധാവി ജനറല്‍ അസിം മുനീറിന് വൈറ്റ് ഹൗസില്‍ ഉച്ചഭക്ഷണം ഒരുക്കിയായിരുന്നു ട്രംപ് സ്വീകരിച്ചത്. മുതിര്‍ന്ന സിവിലിയന്‍ ഉദ്യോഗസ്ഥരില്ലാതെ ഒരു യുഎസ് പ്രസിഡന്റും പാക്കിസ്ഥാന്‍ സൈനിക മേധാവിയും തമ്മിലുള്ള ആദ്യത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്.

താന്‍ നൊബേല്‍ സമ്മാനത്തിന് അര്‍ഹനാണെന്ന് ട്രംപും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ”എനിക്ക് അത് നാലോ അഞ്ചോ തവണ നൊബേല്‍ പുരസ്‌കാരം ലഭിക്കേണ്ടതായിരുന്നു, അവര്‍ എനിക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കില്ല, കാരണം അവര്‍ അത് ലിബറലുകള്‍ക്ക് മാത്രമേ നല്‍കുന്നുള്ളൂ.’ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.