Breaking NewsIndiaLead NewsLIFENEWSNewsthen SpecialWorld

ഇറാനു ചുറ്റും സൈനിക വല നെയ്ത് അമേരിക്ക; ഗള്‍ഫ് രാജ്യങ്ങളിലെ വ്യോമ താവളങ്ങളില്‍ ഒരുക്കം തകൃതി; രണ്ടു യുദ്ധക്കപ്പലുകള്‍ തീരത്ത്; ബി-52 ബോംബറുകളുടെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്; ബങ്കര്‍ ബസ്റ്ററുകളുമായി ബി-2 സ്‌റ്റെല്‍ത്ത് വിമാനങ്ങള്‍; ഇസ്രയേല്‍ ആണവായുധം ഉപയോഗിക്കുമെന്നും അഭ്യൂഹം

വാഷിംഗ്ടണ്‍ പശ്ചിമേഷ്യയിലേക്ക് എഫ്16, എഫ്22, എഫ് 35 ഉള്‍പ്പെടെ കൂടുതല്‍ യുദ്ധ വിമാനങ്ങളുടെ വിന്യാസം ആരംഭിച്ചിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്. ഇവിടേക്കെത്താന്‍ സാധ്യതയുള്ള ഇറാന്റെ ഡ്രോണുകളെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങളും തയറാക്കുന്നുണ്ട്

ന്യൂയോര്‍ക്ക്: ഒരാഴ്ചയായി തുടരുന്ന ഇസ്രയേല്‍- ഇറാന്‍ യുദ്ധം പശ്ചിമേഷ്യയെ ആകെ കൊടിയ സംഘര്‍ഷത്തിലേക്കു തള്ളി വിട്ടിരിക്കുകയാണ്. അറബ് രാജ്യങ്ങളിലെല്ലാം നേവല്‍ ബേസകളുള്ള അമേരിക്കയും ഇപ്പോള്‍ യുദ്ധത്തില്‍ ഇടപെടുമെന്ന് അറിയിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നു വ്യക്തമാക്കിയതോടെ ആണവ വിഷയത്തില്‍ ചര്‍ച്ചയ്ക്കില്ലെന്ന് ഇറാനും വ്യക്തമാക്കി.

ഇറാന്റെ ആകാശമാകെ നൂറുകണക്കിന് ഇസ്രയേല്‍ പോര്‍ വിമാനങ്ങള്‍കൊണ്ടു നിറഞ്ഞിരിക്കുകയാണ്. ഇറാന്റെ നീക്കങ്ങള്‍ തത്സമയം വീക്ഷിക്കാന്‍ ഉപഗ്രഹങ്ങളടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഇസ്രയേലിന്റെ നീക്കം. ഓരോവട്ടവും ബാലിസ്റ്റിക് ലോഞ്ചറുകള്‍ പുറം ലോകത്തെത്തുമ്പോള്‍ ഒന്നൊന്നായി തകര്‍ക്കാനും ഇസ്രയേലിനെ സഹായിക്കുന്നത് ഉപഗ്രഹങ്ങളില്‍നിന്നുള്ള തത്സമയ മിഴിവാര്‍ന്ന ദൃശ്യങ്ങളാണ്. ഇവ തകര്‍ക്കുന്നതിന്റെ വീഡിയോകളും ഇസ്രയേല്‍ പുറത്തുവിട്ടിട്ടുണ്ട്.

Signature-ad

എങ്കിലും ഇറാനില്‍നിന്നുള്ള മിസൈല്‍ പ്രവാഹത്തിനു കുറവുണ്ടാകാത്ത സാഹചര്യത്തില്‍ അമേരിക്കയുടെ ഇടപെടല്‍ ഉണ്ടാകുമെന്ന് ഏറെക്കുറെ വ്യക്തമാണ്. ആണവ സമ്പുഷ്ടീകരണം ആയുധനിര്‍മാണത്തിന് ഉപയോഗിക്കില്ലെന്ന് ഇറാനെകൊണ്ട് ഉറപ്പുവാങ്ങുന്നതിന് ഒമാനില്‍ നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടു.

അമേരിക്കയുടെ ആവശ്യങ്ങള്‍ക്ക് ഇറാന്‍ വഴങ്ങുന്നില്ലെന്ന യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിന്റെ വാക്കുകള്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിശ്വാസത്തിലെടുത്തു. കരാറിലെത്തിച്ചേരാന്‍ ഇറാന് കൊടുത്ത 60 ദിവസത്തെ കാലാവധി അവസാനിച്ചു. അറുപത്തൊന്നാം ദിവസത്തിലെത്തും മുന്‍പ് മധ്യപൂര്‍വദേശത്തെ യുഎസ് സൈനികത്താവളങ്ങളെലെല്ലാം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കുമെന്ന് അറിയിച്ചെങ്കിലും ഇത് ഒന്നൊന്നായി സന്നാഹങ്ങള്‍ അടുപ്പിക്കാനുള്ള സമയപരിധിയെന്നാണു വിലയിരുത്തല്‍. പ്രദേശത്ത് അമേരിക്കയുടെ സൈനിക സന്നാങ്ങള്‍ ക്രമാനുഗതമായി വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

വ്യോമാക്രമണങ്ങളില്‍ അമേരിക്ക നേരിട്ടു പങ്കാളിയാകുന്നതിന്റെ ഭാഗമായി പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെല്ലാമുള്ള നിരവധി താവളങ്ങളിലെല്ലാം ഒരുക്കങ്ങളാരംഭിക്കാനാണു നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇവയെയെല്ലാം ഇറാനും തിരിച്ചടിയുടെ ഭാഗമായി ആക്രമിക്കുമെന്ന ഭീതിയുമുണ്ട്. ഇറാന്റെ മിസൈലുകള്‍ സൈനിക താവളങ്ങളില്‍ മാത്രമാകില്ല പതിക്കുക. പകരം, ഇറാഖ്, കുവൈത്ത്, ഖത്തര്‍, യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളിലുള്ള ഒന്നിലേറെ താവങ്ങള്‍ക്കരികിലുള്ള ജനവാസ മേഖലകളിലും പതിക്കാന്‍ സാധ്യതയുള്ളതിനാല്‍ പശ്ചിമേഷ്യയായെ ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ കടുത്ത യുദ്ധ ഭീതിയിലാണ്.

ഇറാന്റെ ഏതെങ്കിലും ആക്രമണത്തിനു സാധ്യതയുള്ള താവളങ്ങളില്‍നിന്ന് ചില വിമാനങ്ങളും തുറമുഖങ്ങളില്‍നിന്ന് ചില കപ്പലുകളും ഇതിനകം നീക്കിയെന്ന്‌രണ്ട് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോടു വ്യക്തമാക്കി. ദോഹയ്ക്ക് പുറത്തുള്ള മരുഭൂമിയില്‍ സ്ഥിതി ചെയ്യുന്ന മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ യുഎസ് സൈനിക കേന്ദ്രമായ ഖത്തറിലെ അല്‍ ഉദൈദ് വ്യോമതാവളത്തിലേക്ക് പ്രവേശിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്കും വിലക്കേര്‍പ്പെടുത്തി. ഖത്തറിലെ യുഎസ് എംബസിയാണു മുന്നറിപ്പു പുറത്തിറക്കിയിരിക്കുന്നത്.

ഠ കൂടുതല്‍ യുദ്ധ വിമാനങ്ങള്‍

വാഷിംഗ്ടണ്‍ പശ്ചിമേഷ്യയിലേക്ക് എഫ്16, എഫ്22, എഫ് 35 ഉള്‍പ്പെടെ കൂടുതല്‍ യുദ്ധ വിമാനങ്ങളുടെ വിന്യാസം ആരംഭിച്ചിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്. ഇവിടേക്കെത്താന്‍ സാധ്യതയുള്ള ഇറാന്റെ ഡ്രോണുകളെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങളും തയറാക്കുന്നുണ്ട്. മുന്നൊരുക്കങ്ങളുടെ ഭാഗമായി യൂറോപ്പിലുള്ള ബേസുകളിലേക്കു കൂടുതല്‍ ടാങ്കര്‍ വിമാനങ്ങള്‍ അയച്ചിട്ടുണ്ട്. ആകാശത്തുവച്ച് യുദ്ധവിമാനങ്ങളില്‍ എണ്ണ നിറയ്ക്കുന്നതിനാണ് ഇവ ഉപയോഗിക്കുന്നത്.

അമേരിക്കാന്‍ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് നിമിറ്റ്‌സിനെ നേരത്തേതന്നെ പശ്ചിമേഷ്യയിലേക്കു വഴിതിരിച്ചുവിട്ടിരുന്നു. ഇറാനു സമീപം നിലയുറപ്പിച്ച യുഎസ്എസ് കാള്‍ വില്‍സണൊപ്പം ഇതും ചേര്‍ന്നിട്ടുണ്ട്. ബ്രിട്ടന്റെയും അമേരിക്കയുടെയും സംയുക്ത എയര്‍ബേസായ ചാഗോസ് ദ്വീപിലുള്ള ഡീഗോ ഗാര്‍സിയയില്‍ ബി-52 ബോംബര്‍ ജെറ്റുകള്‍ എത്തിയതിന്റെ ഉപഗ്രഹ ചിത്രങ്ങളും ഇതിനകം പുറത്തുവന്നിട്ടുണ്ട്.

ഠ ലക്ഷ്യം നേടുന്നതിന് അമേരിക്കന്‍ സഹായം എന്തുകൊണ്ട്?

നിലവില്‍ വ്യോമ പ്രതിരോധങ്ങളെയെല്ലാം നശിപ്പിച്ചതിനാല്‍ ഇസ്രയേല്‍ വിമാനങ്ങള്‍ക്ക് ഇറാന്റെ ആകാശത്ത് പ്രതിസന്ധികളില്ലാതെ പറക്കാന്‍ കഴിയുന്നുണ്ട്. എന്നാല്‍, ഫോര്‍ദോയിലെ ആണനിലയങ്ങള്‍പോലെ ഭൂമിയില്‍നിന്ന് പര്‍വതശിഖരങ്ങള്‍ക്കിടയില്‍ നൂറുമീറ്റര്‍വരെ ആഴത്തില്‍ നിര്‍മിച്ചിട്ടുള്ള ലക്ഷ്യങ്ങള്‍ ഭേദിക്കാനുള്ള ശേഷിയുള്ള ആയുധങ്ങള്‍ ഇസ്രയേലിന്റെ പക്കലില്ല. ഇതിന് അമേരിക്കന്‍ സഹായം കൂടിയേ തീരൂ.

രൂക്ഷമായ ആക്രമണങ്ങള്‍ നടത്തിയിട്ടും ഇറാന്റെ ഫോര്‍ദോ ആണവ നിലയത്തിനു പോറലേല്‍പ്പിക്കാന്‍ പോലും ഇസ്രയേലിനു കഴിഞ്ഞിട്ടില്ലെന്നു വിദഗ്ധര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. അമേരിക്കയുടെ സഹായമില്ലെങ്കില്‍ ഇവിടേക്ക് കമാന്‍ഡോ ഓപ്പറേഷന്‍ അല്ലാതെ മറ്റു മാര്‍ഗങ്ങളില്ല. അതുപക്ഷേ, ഇസ്രയേലിനെ സംബന്ധിച്ച് ഏറെ സാഹസികമാകും. കാരണം അത്രയും കരുത്തുറ്റ കരസേനയുടെ കാവലിലാണ് ഇവിടം. യുറേനിയത്തിന്റെ അറുപതു ശതമാനംവരെ സമ്പുഷ്ടീകരിച്ചത് ഇവിടെയാണെന്നാണു റിപ്പോര്‍ട്ട്. ആണവായുധങ്ങള്‍ നിര്‍മിക്കാന്‍ ഇതുപയോഗിക്കാന്‍ കഴിയും. അമേരിക്കയുടെ പക്കലുള്ള അതിശക്തമായ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ക്കും ഇവിടെ തുരന്നുതുരന്ന് എത്തിച്ചേരുക പ്രയാസമാണ്.

നതാന്‍സിലുള്ള ആണവ സമ്പുഷ്ടീകരണ കേന്ദ്രം ഫോര്‍ദോവിനെക്കാള്‍ ആഴത്തിലാണുള്ളതെങ്കിലും ആദ്യഘട്ടത്തില്‍ നടത്തിയ ആക്രമണത്തില്‍ പ്ലാന്റിലേക്കുള്ള വൈദ്യുതി സംവിധാനങ്ങളെ നശിപ്പിക്കാന്‍ ഇസ്രയേലിനു കഴിഞ്ഞു. ഇത് സെന്‍ട്രിഫ്യൂജുകളുടെ പ്രവര്‍ത്തനം താറുമാറാക്കിയിട്ടുണ്ട്. എങ്കിലും പ്ലാന്റ് പൂര്‍ണമായും നശിപ്പിക്കാന്‍ ഇസ്രയേലിന്റെ വ്യോമസേന നടത്തുന്ന ആക്രമണങ്ങള്‍കൊണ്ടു കഴിയില്ലെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഠ ബി-2 സ്പിരിരിറ്റ് സ്‌റ്റെല്‍ത്ത് ബോംബര്‍

ഫോര്‍ദോ പോലുള്ള കേന്ദ്രങ്ങളെ തകര്‍ക്കാന്‍ അമേരിക്ക തീരുമാനിച്ചാല്‍ സൈന്യത്തിന്റെ ബി 2 സ്പിരിറ്റ് സ്‌റ്റെല്‍ത്ത് ബോംബറുകള്‍ ഉപയോഗിക്കേണ്ടിവരും. കൂടുതല്‍ ആഴത്തിലുള്ള കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള തരത്തിലാണ് ഈ ബോംബറുകളുടെ നിര്‍മാണം. വലിയ പേലോഡുകള്‍ വഹിക്കാനും ഇവയ്ക്കു ശേഷിയുണ്ട്. ഇതില്‍ രണ്ട് ജിബിയു 57എ/ബി എംഒപി (മാസിവ് ഓര്‍ഡനന്‍സ് പെനട്രേറ്റര്‍), 30,000 പൗണ്ട് ഭാരമുള്ള പ്രിസിഷന്‍-ഗൈഡഡ് ‘ബങ്കര്‍ ബസ്റ്റര്‍’ ബോംബ് എന്നിവ ഉള്‍പ്പെടുന്നു.

അമേരിക്കയുടെ ആയുധപ്പുരയിലെ ഏറ്റവും പരമ്പരാഗത ബോംബാണ് എംഒപി. കാഠിന്യമേറിയ ഭൂഗര്‍ഭ കേന്ദ്രങ്ങളെ തകര്‍ക്കാന്‍ പ്രത്യേകം രൂപകല്‍പന ചെയ്തതാണ് ഇവ. ഇതിന്റെ അസാധാരണമായ വലുപ്പം ബങ്കറുകളിലേക്കു തുരന്നുചെന്നെത്തി സ്‌ഫോടനം നടത്താനുള്ള ശേഷി നല്‍കുന്നു. 20.5 അടി നീളവും ജിപിഎസിന്റെ സഹായത്താല്‍ ഏറ്റവും കൃത്യതയുള്ള ഓപ്പറേഷനുകള്‍ നടത്താനും ശേഷി നല്‍കുന്ന തരത്തിലാണ് ഇവയുടെ നിര്‍മാണം. കാഠിന്യമേറിയ കോണ്‍ക്രീറ്റിലൂടെ 60 മീറ്ററില്‍ കൂടുതല്‍ (200 അടി) തുളഞ്ഞു കയറുന്നതിന് ഇതിനു കഴിയും. ലോകത്തെ ഏറ്റവും സുരക്ഷിതമായ ഭൂഗര്‍ഭ കേന്ദ്രങ്ങള്‍പോലും ഇതിന്റെ പരിധിക്കുള്ളിലാണ്. പക്ഷേ, ഫോര്‍ദോ ഭൗമോപരിതലത്തില്‍നിന്ന് നൂറടിയോളം ആഴത്തിലാണു നിര്‍മിച്ചിരിക്കുന്നത്. സ്വഭാവികമായ പാറക്കെട്ടുകള്‍ക്കുള്ളില്‍ കനത്ത കോണ്‍ക്രീറ്റ് പാളികളാല്‍ ബലപ്പെടുത്തിയ കേന്ദ്രം തകര്‍ക്കാന്‍ ഒന്നിലധികം ബോംബുകള്‍ തുടര്‍ച്ചയായി വിക്ഷേപിക്കേണ്ടിവരും.

എന്നാല്‍, 2012ലെ കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ് റിപ്പോര്‍ട്ട് അനുസരിച്ച് സെന്‍ട്രിഫ്യൂജുകളെ നശിപ്പിക്കാനോ കേടുപാടുണ്ടാക്കാനോ ഇവിടേക്കു പൂര്‍ണമായും എത്തിച്ചേരേണ്ടതില്ല. പക്ഷേ, അപ്പോഴും ബോംബുകളുടെ ആഘാതത്തില്‍നിന്ന് സുരക്ഷയൊരുക്കാന്‍ എന്തൊക്കെ വേര്‍തിരിവുകള്‍ ഒരുക്കിയിട്ടുണ്ടെന്ന് അറിയേണ്ടിവരും. എങ്കിലും കേന്ദ്രം പൂര്‍ണമായി തകര്‍ക്കുകയെന്നത് ഈ ബോംബുകള്‍ക്കും സാധ്യമാകണമെന്നില്ലെന്ന് വിദഗ്ധര്‍ പറയുന്നു.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആക്രമണത്തില്‍ പങ്കുചേരാന്‍ തീരുമാനിച്ചാല്‍, ഏറ്റവും ഭാരമേറിയ യുഎസ് ബങ്കര്‍ തകര്‍ക്കുന്ന ബോംബുകള്‍ പോലും ഇറാന്റെ ആഴമേറിയ സ്ഥലങ്ങളിലേക്ക് തുളച്ചുകയറാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് ലണ്ടനിലെ കിംഗ്‌സ് കോളേജിലെ സ്‌കൂള്‍ ഓഫ് സെക്യൂരിറ്റി സ്റ്റഡീസിലെ സീനിയര്‍ ലക്ചറര്‍ ആന്‍ഡ്രിയാസ് ക്രീഗ് പറഞ്ഞു. സൗകര്യങ്ങള്‍ പൂര്‍ണ്ണമായും നശിപ്പിക്കാന്‍ പ്രത്യേക കമാന്‍ഡോ ശൈലിയിലുള്ള സേനയെ ആവശ്യമായി വന്നേക്കാം.

ഠ ഇസ്രായേല്‍ ആണവായുധങ്ങള്‍ ഉപയോഗിക്കുമോ?

സംഘര്‍ഷത്തിനിടയില്‍ ഇസ്രായേല്‍ ആണവായുധങ്ങള്‍ ഉപയോഗിച്ച് പ്രതികരിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. സ്‌റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഇസ്രായേലിന് ഏകദേശം 90 ആണവ പോര്‍മുനകള്‍ ഉണ്ട്. ഇറാനില്‍നിന്നുള്ള തുടര്‍ച്ചയായ മിസൈല്‍ ആക്രമണങ്ങള്‍ക്കിടയില്‍ നെതന്യാഹു ആണവ പോര്‍മുനകള്‍ ഉപയോഗിച്ചേക്കാമെന്ന അഭ്യൂഹമാണ് ഉയരുന്നത്. ‘ഇറാന്‍ പിന്‍മാറിയില്ലെങ്കില്‍ ആണവ പോര്‍മുനകള്‍ ഉപയോഗിക്കുമെന്ന കാര്യത്തില്‍ നെതന്യാഹുവുവിനും ട്രംപിനും സംശയമില്ല’ എന്നു പ്രതിരോധ വിദഗ്ധനും ഇന്ത്യന്‍ വ്യോമസേനയിലെ മുന്‍ വിദഗ്ധനുമായ വീജയീന്ദര്‍ കെ. താക്കൂര്‍ എക്‌സില്‍ എഴുതിയതും ചര്‍ച്ചയാകുന്നുണ്ട്. ഇസ്രയേല്‍ തങ്ങളുടെ രാജ്യത്തേക്ക് ഇറാനിയന്‍ മിസൈലുകള്‍ മനപ്പൂര്‍ വം കടത്തിവിടുന്നതാണ് എന്നാണ്. ഇസ്രയേലിന്റെ കടുത്ത പ്രതികാര നടപടികളെ ന്യായീകരിക്കാന്‍ ഇതാണു മികച്ച മാര്‍ഗമെന്ന നിലയിലാണ് അറിഞ്ഞുകൊണ്ടുള്ള ഈ ‘അടിയേല്‍ക്കല്‍’ എന്നും ചില വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരമൊരു നീക്കത്തിന് അമേരിക്കയുടെ അനുമതി വേണ്ടതിനാല്‍ ഏറെക്കുറേ അസാധ്യമാണെന്നു വിലയിരുത്തുന്നവരുമുണ്ട്. ഇസ്രയേല്‍ ആണവായുധങ്ങള്‍ ഉപയോഗിക്കുന്നത് കൂടുതല്‍ ഒറ്റപ്പെടലിനു മാത്രമേ സഹായിക്കൂ എന്നും ചിലര്‍ വിലയിരുത്തുന്നു.

ഠ പാകിസ്താന്റെ സഹായം

ഇസ്രയേല്‍ ആണവായുധങ്ങള്‍ ഉപയോഗിച്ചാല്‍ തിരിച്ചടിക്കാന്‍ സഹായിക്കുമെന്ന് പാകിസ്താന്‍ അറിയിച്ചതായി ഇറാന്‍ ഐആര്‍ജിസിയിലെ മേജര്‍ ജനറല്‍ മൊഹ്‌സെന്‍ റെസായി ദേശീയ ടെലിവിഷനിലൂടെ പറഞ്ഞതിന്റെ പൊരുളിനെച്ചൊല്ലിയും ആശങ്കയുണ്ട്. എന്നാല്‍, ട്രംപുമായി നടത്തിയ ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഇതിനു സാധ്യത കുറവാണ്. പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനെയും മുഖവിലയ്‌ക്കെടുക്കേണ്ടതില്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്. സൈന്യത്തിന്റെ അനുമതിയില്ലാതെ ഒരു നീക്കവും പാകിസ്താനില്‍ സാധ്യമല്ല. അസിം മുനീറാകട്ടെ പാകിസ്താന്‍ മണ്ണില്‍ അമേരിക്കന്‍ ഓപ്പറേഷനു തത്വത്തില്‍ അനുമതി നല്‍കിയിട്ടുമുണ്ട്.

Back to top button
error: